"'അമ്പിളി' ഒരു നിഷ്കളങ്കമായ സിനിമയാണ്.."
"അതെന്താണ് രാഘവാ ഈ നിഷ്കളങ്കമായ സിനിമ!"
"ഒരു സിനിമയിലെ കഥാപാത്രങ്ങളൊന്നും ദുഷ്ടവിചാരത്തോടെ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത സിനിമ.. ഈ കഥയില്‍ ഒരു വില്ലന്‍ ഇല്ല!! ഞാന്‍ കഥ പറയുമ്പോള്‍ തനിക്കതു മനസ്സിലാകും.."
"എന്നാല്‍ കഥ പറ.."
"കാശ്മീരില്‍ മിലിട്ടറി ഉദ്യോഗസ്ഥരായ രണ്ടു പേര്‍; ഗണപതിയും കുര്യനും; കുടുംബത്തോടൊപ്പം അടുത്തടുത്തു താമസിക്കുന്നു. ഗണപതിക്ക് ഒരു മകന്‍ - 'അമ്പിളി'. കുര്യന് രണ്ടു മക്കള്‍. മൂത്തത് ടീന. ഇളയവന്‍ ബോബി. ഇവര്‍ മൂന്നുപേരും കളിക്കൂട്ടുകാരായിരുന്നു. കുഞ്ഞുന്നാള്‍ മുതലേ അമ്പിളിക്ക് ടീനയോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. ടീനയ്ക്ക് തിരിച്ചും. ആ ഇഷ്ടം വളര്‍ന്നു വലുതായപ്പോഴും അവര്‍ കാത്തുസൂക്ഷിച്ചു. ടീന ഇപ്പോള്‍ ഡല്‍ഹിയില്‍ നഴ്സ് ആണ്. കുടുംബാംഗങ്ങളുടെ മരണത്തോടെ ഒറ്റയ്ക്കായ അമ്പിളി നാട്ടിലും. എങ്കിലും അവര്‍ വീഡിയോ കോളിലൂടെ നിത്യവും തങ്ങളുടെ ഇഷ്ടം പങ്കുവച്ചിരുന്നു.
പ്രായമായിട്ടും ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കനാണ് അമ്പിളി. കട്ടപ്പനയിലെ നാട്ടുകാര്‍ക്കൊക്കെ അവന്‍ പ്രിയങ്കരനാണ്. സൌബിന്‍ എന്ന നടന്റെ കരിയറിലെ അവിസ്മരണീയമായ ഒരു കഥാപാത്രമായിരിക്കും 'അമ്പിളി' എന്നതില്‍ സംശയമില്ല. കാരണം സൌബിന്‍ അമ്പിളിയെ അത്രമേല്‍ ഹൃദയസ്പര്‍ശിയാക്കിയിരിക്കുന്നു. കാപട്യവും പൊയ്മുഖങ്ങളും നിറഞ്ഞ ലോകത്ത് ഇവയൊന്നും ഇല്ലാതെ നിലനില്‍ക്കുന്ന അമ്പിളി വേറിട്ട ഒരു കാഴ്ചയാണ്.
തന്റെ കളിക്കൂട്ടുകാരനായ ബോബി ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു സൈക്കിളിസ്റ്റ് ആയി മാറിയിരിക്കുന്നു. ബോബിക്ക് നാട്ടിലൊരു സ്വീകരണം കൊടുക്കാന്‍ അമ്പിളി നേതൃത്വം വഹിക്കുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന ബോബിക്ക് അമ്പിളിയുടെ സ്നേഹമോ അവന്റെ പെരുമാറ്റമോ ഹൃദ്യമായി തോന്നിയില്ല. അവന്‍ അമ്പിളിയെ കഴിവതും ഒഴിവാക്കാനാണു ശ്രമിക്കുന്നത്.
ഇതിനിടയില്‍ അവധിയെടുത്ത് ടീനയും നാട്ടിലെത്തുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നേരില്‍ കാണുന്ന അമ്പിളിയും ടീനയും.. അവരുടെ സ്നേഹം മുഴുവനും മനോഹരമായ ഒരു പാട്ടിലോതുക്കി സംവിധായകന്‍.
"ആരാധികേ..
മഞ്ഞുതിരും വഴിയരികേ..
നാളേറെയായ്..
കാത്തുനിന്നു മിഴി നിറയേ..
നീയെങ്ങു പോകിലും അകലേയ്ക്ക് മായിലും
എന്നാശകള്‍ തന്‍ മണ്‍തോണിയുമായ്
തുഴഞ്ഞരികേ ഞാന്‍ വരാം
എന്റെ നെഞ്ചാകെ നീയല്ലേ..
എന്റെ ഉന്മാദം നീയല്ലേ..
നിന്നെയറിയാന്‍ ഉള്ളു നിറയാന്‍
ഒഴുകിയൊഴുകി ഞാന്‍
ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ.."
വീട്ടില്‍ വിവാഹാലോചന തുടങ്ങിയപ്പോള്‍ ടീന അമ്പിളിയെ ഇഷ്ടമാണെന്ന് അറിയിക്കുന്നു. പക്ഷേ ബോബിക്ക് ആ ബന്ധം ഒട്ടും ഇഷ്ടമായില്ല. അവന്‍ അമ്പിളിയുടെ വീട്ടിലെത്തി അവനെ തല്ലുന്നു. പിറ്റേന്ന് മുന്‍പു നിശ്ചയിച്ച പ്രകാരം ബോബി കാശ്മീരിലേയ്ക്ക് സൈക്കിളില്‍ ഒരു യാത്ര പുറപ്പെടുന്നു. ആരോടും പറയാതെ അമ്പിളിയും അവനോടൊപ്പം മറ്റൊരു സൈക്കിളില്‍ അവനെ പിന്തുടരുന്നു. ആദ്യമൊക്കെ ബോബി അവനെ ഒഴിവാക്കാന്‍ പല ശ്രമങ്ങളും നടത്തുന്നു. എന്നാല്‍ പിന്നീട് അമ്പിളിയുടെ സ്നേഹവും കരുതലും അവന്റെ മനസ്സ് മാറ്റുന്നു. അവര്‍ കാശ്മീരില്‍ എത്തുമ്പോഴേക്കും ബോബി അമ്പിളിയുടെ പഴയ കളിക്കൂട്ടുകാരനായി മാറിയിരുന്നു. തന്നെ സൈക്കിള്‍ പഠിപ്പിച്ച തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠനായിരുന്ന അമ്പിളിയെ ബോബി മനസ്സിലാക്കുന്നിടത്തു സിനിമ അവസാനിക്കുന്നു."
"നീ പറഞ്ഞതു ശരിയാണ് രാഘവാ.. നിഷ്ക്കളങ്കമായ സിനിമ.. പ്രേക്ഷകരുടെ മനസ്സില്‍ നന്മയുടെ സ്ഫുരണങ്ങള്‍ ഉണര്‍ത്തുന്ന ഇത്തരം സിനിമകളാണ് ഇന്നിന്റെ ആവശ്യം."