Saturday 4 February 2023

The Swimmers

 The Swimmers



യുസ്‌റ മാർഡീനി, സാറാ മാർഡീനി എന്നീ രണ്ടു പെൺകുട്ടികളുടെ അതിജീവനത്തിന്റെ കഥയാണ് "The Swimmers'. അവരുടെ ജീവിതകഥ അഭ്രപാളികളിൽ പകർത്തിയപ്പോൾ മാറ്റൊട്ടും കുറയാതിരിക്കാൻ വളരെ ശ്രദ്ധയോടെ ചെയ്തിരിക്കുന്ന ചിത്രം. ഒരു കായിക താരത്തിന്റെ ജീവിതം പകർത്തിയ സിനിമ എന്നതിനപ്പുറത്ത് അഭയാർത്ഥികളുടെ പ്രശ്നങ്ങളും അവർ അനുഭവിക്കുന്ന വെല്ലുവിളികളും മാനസിക സംഘർഷങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. 


ഈ കഥ തുടങ്ങുന്നത് സിറിയയിലെ ഒരു കുടുംബത്തിൽ നിന്നാണ്. അച്ഛനും അമ്മയും നാലു മക്കളും അടങ്ങുന്ന കുടുംബം. മൂത്ത രണ്ടു പെൺകുട്ടികളും നീന്തൽ താരങ്ങളാണ്. അച്ഛൻ തന്നെയാണ് ആ കുട്ടികളുടെ പരിശീലകനും. അതിൽ യുസ്‌റയിലാണ് അവരുടെയെല്ലാം പ്രതീക്ഷ. 2016 -ലെ റിയോ ഒളിമ്പിക്സിൽ സിറിയയെ പ്രതിനിധാനം ചെയ്യുക എന്നതായിരുന്നു അവരുടെ സ്വപ്‍നം.




യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സിറിയ! ദൂരെ ബോംബുകൾ അനുസ്യൂതം വർഷിക്കപ്പെടുമ്പോഴും ആ കുടുംബം തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഒത്തൊരുമിച്ച്  കഴിഞ്ഞുകൂടി. എന്നാൽ കുട്ടികൾ പരിശീലനം നടത്തിയിരുന്ന സ്റ്റേഡിയത്തിലും ബോംബുകൾ വീണതോടെ ആ മാതാപിതാക്കൾ ഭയന്നു. അങ്ങനെ മക്കളുടെ ഭാവിയെ കരുതി അഭയാർത്ഥികളായി അവരെ യൂറോപ്പിലേക്ക് അയയ്ക്കാൻ അവർ തീരുമാനിക്കുന്നു.



അങ്ങനെ യുസ്‌റയും സാറയും അവരുടെ സഹോദരനും യാത്രതിരിക്കുന്നു. അതിജീവനത്തിന്റെ യാത്ര. ഉദ്ധ്വേഗം നിറഞ്ഞതും വേദനാജനകവുമാണ് ആ യാത്ര. ആദ്യം അവരെത്തുന്നത് ലെബനനിലാണ്. അവിടെനിന്നും തുർക്കിയിലേയ്ക്ക്. പിന്നെ ഗ്രീസിലെ ഒരു ദ്വീപായ ലെസ്ബോസിലേയ്ക്ക് ബോട്ടുമാർഗ്ഗം അവർ യാത്ര ചെയ്യുന്നു. 18 പേർ അടങ്ങിയ ആ സംഘം സഞ്ചരിച്ച ബോട്ട് കടലിൽ വച്ച് നിന്നു പോകുന്നു. യുസ്‌റയും സാറയും കടലിൽ ചാടി ആ ബോട്ട് കെട്ടിവലിച്ചു നീന്തി ഒരുവിധത്തിൽ കരയിലെത്തിക്കുന്നു.




കഷ്ടപ്പാടുകൾ നിറഞ്ഞ ആ യാത്ര ബാൽക്കനും ഹംഗറിയും ഓസ്ട്രിയയും കടന്ന് ജർമ്മനിയിൽ അവസാനിക്കുന്നു. ജർമ്മനിയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് അവസാനം അവർ എത്തിപ്പെടുന്നത്. അവിടെ ഒരു ജർമ്മൻ കോച്ചിന്റെ സഹായത്തോടെ യുസ്‌റ പരിശീലനം ആരംഭിക്കുന്നു. സിറിയയെ  പ്രതിനിധാനം ചെയ്യാൻ സാധിക്കില്ല എന്നുറപ്പായതോടെ മനസ്സില്ലാമനസ്സോടെ അവൾ 'Refugee Olympic Team' -ൽ അംഗമാകുന്നു. തങ്ങളെ പോലെ പല രാജ്യങ്ങളിൽ നിന്നായി പലായനം ചെയ്യുന്ന അഭയാർത്ഥികളെ സഹായിക്കാനായി  സാറ തന്റെ ജീവിതം മാറ്റിവയ്ക്കുന്നു. യുസ്‌റ മാർഡീനി ഒരു ജനതയുടെ മുഴുവൻ അഭിമാനവും നെഞ്ചിലേറ്റി റിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.



സ്വന്തം നാടും വീടും വിട്ട് താൻ സ്നേഹിക്കുന്ന സകലതിനെയും പിന്നിലാക്കി പലായനം ചെയ്യുന്ന ഓരോ ജീവന്റെയും വേദനയാണ് ഈ സിനിമ. ആ പെൺകുട്ടികളുടെ യാത്രയുടെ വിജയം ആഘോഷിക്കപ്പെടുമ്പോഴും വഴിയിൽ കാൽ തെറ്റിവീണ ഒരായിരം പേരുടെ നൊമ്പരങ്ങളും പ്രതീക്ഷകളും എങ്ങുമെത്താതെ മാഞ്ഞുപോകുന്നു. 'Butterfly' എന്ന തന്റെ ആത്മകഥയിൽ താൻ കടന്നു പോയ വഴികളെക്കുറിച്ച് യുസ്‌റ വാചാലയാകുന്നു. നാലു വർഷത്തിനു ശേഷം ടോക്കിയോ ഒളിമ്പിക്സിൽ 'Refugee Olympic Team' -ന്റെ പതാകയേന്തിയത് അവളായിരുന്നു. സാറയും യുസ്രയും യുഎൻ ജനറൽ അസംബ്‌ളിയിൽ പ്രസംഗിച്ചപ്പോൾ ഓരോ അഭയാർത്ഥിയുടെയും പ്രതീക്ഷയാണ് ചിറകുവിരിച്ച് ഉയർന്നു പൊങ്ങിയത്. ഓരോ യുദ്ധവും സൃഷ്ടിക്കുന്നത് അഭയാർത്ഥികളെയാണ് - നാടും വീടും പൗരത്വവും നഷ്‍ടപ്പെട്ട ഒരുപറ്റം മനുഷ്യരെ.