Sunday 22 November 2015

നിർണായകം (2015)


“ശേഖരോ, ഇന്നലെ രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടോ പോകുന്നതു കണ്ടല്ലോ!“

“അതറിഞ്ഞില്ലേ, ഞങ്ങളുടെ പാർട്ടിയുടെ സമ്മേളനമായിരുന്നു. രാഘവാ, തന്നെ വിളിക്കാൻ ഞാൻ വിട്ടുപോയി..”

“വിട്ടതു നന്നായി.. വിളിച്ചിരുന്നെങ്കിലും ഞാൻ വരില്ലായിരുന്നു. എന്നിട്ടു നീ എപ്പൊഴാ തിരിച്ചെത്തിയേ?”

“ഒന്നും പറയണ്ട.. സമ്മേളനം കഴിഞ്ഞു വൻ പ്രകടനമുണ്ടായിരുന്നു. ഒരു മണിക്കൂർ ഞങ്ങൾ നഗരം സ്തംഭിപ്പിച്ചു. ഒരൊറ്റ വണ്ടി കടത്തിവിട്ടില്ല. ജനസമുദ്രമായിരുന്നു. എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ 8 മണിയായി.”

“വയസാം കാലത്തു വീട്ടിലെങ്ങാനും ഇരിക്കാനുള്ളതിനു പ്രകടനത്തിനു പോയിരിക്കുന്നു. എന്താടോ നന്നാവാത്തത്? പലയിടങ്ങളിലേക്കു പല പല കാര്യങ്ങൾക്കായി പോകുന്നവരെ ഒരു മണിക്കൂർ വഴിയിൽ തടഞ്ഞു ബുദ്ധിമുട്ടുണ്ടാക്കിയിട്ടു വീരവാദം പറയാൻ നാണമില്ലല്ലോ! ശേഖരാ, നിങ്ങളുടെ പ്രകടനം പോകുന്നതുവരെ അവിടെ കാത്തുനിന്ന ജനങ്ങളിൽ എത്രപേർ ആശുപത്രികളിലേക്കു പോകുന്നവരുണ്ടാകും, എത്രപേർ പല ജോലികൾക്കായി പോകുന്നവരുണ്ടാകും.. ഇത്രയും പേരെ അവിടെ തടഞ്ഞു വച്ചിട്ട് എന്താണു നിങ്ങൾ നേടിയത്? അല്ലാ, എന്തിനായിരുന്നു പ്രകടനം?”

“അത്, ശക്തിപ്രകടനം..”

“എടോ, ഇതുപോലെയുള്ള നേതാക്കൾക്കു സ്ഥാനമാനങ്ങൾ ഉറപ്പിക്കാനും രാഷ്ട്രീയലാഭങ്ങൾക്കുമായി ഇത്തരം പ്രകടനങ്ങൾ നടത്തുമ്പോൾ നിങ്ങളേപ്പോലെയുള്ള അണികൾ ചിന്തിക്കണം. ഇത്തരം പ്രകടനങ്ങൾ കൊണ്ടു ബുദ്ധിമുട്ടുന്നതു നമ്മളേപ്പോലെയുള്ള സാധാരണക്കാരാണെന്നു മനസ്സിലാക്കണം. നിങ്ങളുടെ നേതാക്കൾക്കോ കുടുംബത്തിനോ എവിടേയ്ക്കു പോകുന്നതിനും ഒരു  തടസ്സവും നേരിടേണ്ടി വരില്ല. സാധാരണക്കാരെ തടഞ്ഞുവച്ചു പോലീസുകാർ അവർക്കു വഴിയൊരുക്കും. നമ്മൾക്ക് ആരു വഴിയൊരുക്കും?”

“അതെല്ലാം ശരി, പക്ഷേ പാർട്ടി വളർത്തണ്ടേ?”

“പാവപ്പെട്ടവന്റെ പെട്ടിക്കടയും സ്ഥാപനങ്ങളും തല്ലിത്തകർത്തും, പൊതുമുതൽ നശിപ്പിച്ചും, ജനജീവിതം സ്തംഭിപ്പിച്ചും, പടിക്കാൻ പോകുന്ന വിദ്യാർത്ഥികളെ തെരുവിലിറക്കി അടിവാങ്ങിക്കൊടുത്തും, യുവാക്കളെ തമ്മിലടിപ്പിച്ചു രക്തസാക്ഷികളെ ഉണ്ടാക്കിയും ആണോടോ പാർട്ടി വളർത്തണ്ടത്? നല്ലതിനു വേണ്ടി നിലകൊള്ളുകയും നല്ലപോലെ പ്രവർത്തിക്കുകയും ചെയ്യുന്നവരോടൊപ്പം ജനങ്ങൾ ഉണ്ടാകും. അങ്ങനെ പാർട്ടി വളരും. അല്ലാതെ തെരുവിലിറങ്ങി ഈ കസർത്തൊക്കെ കാണിച്ചാൽ എങ്ങനെ വളരാനാണു നിങ്ങളുടെ പാർട്ടി?”

“അതു പിന്നെ..”

“ശേഖരാ.. നിങ്ങളേപ്പോലെയുള്ളവർ കണ്ടിരിക്കേണ്ട പടമാണു ‘നിർണായകം’. സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രം. കഥ ഞാൻ ചുരുക്കി പറയാം.. അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കൂടെ ജീവിക്കുന്ന ഒരു പെൺകുട്ടി. അവൾ പടിയിൽ നിന്നു വീണു തലയ്ക്കു മാരകമായ പരിക്കേൽക്കുന്നു. അവളെ സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാൻ പാടുപെടുന്ന അപ്പൂപ്പനായി നെടുമുടി വേണു തകർത്തഭിനയിക്കുന്നു. വഴിയിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രകടനം കാരണം സമയത്തു ഹോസ്പിറ്റല്ലിൽ എത്തിക്കാൻ കഴിയാതെ ആ കുട്ടി മരിക്കുന്നു. അപ്പൂപ്പൻ കേസിനു പോകുന്നു. പല വക്കീലന്മാരുടെ അടുത്തു ചെന്നെങ്കിലും ഫലമുണ്ടായില്ല. അവസാനം ഒരാൾ കേസെടുക്കാൻ തയ്യാറാകുന്നു. കേസൊതുക്കാൻ പല മേഖലകളിൽ നിന്നും സമ്മർദ്ദങ്ങൾ. ഒടുവിൽ നന്മയുടെ ഭാഗം വിജയിക്കുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു പ്രകടനവും പൊതു നിരത്തിൽ പാടില്ല എന്നു വിധിയുണ്ടാകുന്നു.”

“ഉം...”

“ഇതുപോലൊരു വിധി മുൻപ് ഉണ്ടായതു നീ ഓർക്കുന്നോ? അന്ന് എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ.. ജഡ്ജിയെ ശുംഭനെന്നു വിളിക്കുന്നു, എന്നിട്ടു ശുംഭനെ പ്രകാശമുള്ളവനാക്കുന്നു.. അതു സമർത്ഥിക്കാൻ സംസ്കൃത പണ്ഡിതരെ ഹാജരാക്കുന്നു.. സുപ്രീം കോടതി വരെ കേസിനു പോകുന്നു. അവസാനം കേസു തോറ്റു 6 മാസം ജയിലിൽ. ശേഷം ജയിലിൽ നിന്നിറങ്ങിയ ആ നേതാവിനെ തോളിലേറ്റി പ്രകടനമായി അണികൾ. ഈ സിനിമയുടെ അവസാനം നെടുമുടി പറയുന്ന ഒരു ഡയലോഗുണ്ട്. ‘പ്രതിഷേധിക്കാൻ കഴിയാത്തവന്റെ പ്രതിഷേധമാണു മൌനം’. ആ മൌനം പിന്നീടു വാചാലമാകാറുണ്ട്. അപ്പോഴാണു പല പാർട്ടിക്കാരും തെരഞ്ഞെടുപ്പുകളിൽ മൂ‍ക്കുകുത്തുന്നത്.“

“പോട്ടെ രാഘവാ.. നാളെ ഒരു പന്തം കൊളുത്തി പ്രകടനമുണ്ട്. ചെന്നില്ലെങ്കിൽ പ്രശ്നമാണ്. പിന്നെ കാണാം..”

Sunday 8 November 2015

Bhopal: A Prayer for Rain (2014)


“ഭോപ്പാൽ ദുരന്തത്തെക്കുറിച്ചു നീ കേട്ടിട്ടുണ്ടോ ശേഖരാ?”

“പിന്നില്ലാതെ.. ആ സമയം ഞാൻ ഗുജറാത്തിൽ ഒരു പ്ലാന്റിൽ ജോലി ചെയ്യുകയായിരുന്നു. ഞങ്ങളൊക്കെ അന്ന് ഒരു ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം. 1984-ൽ ഭോപ്പാലിലെ കീടനാശിനി ഉണ്ടാക്കുന്ന ഫാക്ടറിയിൽ നിന്നും മീഥൈൽ ഐസോ സയനേറ്റ് (MIC) എന്ന വിഷവാതകം അന്തരീക്ഷത്തിലേക്കു പടർന്നു. ഏകദേശം 4000 പേരാണ് ഒറ്റ രാത്രിയിൽ മരിച്ചുവീണത്. 5 ലക്ഷത്തോളം പേരെ ബാധിച്ച ആ ദുരന്തം ഇന്നും ജീവിച്ചിരിക്കുന്നവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.“

“അതെ.. ആ ദുരന്തത്തിന്റെ ഒരു നേർച്ചിത്രമാണ് ഇന്നലെ ഞാൻ കണ്ട സിനിമ. ഒട്ടും അതിശയോക്തിയില്ലാതെ അപകടത്തിന്റെ ചിത്രം വ്യക്തമായി കാണിക്കുന്നു..”

“ഇന്നും മിക്ക ഫാക്ടറികളിലും ഇതുപോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാ‍ധ്യതകൾ കൂടുതലാണു രാഘവാ..  പല ഫാക്ടറികളിലും അപകടങ്ങളിലൂടെ പാഠം ഉൾക്കൊള്ളുക എന്ന സമീപനമാണ് ഇന്നും സ്വീകരിക്കുന്നത്. അപകടങ്ങളെ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചിലവും ലാഭത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സാമൂഹിക മനസ്സും പലയിടങ്ങളിലും അപകടങ്ങൾ തുടർക്കഥയാക്കുന്നു.”

“ഞാൻ അടുത്തിടയ്ക്ക് ഒരു സംഭവം കേട്ടു. ഒരു ഫാക്ടറിയിൽ ഒരു തൊഴിലാളി യന്ത്രങ്ങൾക്കിടയിൽ പെട്ടു മരിച്ചു. പക്ഷേ ശവം പുറത്തെടുക്കണമെങ്കിൽ മണിക്കൂറുകൾ ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണം. ഭീമമായ നഷ്ടം ഉണ്ടാകും. മരിച്ച ആളുടെ പാവപ്പെട്ട കുടുംബത്തെ മാനേജ്മെന്റ് സമീപിച്ചു. സാധാരണ നൽകാറുള്ള കോമ്പൻസേഷൻ തുകയുടെ ഇരട്ടി നൽകാമെന്നു പറഞ്ഞു സമ്മതിപ്പിച്ചു. ഫാക്ടറി സുഗമമായി ഓടി.. ഇവിടെ ലാഭം മാത്രം ലക്ഷ്യമായ ഒരു സമൂഹമാണുള്ളത്. മുതലാളിമാരെ മാത്രം കുറ്റം പറയാൻ കഴിയില്ല. അധികാര കേന്ദ്രത്തിൽ നിന്നും ഇങ്ങു താഴെത്തട്ടിലുള്ള തൊഴിലാളി പോലും ഇതിൽ ഭാഗമാണ്.”

“ശരിയാ‍ണു രാഘവാ.. മുതലാളിമാർ സ്വാഭാവികമായി ലാഭത്തിൽ കണ്ണുള്ളവർ തന്നെ. അവർക്കു തൊട്ടുതാഴെയുള്ള ഉയർന്ന സ്ഥാനത്തിരിക്കുന്ന തൊഴിലാളികൾ ശമ്പള വർദ്ധനവ്, പ്രമോഷൻ തുടങ്ങിയവയ്ക്കു വേണ്ടി മുതലാളിമാരുടെ ലാഭം വർദ്ധിപ്പിച്ചു പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നു. ഇങ്ങു താഴെ തട്ടിലുള്ള തൊഴിലാളിയോ, അവന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഏതു ജോലി ചെയ്യുന്നതിനും സന്നദ്ധനാകുന്നു.”

“ഈ സിനിമയിലും അങ്ങനെയൊരു വ്യവസ്ഥിതിയെയാണു തുറന്നുകാട്ടുന്നത്. മുതലാളിക്കു ഫാക്ടറിയുടെ ഉത്പാദനം വർദ്ധിപ്പിച്ചു ലാഭം ഉണ്ടാക്കാൻ ആഗ്രഹം. അതിനായി സമയത്തു വേണ്ട അറ്റകുറ്റ പണികൾ നടത്താത്ത ടാങ്കുകളിൽ പരിധിയിൽ കൂടുതൽ വിഷവാതകം ശേഖരിക്കാൻ മേലുദ്യോഗസ്ഥർ നിശ്ചയിക്കുന്നിടത്തു തുടങ്ങി പ്രശ്നങ്ങൾ. കൂടാതെ അപകടം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനുള്ള ശീതീകരണ യൂണിറ്റിന്റെ പ്രവർത്തനവും അല്പലാഭത്തിനായി നിർത്തിവയ്ക്കൂന്നു. ഒരു പരിജ്ഞാനവുമില്ലാത്ത തൊഴിലാളികളെ ചെറിയ ശമ്പളം നൽകി ജോലിക്കായി എടുത്തതും പ്രശ്നമായി. ഇങ്ങനെ പലതരത്തിലുള്ള ഘടകങ്ങൾ ഒന്നിച്ചു ചേർന്നു ദുരന്തത്തിൽ കലാശിച്ചു. വിഷവാതകം ശ്വസിച്ചവരെ രക്ഷിക്കാനുള്ള ഔഷധങ്ങൾ ലഭ്യമല്ലാത്തതും വേണ്ടത്ര പരിചയമില്ലാത്ത ഡോക്ടർമാരും കൂടി ചേർന്നപ്പോൾ ചിത്രം പൂർണ്ണമായി.”

 "ഫാക്ടറികളിൽ മാത്രമല്ല രാഘവാ, ഇന്നത്തെ സമൂഹിക വ്യവസ്ഥ ലാഭത്തിൽ അടിസ്ഥാനപ്പെടുത്തിയാണ്. ഞാൻ ഇന്നലെ എന്റെ വീട്ടിന്റെ തെക്കേലെ ചന്ദ്രനോടു ചോദിച്ചു അവന്റെ നിലം വെറുതെ തരിശാക്കിയിടാതെ വല്ല പച്ചക്കറിയും നട്ടുകിളിപ്പിച്ചൂടെയെന്ന്. അവൻ എടുത്തവായിലെ പറഞ്ഞതു ലാഭമില്ലെന്നായിരുന്നു. വിഷപച്ചക്കറി തിന്നാതെ ശുദ്ധമായതു തിന്നൂടേയെന്നു ചോദിച്ചപ്പോൾ വിഷം തിന്നാലും കുഴപ്പമില്ല ലാഭമില്ലാത്ത പരിപാടിക്ക് അവനില്ലെന്നു മറുപടി. എന്തിനാണു ജീവിക്കുന്നതെന്നുപോലും ഇന്നു പലർക്കും അറിയില്ല. ഈ ലാഭവും പണവുമൊക്കെ സ്വന്തം ശരീരത്തെ സുഖമായി നിലനിർത്താനാണെന്നു പോലും മനസ്സിലാക്കാ‍തെ സ്വയം ബലിയാടായി ലാഭമുണ്ടാക്കുന്നു. എന്നിട്ട് ഉണ്ടാക്കിയ ലാ‍ഭം ആശുപത്രികളിൽ ചിലവാക്കുന്നു.“

“ലാഭവും ലാഭത്തിലെ നഷ്ടവും സമൂഹത്തെ നിയന്ത്രിക്കുന്നു..”

Wednesday 4 November 2015

Enakkul Oruvan (2015)


"രാഘവോ, എന്താ പകലിരുന്നു സ്വപ്നം കാണുവാണോ?”

“സ്വപ്നത്തിന്റെ കാര്യം പറഞ്ഞപ്പൊഴാ ഓർത്തതു ശേഖരാ, ഞാൻ ഇന്നലെ സ്വപ്നത്തെക്കുറിച്ചുള്ള ഒരു സിനിമ കണ്ടു. അതിലൊരു വലിയ സന്ദേശമുണ്ട്.. ‘Your small life is someone's big dream!‘"

“കൊള്ളാമല്ലോ.. എന്താ സംഭവം?”

“നീ സ്വപ്നം കാണാറുണ്ടോ?”

“ഉവ്വ്.. ദിവാസ്വപ്നവും രാത്രിസ്വപ്നവും കാണാറുണ്ട്. ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ പലപ്പോഴും ഉണരുമ്പോഴേക്കും മറന്നുപോകും.. ദിവാ‍സ്വപ്നമാണ് എനിക്കിഷ്ടം.. നമ്മുടെ ഇഷ്ടാനുസരണം ആക്കാം..”

“ പണ്ടൊക്കെ ഞാൻ കണ്ടിരുന്ന സ്വപ്നം വളർന്നു വലുതായി വലിയ ഉദ്യോഗമൊക്കെ കിട്ടി സുഖമായി ജീവിക്കുന്നതിനെക്കുറിച്ചായിരുന്നു.. എന്നാൽ ഇന്ന് നേരെ തിരിച്ചായി! ഒരു ചെറിയ കുട്ടിയായി ഓലപ്പന്തും കുട്ടിയും കൂന്നും ഒക്കെ കളിച്ചു നടക്കുന്നതാണെന്റെ ഇന്നത്തെ സ്വപ്നം..”

“അതുപറഞ്ഞപ്പൊഴാ.. ഇന്നലെ എനിക്കു സ്വപ്നം കണ്ട ഒരുത്തന്റെ വക നെഞ്ചത്തൊരു ചവിട്ടു കിട്ടി.. എന്റെ കൊച്ചുമോന്റെ! രാവിലെ ചോദിച്ചപ്പോൾ അവൻ പറയുവാ, ‘അപ്പൂപ്പൻ എന്തിനാ ഈ ഹൾക്കും സ്പൈഡർമാനും തമ്മിൽ ഇടികൂടുന്നതിനിടയ്ക്കു കയറിയതെന്ന്’.. എന്തോ പറയും! ഇന്നത്തെ പിള്ളാരുടെ സ്വപ്നങ്ങൾ പോലും വ്യത്യസ്തമാണ്..”

“ഈ സിനിമയിലെ നായകൻ ഒരു സെലിബ്രിറ്റിയാണ്. ഒരു നടൻ. മാതാപിതാക്കൾ കുഞ്ഞുന്നാളിലേ മരിച്ചു. ധാരാളം സ്വത്ത്. പക്ഷേ അയാൾക്ക് തന്റെ ജീവിതത്തോട് ഒരു മടുപ്പാണ്. എവിടെ ചെന്നാലും ആളുകൾ.. ഫോട്ടോ എടുപ്പും ബഹളങ്ങളും.. രാത്രിയിൽ കിടന്നാലോ, ഉറക്കവുമില്ല! അങ്ങനെയിരിക്കെ ഒരാൾ ഒരു മരുന്നു നിർദ്ദേശിക്കുന്നു. ലൂസിയ!! അതുകഴിച്ചാൽ നന്നായി ഉറങ്ങും.. പക്ഷേ ഒരു കുഴപ്പമുണ്ട്. സ്വപ്നം കാണും. നമുക്ക് ആരായിത്തീരാനാണ് ആഗ്രഹം, അയാളായി സ്വപ്നത്തിൽ ജീവിക്കാം..”

“കൊള്ളാമല്ലോ മരുന്ന്..”

“അങ്ങനെ നമ്മുടെ നായകൻ ആ മരുന്നു കഴിക്കുന്നു. ഒരു തീയേറ്ററിൽ സീറ്റ് നമ്പർ കാണിച്ചുകൊടുക്കുന്ന ഒരു സാധാരണക്കാരനായി സ്വപ്നത്തിൽ ജീവിക്കുന്നു. തനിക്കു യഥാർത്ഥ ജീവിതത്തിൽ സാധിക്കാത്തതെല്ലാം അയാൾ സ്വപ്നത്തിൽ സാധിക്കുന്നു. സ്വപ്നത്തിലെ അയാളെ ആരും തിരിച്ചറിയില്ല.. സാധാരണക്കാരിൽ സാധാരണക്കാ‍രൻ. തട്ടുകടയിൽ ഇരുന്നു ദോശതിന്നാം.. സൈക്കിളിൽ കറങ്ങാം.. ഒരു സാധാരണക്കാരിയെ പ്രേമിക്കാം.. ജീവിതം ആസ്വദിക്കാം..”

“കഥ കൊള്ളാം.. ഇതിൽ എന്താണു സസ്പെൻസ്?”

“ഇതിൽ ഏതാണു ജീവിതം ഏതാണു സ്വപ്നം എന്ന് അവസാനം വരെ നമുക്കു മനസ്സിലാവില്ല എന്നതാണിതിലെ രസം. സ്വപ്നവും യാഥാർത്ഥ്യവും ഇടകലർത്തി കഥ മുന്നോട്ടു കൊണ്ടുപോകുന്നു.”

“ശരിയാണ്.. ചിന്തിച്ചാൽ ഈ ജീവിതം വളരെ വിചിത്രമാണ്. ഒരു സെലിബ്രിറ്റി, തട്ടുകടയിൽ നിന്നും ചൂടോടെ ഒരു ദോശ തിന്നാൻ കൊതിക്കുമ്പോൾ എന്നും തട്ടുകടയിൽ നിന്നു വെട്ടുന്നവനു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ലോഞ്ചിലിരുന്നു ജ്യൂസു കുടിക്കാൻ മോഹം.. വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം..”