“ശേഖരോ, ഇന്നലെ രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടോ പോകുന്നതു കണ്ടല്ലോ!“
“അതറിഞ്ഞില്ലേ, ഞങ്ങളുടെ പാർട്ടിയുടെ സമ്മേളനമായിരുന്നു. രാഘവാ, തന്നെ വിളിക്കാൻ ഞാൻ വിട്ടുപോയി..”
“വിട്ടതു നന്നായി.. വിളിച്ചിരുന്നെങ്കിലും ഞാൻ വരില്ലായിരുന്നു. എന്നിട്ടു നീ എപ്പൊഴാ തിരിച്ചെത്തിയേ?”
“ഒന്നും പറയണ്ട.. സമ്മേളനം കഴിഞ്ഞു വൻ പ്രകടനമുണ്ടായിരുന്നു. ഒരു മണിക്കൂർ ഞങ്ങൾ നഗരം സ്തംഭിപ്പിച്ചു. ഒരൊറ്റ വണ്ടി കടത്തിവിട്ടില്ല. ജനസമുദ്രമായിരുന്നു. എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ 8 മണിയായി.”
“വയസാം കാലത്തു വീട്ടിലെങ്ങാനും ഇരിക്കാനുള്ളതിനു പ്രകടനത്തിനു പോയിരിക്കുന്നു. എന്താടോ നന്നാവാത്തത്? പലയിടങ്ങളിലേക്കു പല പല കാര്യങ്ങൾക്കായി പോകുന്നവരെ ഒരു മണിക്കൂർ വഴിയിൽ തടഞ്ഞു ബുദ്ധിമുട്ടുണ്ടാക്കിയിട്ടു വീരവാദം പറയാൻ നാണമില്ലല്ലോ! ശേഖരാ, നിങ്ങളുടെ പ്രകടനം പോകുന്നതുവരെ അവിടെ കാത്തുനിന്ന ജനങ്ങളിൽ എത്രപേർ ആശുപത്രികളിലേക്കു പോകുന്നവരുണ്ടാകും, എത്രപേർ പല ജോലികൾക്കായി പോകുന്നവരുണ്ടാകും.. ഇത്രയും പേരെ അവിടെ തടഞ്ഞു വച്ചിട്ട് എന്താണു നിങ്ങൾ നേടിയത്? അല്ലാ, എന്തിനായിരുന്നു പ്രകടനം?”
“അത്, ശക്തിപ്രകടനം..”
“എടോ, ഇതുപോലെയുള്ള നേതാക്കൾക്കു സ്ഥാനമാനങ്ങൾ ഉറപ്പിക്കാനും രാഷ്ട്രീയലാഭങ്ങൾക്കുമായി ഇത്തരം പ്രകടനങ്ങൾ നടത്തുമ്പോൾ നിങ്ങളേപ്പോലെയുള്ള അണികൾ ചിന്തിക്കണം. ഇത്തരം പ്രകടനങ്ങൾ കൊണ്ടു ബുദ്ധിമുട്ടുന്നതു നമ്മളേപ്പോലെയുള്ള സാധാരണക്കാരാണെന്നു മനസ്സിലാക്കണം. നിങ്ങളുടെ നേതാക്കൾക്കോ കുടുംബത്തിനോ എവിടേയ്ക്കു പോകുന്നതിനും ഒരു തടസ്സവും നേരിടേണ്ടി വരില്ല. സാധാരണക്കാരെ തടഞ്ഞുവച്ചു പോലീസുകാർ അവർക്കു വഴിയൊരുക്കും. നമ്മൾക്ക് ആരു വഴിയൊരുക്കും?”
“അതെല്ലാം ശരി, പക്ഷേ പാർട്ടി വളർത്തണ്ടേ?”
“പാവപ്പെട്ടവന്റെ പെട്ടിക്കടയും സ്ഥാപനങ്ങളും തല്ലിത്തകർത്തും, പൊതുമുതൽ നശിപ്പിച്ചും, ജനജീവിതം സ്തംഭിപ്പിച്ചും, പടിക്കാൻ പോകുന്ന വിദ്യാർത്ഥികളെ തെരുവിലിറക്കി അടിവാങ്ങിക്കൊടുത്തും, യുവാക്കളെ തമ്മിലടിപ്പിച്ചു രക്തസാക്ഷികളെ ഉണ്ടാക്കിയും ആണോടോ പാർട്ടി വളർത്തണ്ടത്? നല്ലതിനു വേണ്ടി നിലകൊള്ളുകയും നല്ലപോലെ പ്രവർത്തിക്കുകയും ചെയ്യുന്നവരോടൊപ്പം ജനങ്ങൾ ഉണ്ടാകും. അങ്ങനെ പാർട്ടി വളരും. അല്ലാതെ തെരുവിലിറങ്ങി ഈ കസർത്തൊക്കെ കാണിച്ചാൽ എങ്ങനെ വളരാനാണു നിങ്ങളുടെ പാർട്ടി?”
“അതു പിന്നെ..”
“ശേഖരാ.. നിങ്ങളേപ്പോലെയുള്ളവർ കണ്ടിരിക്കേണ്ട പടമാണു ‘നിർണായകം’. സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രം. കഥ ഞാൻ ചുരുക്കി പറയാം.. അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കൂടെ ജീവിക്കുന്ന ഒരു പെൺകുട്ടി. അവൾ പടിയിൽ നിന്നു വീണു തലയ്ക്കു മാരകമായ പരിക്കേൽക്കുന്നു. അവളെ സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാൻ പാടുപെടുന്ന അപ്പൂപ്പനായി നെടുമുടി വേണു തകർത്തഭിനയിക്കുന്നു. വഴിയിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രകടനം കാരണം സമയത്തു ഹോസ്പിറ്റല്ലിൽ എത്തിക്കാൻ കഴിയാതെ ആ കുട്ടി മരിക്കുന്നു. അപ്പൂപ്പൻ കേസിനു പോകുന്നു. പല വക്കീലന്മാരുടെ അടുത്തു ചെന്നെങ്കിലും ഫലമുണ്ടായില്ല. അവസാനം ഒരാൾ കേസെടുക്കാൻ തയ്യാറാകുന്നു. കേസൊതുക്കാൻ പല മേഖലകളിൽ നിന്നും സമ്മർദ്ദങ്ങൾ. ഒടുവിൽ നന്മയുടെ ഭാഗം വിജയിക്കുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു പ്രകടനവും പൊതു നിരത്തിൽ പാടില്ല എന്നു വിധിയുണ്ടാകുന്നു.”
“ഉം...”
“ഇതുപോലൊരു വിധി മുൻപ് ഉണ്ടായതു നീ ഓർക്കുന്നോ? അന്ന് എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ.. ജഡ്ജിയെ ശുംഭനെന്നു വിളിക്കുന്നു, എന്നിട്ടു ശുംഭനെ പ്രകാശമുള്ളവനാക്കുന്നു.. അതു സമർത്ഥിക്കാൻ സംസ്കൃത പണ്ഡിതരെ ഹാജരാക്കുന്നു.. സുപ്രീം കോടതി വരെ കേസിനു പോകുന്നു. അവസാനം കേസു തോറ്റു 6 മാസം ജയിലിൽ. ശേഷം ജയിലിൽ നിന്നിറങ്ങിയ ആ നേതാവിനെ തോളിലേറ്റി പ്രകടനമായി അണികൾ. ഈ സിനിമയുടെ അവസാനം നെടുമുടി പറയുന്ന ഒരു ഡയലോഗുണ്ട്. ‘പ്രതിഷേധിക്കാൻ കഴിയാത്തവന്റെ പ്രതിഷേധമാണു മൌനം’. ആ മൌനം പിന്നീടു വാചാലമാകാറുണ്ട്. അപ്പോഴാണു പല പാർട്ടിക്കാരും തെരഞ്ഞെടുപ്പുകളിൽ മൂക്കുകുത്തുന്നത്.“
“പോട്ടെ രാഘവാ.. നാളെ ഒരു പന്തം കൊളുത്തി പ്രകടനമുണ്ട്. ചെന്നില്ലെങ്കിൽ പ്രശ്നമാണ്. പിന്നെ കാണാം..”