"രാഘവാ, നീ ഇന്നലെ ഒരു എലിപ്പെട്ടിയുമായി പോകുന്നതു കണ്ടല്ലോ?"
"ഓ, ഒന്നും പറയണ്ട ശേഖരാ.. വീട്ടില്‍ ഭയങ്കര എലി ശല്യം. ഒരൊറ്റ ചാക്ക് വെച്ചേക്കാന്‍ പറ്റില്ല. എല്ലാം അവന്മാര്‍ കരണ്ടുമുറിക്കും. ഞാന്‍ കുറച്ചുനാള്‍ മുന്നേ ഒരു സിനിമ കണ്ടു. "Monster".. അതിലെ അവസ്ഥയാണ്.."
"ആ കഥ നീ പറഞ്ഞില്ലല്ലോ! ഇംഗ്ലീഷ് സിനിമ ആണോ? അവന്മാരാണല്ലോ മൃഗങ്ങളെ വച്ചു പടംപിടിക്കാന്‍ മിടുക്കന്മാര്‍"
"ഇത് ഇംഗ്ലീഷ് അല്ല. തമിഴ് പടം.. എന്നാല്‍ ഒരു ഹോളിവുഡ് സിനിമയോടു കിടപിടിക്കത്തക്ക വിധത്തില്‍ ഒരു എലിയെ കേന്ദ്രകഥാപാത്രമാക്കി ഭംഗിയായി ചെയ്തിരിക്കുന്നു.."
"തമിഴിലും അത്തരം സിനിമകള്‍ ഇറങ്ങിത്തുടങ്ങിയോ? കൊള്ളാമല്ലോ!!"
"വളരെ രസകരമായാണ് ഈ സിനിമ എടുത്തിരിക്കുന്നത്. ഇതിലെ നായക കഥാപാത്രമായ 'അഞ്ചാനം അഴകിയ പിള്ള' ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ്. വാടക വീട്ടിലാണു താമസം. 36 വയസ്സായെങ്കിലും വിവാഹം കഴിച്ചിട്ടില്ല. പെണ്ണുകാണല്‍ തകൃതിയായി നടക്കുന്നു. പക്ഷേ ഒന്നും അങ്ങോട്ടു ശരിയാകുന്നില്ല. സ്വന്തമായി വീടില്ലാത്തതുകൊണ്ട് അവസാനം വന്ന ആലോചനയും മുടങ്ങുമെന്നായപ്പോള്‍ പിള്ള ഒരു വീടു വാങ്ങാന്‍ തീരുമാനിച്ചു.
പല വീടുകളും നോക്കി അവസാനം അദ്ദേഹം ഒരു ഫ്ലാറ്റ് വാങ്ങി. നല്ല കെട്ടിടം.. ശാന്തമായ പരിസരം.. സ്വന്തമാക്കിയ ഫ്ലാറ്റിനെകുറിച്ചുള്ള അഭിമാനത്തോടെ അഴകിയ പിള്ള കുറച്ചു ദിവസം സുഖമായി ഉറങ്ങി. പിന്നെപ്പിന്നെ ചെറിയ പ്രശ്നങ്ങള്‍ ആരംഭിച്ചു. ആദ്യമൊക്കെ ആഹാരപദാര്‍ത്ഥങ്ങള്‍ കാണാതാവുന്നതായിരുന്നു പ്രശ്നം. എലിയാണ് ശല്യക്കാരന്‍ എന്നു മനസ്സിലാക്കിയതോടെ എല്ലാം അടച്ചുവയ്ക്കാന്‍ തുടങ്ങി. എന്നാല്‍ എലി പാത്രങ്ങളൊക്കെ തള്ളിത്തുറന്നു തിന്നാന്‍ തുടങ്ങി. രാത്രിയില്‍ മുഴുവന്‍ എലി കരണ്ടുന്ന ശബ്ദം കാരണം പിള്ളയ്ക്ക് ഉറക്കമില്ലാതായി.
സഹജീവികളെ ദ്രോഹിക്കുക എന്നത് അഴകിയ പിള്ളയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും ഗത്യന്തരമില്ലാതെ അദ്ദേഹം ഒരു എലിപ്പെട്ടി വാങ്ങി. എന്നാല്‍ പെട്ടിക്കുള്ളില്‍ പെടാതെ എലി തന്ത്രപൂര്‍വ്വം സാധനങ്ങള്‍ കൊണ്ടുപോകാന്‍ തുടങ്ങി. പിള്ളയും വിട്ടുകൊടുത്തില്ല. എല്ലാ മുറിയിലും എലിപ്പെട്ടി വാങ്ങിവച്ചു. അതിലും എലി പെട്ടില്ല. അവസാനം ഉറക്കം നഷ്ടപ്പെട്ട പിള്ള ലീവെടുത്ത് എലിയെ പിടിക്കാന്‍ ഒളിച്ചിരുന്നു. വീടുമുഴുവന്‍ അലങ്കോലമായെങ്കിലും ഒടുവില്‍ പിള്ള വിജയിച്ചു. എലി കുടുങ്ങി.
അയാള്‍ അതിനെ പുറത്തുള്ള ചവറ്റുകുട്ടയില്‍ തള്ളി. അന്ന് അഴകിയ പിള്ള സ്വസ്ഥമായി ഉറങ്ങി. ഇതിനിടയില്‍ അവസാനം വന്ന വിവാഹാലോചന ഏകദേശം ഉറച്ച മട്ടായി. ആ പെണ്‍കുട്ടിക്ക് ഒരു സര്‍പ്രൈസ് കൊടുക്കാനായി പിള്ള വിലകൂടിയ ഒരു സോഫാ വാങ്ങി. ഇതിനിടയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു ഫയല്‍ വീണ്ടും എലി കരണ്ടിരിക്കുന്നതായി പിള്ള കാണുന്നത്. എലി തിരിച്ചെത്തിയിരിക്കുന്നു. പൊടിപിടിക്കാതിരിക്കാന്‍ മൂടിയിട്ടിരുന്ന സോഫായിലെ തുണിമാറ്റിനോക്കിയ പിള്ള ഞെട്ടിപ്പോയി. സോഫാ മുഴുവന്‍ എലി കരണ്ടിരിക്കുന്നു. ജന്തുസ്നേഹമൊക്കെ മറന്ന് എലിയുടെ പിറകെയുള്ള പിള്ളയുടെ ഓട്ടം രസകരമാണ്. ഈ ബഹളത്തിനിടയില്‍ തീ പടര്‍ന്നു സോഫാ മുഴുവന്‍ കത്തിപ്പോകുന്നു.
ഇങ്ങനെ സിനിമ രസകരമായി മുന്നേറുമ്പോഴാണ് മറ്റൊരു കഥ കയറിവരുന്നത്. ആ ഫ്ലാറ്റിന്റെ നിര്‍മ്മാണഘട്ടങ്ങളില്‍ ഒരു കള്ളക്കടത്തുസംഘം അവിടം താവളമാക്കിയിരുന്നു. പോലീസിന്റെ വലയില്‍ പെടുന്നതിനു മുന്‍പ് കുറച്ചു രത്നങ്ങള്‍ അവര്‍ ഒരു റസ്കിന്റെ ഉള്ളിലാക്കി അവിടെ സൂക്ഷിച്ചിരുന്നു. തിരികെ എത്തിയ അവര്‍ അഴകിയ പിള്ളയുടെ കണ്ണുവെട്ടിച്ച് ആ പൊതി കൈക്കലാക്കി. എന്നാല്‍ അതിലൊരു രത്നം കാണാനില്ല. റസ്ക് തിന്ന കൂട്ടത്തില്‍ എലി ആ രത്നവും തിന്നിട്ടുണ്ടെന്നു മനസ്സിലാക്കിയ സംഘം അതിനെ കുടുക്കാന്‍ തീരുമാനിക്കുന്നു. 'Pest Controller' ആണെന്നു പറഞ്ഞ് അവര്‍ പിള്ളയെ സമീപിക്കുന്നു.
അവരുടെ ഉപദേശപ്രകാരം എലി സഞ്ചരിക്കാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി കമ്പി ഇട്ട് ഷോക്ക് കൊടുത്ത് അതിനെ കൊല്ലാനുള്ള ക്രമീകരണങ്ങള്‍ നടത്തിയെങ്കിലും അവസാനനിമിഷം പിള്ള സ്വിച്ച് ഓഫ് ചെയ്യുന്നു. പിറ്റേന്ന് കള്ളക്കടത്തുസംഘത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പിള്ള എലിവിഷം വയ്ക്കുന്നു. അതുതിന്ന് അടുത്ത വീട്ടിലെ പൂച്ച ചാകുന്നതും ദുര്‍ഗന്ധം കാരണം ഫ്ലാറ്റില്‍ കയറാന്‍ കഴിയാത്ത അവസ്ഥയുമൊക്കെ ശരിക്കും ചിരി പടര്‍ത്തും.
അവസാനം എലി ഒരു എലിപ്പെട്ടിക്കുള്ളില്‍ പെടുന്നു. അതിനെ മുക്കികൊല്ലാനുള്ള കള്ളക്കടത്തുകാരുടെ ശ്രമങ്ങളെ ചെറുത്ത് പിള്ള അതിനെ രക്ഷിക്കുന്നു. അയാള്‍ അതിനെ ദൂരെ വിജനമായ ഒരു സ്ഥലത്തു കൊണ്ടുക്കളയുന്നു. തിരികെ ഫ്ലാറ്റിലെത്തിയ പിള്ള പിന്നീടാണ് അതു ശ്രദ്ധിക്കുന്നത്. ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ കുറെ എലിക്കുഞ്ഞുങ്ങള്‍. അയാള്‍ അവയെ അതിന്റെ അമ്മയുടെ അടുത്തെത്തിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു."
"തമാശയാണെങ്കിലും ഇതിലും മനസ്സിലാക്കേണ്ട കുറെ കാര്യങ്ങളുണ്ട് രാഘവാ. നീയും എലിയെപ്പിടിച്ചു മുക്കികൊല്ലാനൊന്നും നിക്കണ്ട. ദൂരെ എവിടെയെങ്കിലും കൊണ്ടുക്കള. അതും ഭൂമിയുടെ അവകാശികള്‍."