"രാഘവാ, നീ ഒരു നായയെ വാങ്ങിയെന്നു കേട്ടു. ഏതാ ഇനം.."
"ലാബ്രഡോർ. ജനിച്ചിട്ടു മൂന്നു മാസമേ ആയിട്ടുള്ളൂ. കുറഞ്ഞ വിലയ്ക്കു കിട്ടി. അതുപറഞ്ഞപ്പൊഴാ ശേഖരാ, ഞാന്‍ ഇന്നലെ ഒരു സിനിമ കണ്ടു.. 'A Dog's Way Home'."
"നായയെ കുറിച്ചുള്ള പടമാണെന്നു തോന്നുന്നല്ലോ?"
"അതെ. ഉടമസ്ഥനില്‍ നിന്നും വേര്‍പെട്ട ഒരു നായ വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ യജമാനന്റെ അടുത്ത് തിരികെയെത്തുന്നതാണ് കഥ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും ഈ സിനിമ."
"ഹോളിവുഡ് സിനിമകളില്‍ മൃഗങ്ങളെക്കൊണ്ട് ഡയലോഗ് പറയിപ്പിക്കുന്ന രീതി കണ്ടിട്ടുണ്ട്. അതുപോലെ വല്ലതും ആണോ?"
"ഇതില്‍ മൃഗങ്ങളൊന്നും മനുഷ്യഭാഷ സംസാരിക്കുന്നില്ല. ബെല്ല എന്ന നായയുടെ ചിന്തകള്‍ മാത്രം ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കുറേക്കൂടി യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്നു ഈ സിനിമ.
'ബെല്ല' എന്ന പട്ടിയുടെ കഥയാണിത്. പൊട്ടിപ്പൊളിഞ്ഞ ഒരു കേട്ടിടത്തിനടിയിലാണ് അവള്‍ ജനിച്ചത്. അവളോടൊപ്പം അവിടെ കുറെ പൂച്ചകുട്ടികളും ഉണ്ടായിരുന്നു. ഒരു ദിവസം മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വന്ന് അവളുടെ അമ്മയെയും മറ്റു പട്ടിക്കുട്ടികളെയും പൂച്ചകളെയും ഒക്കെ പിടിച്ചുകൊണ്ടുപോയി. ഒരു തള്ളപ്പൂച്ച തന്റെ മക്കളെ രക്ഷിക്കുന്നതോടൊപ്പം ബെല്ലയെയും അവിടെനിന്നും മാറ്റി. അതോടെ ആ പൂച്ച അവള്‍ക്ക് അമ്മയായി. ആ പൂച്ചയുടെ പാലു കുടിച്ച് അവള്‍ വളര്‍ന്നു.
പിന്നെപ്പിന്നെ ബെല്ലയും ലൂക്കാസും ഒരുമിച്ചായി പൂച്ചകള്‍ക്കു ഭക്ഷണം കൊടുക്കാന്‍ പോകാറ്. അനുവാദമില്ലാതെയുള്ള ഇവരുടെ ഈ കടന്നുകയറ്റം ആ കെട്ടിടത്തിന്റെ ഉടമസ്ഥന് ഇഷ്ടമായില്ല. അയാള്‍ മൃഗസംരക്ഷണ വകുപ്പിനു പരാതി കൊടുത്തു. ബെല്ല 'pitbull' ഇനത്തില്‍പ്പെട്ട നായയാണെന്നും അതിനെ വളര്‍ത്തുന്നത് അപകടകരമാണെന്നും ആയിരുന്നു പരാതി. അതോടെ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ബെല്ലയെ പിടിച്ചുകൊണ്ടുപോയി.
ഇനി നായയെ വെളിയില്‍ വിടില്ല എന്ന ഉപാധിയോടെ പിഴ അടച്ചു ലൂക്കാസ് ബെല്ലയെ പുറത്തെത്തിച്ചു. ഡെന്‍വറില്‍ ബെല്ലയെ വളര്‍ത്താന്‍ കഴിയില്ല എന്നായതോടെ ലൂക്കാസും അമ്മയും ആ പ്രദേശത്തിനു പുറത്ത് ഒരു വീടുനോക്കാന്‍ തീരുമാനിച്ചു. അതുവരേയ്ക്കും ബെല്ലയെ അവിടെനിന്നും 400 മൈല്‍ അകലെ താമസിക്കുന്ന ഒലീവിയയുടെ അമ്മാവന്റെ കൂടെയാക്കി തീരുമാനിച്ചു. എന്നാല്‍ ബെല്ല അവിടെനിന്നും ചാടിപ്പോയി.
അവള്‍ തന്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി. കൂട്ടിന് അമ്മ നഷ്ടപ്പെട്ട ഒരു പുലികുഞ്ഞിനേയും കിട്ടി. കാട്ടിലൂടെ നടക്കുമ്പോള്‍ ചെന്നായ്കളില്‍ നിന്നും ആ പുലിക്കുഞ്ഞിനെ അവള്‍ രക്ഷിച്ചു. അവര്‍ ഒരുമിച്ചു കളിച്ചും ഭക്ഷണം കണ്ടെത്തിയും ഉറങ്ങിയും കാലം കടന്നുപോയി. അപ്പോഴും സ്വന്തം വീട്ടിലേക്കു മടങ്ങാനുള്ള അതിയായ ആഗ്രഹമായിരുന്നു അവള്‍ക്ക്.
ഇതിനിടയില്‍ മഞ്ഞിനടിയില്‍പെട്ട ഒരാളെ അവള്‍ രക്ഷിക്കുന്നുണ്ട്. പിന്നെ കുറേക്കാലം ബെല്ല ഒരു ഭിക്ഷക്കാരന്റെ കൂടെയായി. അയാള്‍ അവളെ കെട്ടിയിട്ടു. വിജനമായ സ്ഥലത്തുവച്ച് അയാള്‍ മരിച്ചപ്പോള്‍ കെട്ടില്‍ നിന്നും രക്ഷപെടാനാകാതെ ബെല്ല കിടന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം കഴിഞ്ഞ അവളെ ചില അപരിചിതര്‍ രക്ഷിച്ചു. അവിടെ നിന്നും ഓടി കാട്ടിലെത്തുന്ന അവളെ ചെന്നായ്ക്കള്‍ ആക്രമിച്ചു. എന്നാല്‍ അപ്പോഴേക്കും വളര്‍ന്നു വലുതായ ആ പുലിക്കുഞ്ഞ് ബെല്ലയെ രക്ഷിച്ചു. അതിനോടു യാത്രപറഞ്ഞു ബെല്ല വീണ്ടും തന്റെ വീടുതേടി പുറപ്പെട്ടു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ ലൂക്കാസിനെ കണ്ടെത്തുന്നിടത്ത് സിനിമ അവസാനിക്കുന്നു."
"രാഘവാ, എനിക്കും ഇങ്ങനെ ഒരു അനുഭവമുണ്ട്. ഞാന്‍ ഒരു പൂച്ചകുഞ്ഞിനെ നാലഞ്ചു കിലോമീറ്റര്‍ ദൂരെ കൊണ്ടുക്കളഞ്ഞു. എന്നാല്‍ നാലു ദിവസം കഴിഞ്ഞപ്പോള്‍ അതു വീട്ടില്‍ നില്‍ക്കുന്നു. മൃഗങ്ങള്‍ക്കുള്ള പല വിശേഷപ്പെട്ട കഴിവുകളും മനുഷ്യനില്ല."
"ശരിയാണ് ശേഖരാ.. നമ്മുടെ നാട്ടില്‍ അടുത്തിടെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിനു മുന്‍പ് അവിടങ്ങളിലുള്ള മൃഗങ്ങള്‍ ചില പ്രത്യേക രീതിയില്‍ കരയുകയും അസ്വസ്ഥതകള്‍ കാട്ടുകയും ചെയ്തിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു."
"ഇനി ഇതുപോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ നേരത്തെ അറിയാന്‍ മൃഗങ്ങളെ വളര്‍ത്തേണ്ടി വരുമല്ലോ!"
No comments:
Post a Comment