Thursday, 29 August 2019

Aladdin


"ഇന്ന് 'Aladdin' എന്ന ഇംഗ്ലീഷ് സിനിമയുടെ കഥ പറയാം."

"അല്ല ശേഖരാ, ഇതു നമ്മുടെ അലാവുദ്ദീനും അത്ഭുതവിളക്കുമല്ലേ? ഒരുപാടു കേട്ടു പഴകിയ കഥ!"

"കേട്ടുപഴകിയതൊക്കെതന്നെ. പക്ഷേ, ഇത് ഒരു പുതിയ അനുഭവമാണ്. നയനാനന്ദകരമായ സീനുകള്‍.. പഴയ ഇംഗ്ലീഷ് സിനിമകളില്‍ കണ്ടുവന്നിരുന്ന, കഥാപാത്രങ്ങള്‍ പാടി അഭിനയിക്കുന്ന രീതി.. ഇതിനൊക്കെ പുറമെ കഥാപാത്രങ്ങള്‍ക്കനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുത്തത് എല്ലാം ഈ സിനിമയെ വ്യത്യസ്തമാക്കുന്നു."

"കഥയോ?"

"നമുക്ക് പരിചിതരായ കഥാപാത്രങ്ങള്‍ ഒക്കെ തന്നെ. പക്ഷേ, അവതരണരീതിയില്‍ പുതുമയുണ്ട്. ജീനിയായിട്ട് അഭിനയിച്ചിരിക്കുന്ന 'Will Smith' തന്റെ റോള്‍ ഭംഗിയാക്കിയിരിക്കുന്നു. ഇതുവരെ നമ്മള്‍ കണ്ടിട്ടുള്ള ഭൂതങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സരസനായി, കുസൃതികള്‍ ഒപ്പിക്കുന്ന ഒരു ഭൂതം. അതുപോലെതന്നെയാണ് അലാവുദ്ദിന്‍ ആയി അഭിനയിച്ച 'Mena Massoud'.. ചെറിയ തരികിടകള്‍ ഒക്കെ കയ്യിലുള്ള ഒരു കള്ളന്റെ വേഷം അയാള്‍ നന്നായി ചെയ്തിരിക്കുന്നു. ജാസ്മിന്‍ എന്ന രാജകുമാരിയായി എത്തുന്നത് 'Naomi Scott' ആണ്. സുന്ദരിയായ അറേബ്യന്‍ രാജകുമാരിയായി ഉജ്ജ്വല പ്രകടനം നടത്താന്‍ പാതി ഇന്ത്യക്കാരിയായ നവോമിക്കും കഴിയുന്നു. വില്ലന്‍ ജാഫറായെത്തുന്ന 'Marwan Kenzari' യുടെ അഭിനയവും എടുത്തു പറയേണ്ടതാണ്. ജീനിയെ കൂടാതെ കുട്ടികളെ പിടിച്ചിരുത്താന്‍ പറ്റിയ 4 കഥാപാത്രങ്ങള്‍ കൂടി ഈ സിനിമയില്‍ ഉണ്ട്. അലാവുദ്ദീന്റെ സന്തതസഹചാരിയായ 'അബു' എന്ന കുട്ടിക്കുരങ്ങന്‍, ജാസ്മിന്റെ വളര്‍ത്തുമൃഗമായ 'രാജ' എന്ന കടുവ, ജാഫറിന്റെ കൂടെയുള്ള പക്ഷി 'ലാഗോ' കൂടാതെ ഒരു പറക്കുംപരവതാനിയും."

"സംഭവം കൊള്ളാമല്ലോ.. പുതിയ ടെക്നോളജി വച്ച് എടുക്കുമ്പോള്‍ സിനിമ ഗംഭീരമാകാനാണു സാദ്ധ്യത."

"ശരിയാണു രാഘവാ, ഈ സിനിമ കാണേണ്ടതു തന്നെ. ഇനി കഥ പറയാം. അഗ്രബാഹ് എന്ന അറേബ്യന്‍ രാജ്യത്താണ് കഥ നടക്കുന്നത്. അവിടെ തെരുവുകളില്‍ ചെറിയ കള്ളത്തരങ്ങള്‍ ഒക്കെ കാണിച്ചു ജീവിച്ചു പോകുന്നവരാണ് അലാവുദ്ദിനും അബുവും. ഒരിക്കല്‍ നാടുകാണാന്‍ വേഷപ്രച്ഛന്നയായി ഇറങ്ങിയ ജാസ്മിന്‍ രാജകുമാരിയെ അലാവുദ്ദിനും അബുവും ചേര്‍ന്ന് ഒരു അപകടത്തില്‍ നിന്നും രക്ഷിക്കുന്നു. അവര്‍ രണ്ടുപേരും സുഹൃത്തുക്കള്‍ ആയെങ്കിലും താന്‍ രാജകുമാരിയാണെന്ന് ജാസ്മിന്‍ അലാവുദ്ദിനോടു പറഞ്ഞില്ല.


ആ രാജ്യത്തെ സുല്‍ത്താന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് വസീര്‍ ആയ ജാഫറിനുള്ളത്. എന്നാല്‍ 'Cave of Wonders' എന്ന ഗുഹയില്‍ ഇരിക്കുന്ന മാന്ത്രികവിളക്കു സ്വന്തമാക്കി രാജ്യം പിടിച്ചെടുക്കുക എന്നതാണ് ജാഫറിന്റെയും അയാളുടെ സഹായിയായ ലാഗോ എന്ന തത്തയുടെയും ലക്‌ഷ്യം. ഗുഹയില്‍ കയറി വിളക്കെടുക്കാന്‍ പറ്റിയ ഒരാളെ തിരഞ്ഞു നടക്കുമ്പോഴാണ് ജാസ്മിനെ കാണാന്‍ കാവല്ക്കാരുടെ കണ്ണുവെട്ടിച്ച് കൊട്ടാരത്തില്‍ കയറിയ അലാവുദ്ദീനെ ജാഫര്‍ കാണുന്നത്. അലാവുദ്ദീനെ അയാള്‍ ബന്ധനസ്ഥനാക്കുന്നു. ഗുഹയില്‍ കയറി വിളക്കെടുക്കാന്‍ തന്നെ സഹായിച്ചാല്‍ വെറുതെ വിടാം എന്ന ജാഫറിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ അലാവുദ്ദീന്‍ തയ്യാറാക്കുന്നു.



ഗുഹയില്‍ കയറുന്ന അലാവുദ്ദീനും അബുവും നിധി കൂമ്പാരങ്ങളാണ് അവിടെ കാണുന്നത്. ആരെയും ആകര്‍ഷിക്കുന്ന സ്വര്‍ണ്ണവും രത്നങ്ങളും കൂട്ടിയിട്ടിരിക്കുന്നു. ഈ നിധിയിലൊന്നും തൊടാതെ വേണം മാന്ത്രികവിളക്കു കൈക്കലാക്കാന്‍. അവിടെ കല്ലിനിടയില്‍ ഉടക്കി കിടന്ന പറക്കുംപരവതാനിയെ അലാവുദ്ദീന്‍ രക്ഷിക്കുന്നു. അതോടെ ആ പരവതാനി അയാളുടെ സുഹൃത്താകുന്നു. അലാവുദ്ദീന്‍ മാന്ത്രികവിളക്കെടുക്കുന്ന സമത്ത് അബു ഒരു രത്നം കൈക്കലാക്കുന്നു. അതോടെ പാറകള്‍ വീണു ഗുഹാകവാടം അടഞ്ഞുപോകുന്നു.


എന്തുചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് അലാവുദ്ദീന്‍ ആ മാന്ത്രികവിളക്കു വൃത്തിയാക്കുന്നത്. അതോടെ വിളക്കില്‍ നിന്നും പുക ഉയരുന്നു. ഒരു ജീനി പ്രത്യക്ഷനാകുന്നു. താന്‍ അലാവുദ്ദീന്റെ അടിമയാണെന്നും തനിക്കു 3 വരങ്ങള്‍ നല്‍കാന്‍ ശക്തിയുണ്ടെന്നും ജീനി പറയുന്നു. തനിക്കു ജീനിയുടെ ശക്തിയില്‍ വിശ്വാസമില്ലെന്നും എല്ലാവരെയും ഗുഹയില്‍ നിന്നും പുറത്തെത്തിച്ചാല്‍ വിശ്വസിക്കാം എന്നായി അലാവുദ്ദീന്‍. ജീനി അവരെ പുറത്തെത്തിക്കുന്നു.


അലാവുദ്ദീന്‍ തന്റെ ആദ്യ വരം ആവശ്യപ്പെടുന്നു. ജാസ്മിനെ ആകര്‍ഷിക്കാന്‍ തക്കവണ്ണം തന്നെ ഒരു രാജകുമാരനാക്കി മാറ്റണമെന്നതായിരുന്നു അത്. അങ്ങനെ അവന്‍ അബാബ്വ രാജ്യത്തെ അലി എന്ന രാജകുമാരനാകുന്നു. കൊടിതോരണങ്ങളും ആനയും അമ്പാരിയും ഒട്ടേറെ സമ്മാനങ്ങളുമായി ഘോഷയാത്രയായെത്തുന്ന അലിയെ പക്ഷേ രാജകുമാരിക്ക് ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ പിന്നീട് അലി ജാസ്മിനെ തന്റെ പറക്കുംപരവതാനിയില്‍ നാടുകാണാന്‍ ക്ഷണിക്കുന്നു. സുന്ദരമായ ആ യാത്ര അവരെ ഇഷ്ടത്തിലാക്കുന്നു. തന്റെ സുഹൃത്ത് അലാവുദ്ദീന്‍ തന്നെയാണോ അലി രാജകുമാരന്‍ എന്നു ജാസ്മിന്‍ സംശയിക്കുന്നെങ്കിലും താന്‍ അലാവുദ്ദീന്‍ ആയി വേഷംമാറി നടന്നതായിരുന്നെന്നു പറഞ്ഞു അയാള്‍ തടിതപ്പുന്നു.


അലാവുദ്ദീന്‍ മന്ത്രികവിളക്കിന്റെ സഹായത്തോടെ അലി രാജകുമാരനായി വന്നിരിക്കുകയാണെന്ന് ജാഫര്‍ മനസ്സിലാക്കുന്നു. അയാള്‍ അലിയെ കടലിലേക്കെറിയുന്നു. ബോധം നഷ്ടപ്പെട്ട അലാവുദ്ദീനെ രണ്ടാമത്തെ വരമായി കണക്കാക്കി ജീനി രക്ഷിക്കുന്നു. സുല്‍ത്താന്റെ മുന്നില്‍ ജാഫറിന്റെ ദുഷ്ടത്തരങ്ങള്‍ വെളിപ്പെടുന്നതോടെ അയാള്‍ ജയിലിലാകുന്നു. സുല്‍ത്താന്‍ തന്റെ അനന്തരാവകാശിയായി അലി രാജകുമാരനെ നിശ്ചയിക്കുന്നു.



എന്നാല്‍ ലാഗോയുടെ സഹായത്തോടെ ജാഫര്‍ രക്ഷപെടുന്നു. അയാള്‍ അലാവുദ്ദീന്റെ കയ്യില്‍ നിന്നും മാന്ത്രികവിളക്ക് മോഷ്ടിക്കുന്നു. ജീനിയുടെ പുതിയ യജമാനനായി മാറിയ ജാഫര്‍ തന്റെ ആദ്യ വരമായി രാജാധികാരം ആവശ്യപ്പെടുന്നു. ലോകത്തെ ഏറ്റവും ശക്തനായ മാന്ത്രികനാകുക എന്നതായിരുന്നു അയാളുടെ അടുത്ത വരം. സുല്‍ത്താനെയും തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാകാത്ത ജാസ്മിനെയും അലാവുദ്ദീനെയും മറ്റുള്ളവരെയും തന്റെ മാന്ത്രികശക്തി ഉപയോഗിച്ചു കൊല്ലാന്‍ ജാഫര്‍ തീരുമാനിക്കുന്നു.


അലാവുദ്ദീന്‍ തന്റെ ബുദ്ധിശക്തി ഉപയോഗിച്ചു ജാഫറിനെ കുഴക്കുന്നു. ഇപ്പോഴും അയാളല്ല ഏറ്റവും ശക്തനായ മാന്ത്രികനെന്നും അയാളെ ഇങ്ങനെ ആക്കിയ ജീനിയാണ് ശക്തനെന്നും പറഞ്ഞു ജാഫറിനെ അലാവുദ്ദീന്‍ പ്രകോപിപ്പിക്കുന്നു. താന്‍ ഇപ്പോഴും രണ്ടാമാനാണ് എന്നുകരുതി അയാള്‍ ജീനിയോടു തന്റെ അവസാനത്തെ വരവും ചോദിക്കുന്നു. തന്നെ ജീനിയെക്കാള്‍ ശക്തനാക്കണം എന്നതായിരുന്നു അത്. ഇതോടെ ജീനി അയാളെ മറ്റൊരു ജീനി ആക്കി മാറ്റുന്നു. എന്നിട്ട് ഒരു വിളക്കിലാക്കി അടച്ച് അത്ഭുതഗുഹയിലേക്ക് എറിയുന്നു.



എല്ലാം ശാന്തമായതോടെ അലാവുദ്ദീന്‍ തന്റെ അവസാനത്തെ വരം ആവശ്യപ്പെടുന്നു. ജീനിയെ സ്വതന്ത്രനായ ഒരു മനുഷ്യനാക്കുക എന്നതായിരുന്നു അത്.  സിനിമയുടെ അവസാനം അലാവുദ്ദീന്‍ ജാസ്മിനെ വിവാഹം കഴിക്കുന്നു. ജീനി ജാസ്മിന്റെ തോഴി ഡാലിയയെയും."



"രാഘവാ, ഞാന്‍ എന്തായാലും ഈ സിനിമ കാണാന്‍ തീരുമാനിച്ചു."

Tuesday, 27 August 2019

Raatchasi


"ഇന്നേതു കഥയാ പറയാന്‍ പോകുന്നത്, രാഘവാ?"

"ഇന്നൊരു തമിഴ് കഥ പറയാം.. രാച്ചസി.. വീണ്ടും ഒരു സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സിനിമ"

"ആരാണ് നായിക?"

"ജ്യോതിക. അവര്‍ ഇതില്‍ ഗീതാറാണി എന്ന ഹെഡ്മിസ്ട്രസിനെ അവതരിപ്പിക്കുന്നു."

"അപ്പോള്‍ ഒരു സ്കൂളിനെ ചുറ്റിപ്പറ്റിയുള്ള കഥയാണല്ലേ?"

"അതെ. ചുരുക്കിപ്പറഞ്ഞാല്‍ കഥ ഇതാണ്. കതിര്‍ എന്ന ചെറുപ്പക്കാരനും ഗീതാറാണി എന്ന പെണ്‍കുട്ടിയും ഇഷ്ടത്തിലാണ്. അയാള്‍ക്ക് ഒരു ജോലി കിട്ടിയിട്ടു വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് അവര്‍ തീരുമാനിക്കുന്നു. ഗീതാറാണി പട്ടാളത്തില്‍ ചേരുന്നു. കതിരിന് ഒരു ഗ്രാമത്തിലെ പള്ളിക്കൂടത്തില്‍ അദ്ധ്യാപകനായി ജോലി കിട്ടുന്നു. എന്നാല്‍ ആകസ്മികമായി ഒരു വാഹനാപകടത്തില്‍ അയാള്‍ മരിക്കുന്നു. ഗീതാറാണി മറ്റാരെയും വിവാഹം കഴിക്കുന്നില്ല. പട്ടാളത്തില്‍ നിന്നും രാജിവച്ചു കതിര്‍ പഠിപ്പിച്ച സ്കൂളില്‍ പ്രധാന അദ്ധ്യാപികയായി അവര്‍ എത്തുന്നു. അവിടെ കതിരിന്റെ അമ്മ ടീച്ചര്‍ ആയി ജോലി നോക്കുന്നതായി ഗീതാറാണി മനസ്സിലാക്കുന്നു. തന്നെയും കുടുംബത്തിലെ അംഗമായി ചേര്‍ക്കുമോ എന്നു അവര്‍ അമ്മയോടു ചോദിക്കുന്നു."

"രാച്ചസി എന്ന പേരു കേട്ടപ്പോള്‍ ഞാന്‍ ഈ കഥയല്ല പ്രതീക്ഷിച്ചതു രാഘവാ.."

"പ്രതീക്ഷ ഒന്നും തെറ്റിക്കണ്ട ശേഖരാ.. കഥ അതുതന്നെ. ഗീതാറാണി എന്ന ഹെഡ്മിസ്ട്രസ് പൊട്ടിപ്പൊളിഞ്ഞ ഒരു സ്കൂളിനെ ശരിയാക്കിയെടുക്കുന്നതാണ് സിനിമ."

"അപ്പോള്‍ മുന്‍പ് പറഞ്ഞത്?"

"അതു കഥയിലെ കഥ. ഗീതാറാണി, തകര്‍ന്നു കിടക്കുന്ന ആ സ്കൂളില്‍ വരാനുള്ള സാഹചര്യമാണ് ആ കഥ. അവര്‍ അവിടെ വരുമ്പോള്‍ ആ സ്കൂളിന്റെ അവസ്ഥ പരിതാപകരമായിരുന്നു. പൊളിഞ്ഞു കിടക്കുന്ന ഗേറ്റും മതിലും സ്കൂള്‍ കെട്ടിടവും.. കുപ്പ കൊണ്ടുനിറഞ്ഞ സ്കൂള്‍ മൈതാനം.. സ്കൂളിനു മുന്നില്‍തന്നെ ബീഡിയും സിഗരറ്റും വില്‍ക്കുന്ന കട.. അവിടെ നിന്നും അതെല്ലാം വാങ്ങി ഉപയോഗിക്കുന്ന കുട്ടികള്‍.. സമയത്തു ക്ലാസില്‍ പോകാത്ത അദ്ധ്യാപകര്‍.. സ്കൂള്‍ സമയത്ത് ചിട്ടിയും വസ്തുക്കച്ചവടവുമായി നടക്കുന്ന അദ്ധ്യാപകര്‍.. ഇങ്ങനെ ഒരു സ്കൂള്‍ എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ആ പള്ളിക്കൂടം. അതിനെ നല്ലരീതിയില്‍ കൊണ്ടുവരുന്നതാണ് കഥ."

"അല്ല രാഘവാ, ഇങ്ങനെയും സ്കൂളുകള്‍ ഉണ്ടാകുമോ? ഇതൊക്കെ അതിശയോക്തിയല്ലേ?"

"അല്ല. ഇങ്ങനെയും സ്കൂളുകള്‍ ഉണ്ട്. എന്റെ സുഹൃത്തിന്റെ അനുഭവം പറയാം. അദ്ദേഹം അദ്ധ്യാപകനായി കേരളത്തിലങ്ങോളമുള്ള പല ജില്ലകളിലും ജോലി നോക്കി അവസാനം ഹെഡ്മാസ്റ്ററായി ഇതുപോലെയുള്ള ഒരു സ്കൂളില്‍ എത്തി. അദ്ദേഹം PTA-യുടെയും ഗവണ്മെന്റിന്റെയും സഹായത്തോടെ സ്കൂള്‍ കെട്ടിടം പുതുക്കി പണിതു. പെയിന്റ് അടിച്ചു.. ചുമരിലെല്ലാം വര്‍ണ്ണചിത്രങ്ങള്‍ ആലേഖനം ചെയ്തു.. ഉച്ചകഞ്ഞിക്കു പകരം കുട്ടികള്‍ക്ക് ചോറും കറികളും കൊടുത്തു..എന്നിട്ട് സ്കൂളിനു ചുറ്റുമതില്‍ കെട്ടാന്‍ തീരുമാനിച്ചു.. അപ്പോഴാണ് അറിയുന്നത് സ്കൂള്‍ മൈതാനം അടുത്തുള്ള വീട്ടുകാര്‍ പലരും കയ്യേറി റമ്പര്‍ വച്ചിരിക്കുന്നു എന്ന്. അദ്ദേഹം കേസിനു പോയി. അവസാനം സ്കൂളിനു അനുകൂലമായി വിധി വന്നു. മതിലുകെട്ടിയപ്പോള്‍ 20 റമ്പര്‍ മരങ്ങള്‍ സ്കൂളിനു സ്വന്തം. ഒടുവില്‍ പിരിഞ്ഞു പോകുമ്പോള്‍ sent-off കൊടുക്കാന്‍ പോലും ആരും ഉണ്ടായില്ല. അദ്ധ്യാപകര്‍ക്കും അദ്ദേഹം ഒരു തലവേദന ആയിരുന്നു."

"അല്ലേലും അത് അങ്ങനാ. പൊതുമുതല്‍ നശിച്ചാല്‍ ആര്‍ക്കാണ് ചേതം. നന്നാക്കാന്‍ ശ്രമിച്ചാലോ, അയാള്‍ കുറ്റക്കാരനാകും. റോഡിലെ കുഴി അടച്ചതിനു നടന്‍ ജയസൂര്യയ്ക്കെതിരെ കേസെടുത്ത നാടാണിത്."

"സര്‍ക്കാര്‍ സ്കൂളുകളെ തകര്‍ക്കുന്ന എല്ലാ ശക്തികളെയും ഈ സിനിമ തുറന്നുകാട്ടുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും കുട്ടികളെ റാഞ്ചാന്‍ ശ്രമിക്കുന്ന പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്റ്, അവര്‍ക്കു കുടപിടിക്കുന്ന ചില സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ കുട്ടികളെ ഉപയോഗിക്കുന്ന നേതാക്കന്മാര്‍ ഒക്കെ ഈ സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്നു. ചുരുക്കം പറഞ്ഞാല്‍ ഈ ശുദ്രശക്തികളെ എല്ലാം ധീരമായി നേരിടുന്ന ഗീതാറാണി എന്ന 'രാക്ഷസി' ആയി ജ്യോതിക തിളങ്ങുന്നു."

Thursday, 22 August 2019

ഉയരെ


"രാഘവാ, എത്രനാളായി കണ്ടിട്ട്!! നീ ഇപ്പോള്‍ എവിടെയാ?"

"ഞാന്‍ മകളുടെ കൂടെയായിരുന്നെടോ.. പേരക്കുട്ടികളെയും കളിപ്പിച്ച് അവിടെയങ്ങു കൂടി."

"രാഘവാ, നീയില്ലാതെ ഒരു രസവുമുണ്ടായിരുന്നില്ല. കഥയുമില്ല, മിണ്ടാന്‍ ആളുമില്ല! എന്റെ കണ്ണിനാണെങ്കില്‍ കാഴ്ച്ച വീണ്ടും മങ്ങിത്തുടങ്ങി."

"സാരമില്ലെടോ, എല്ലാം ശരിയാകും."

"പുതിയ കഥ ഒന്നുമില്ലേ. കഥ കേട്ടിട്ടു കാലം കുറെ ആയി."

"ഞാന്‍ കഴിഞ്ഞ ദിവസം നല്ല ഒരു സിനിമ കണ്ടു. "ഉയരെ". കാണേണ്ട പടം."

"നീ കഥ പറ.."

"ഉയരെ ഒരു കദനകഥയാണ്‌. ഒരു പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ. താന്‍ ഏറെ സ്നേഹിച്ച വ്യക്തിതന്നെ തന്റെ സ്വപ്നങ്ങളെല്ലാം തല്ലിക്കെടുത്തിയിട്ടും ഉയരങ്ങളിലേയ്ക്ക് പറന്ന പല്ലവി രവീന്ദ്രന്റെ കഥ. പ്രേമം നിരസിച്ചതിനെ തുടര്‍ന്ന് ആസിഡ് ആക്രമണത്തിനും കൊലപാതകശ്രമത്തിനും ബലാത്സംഗത്തിനും ഇരയായി ജീവിക്കേണ്ടി വരുന്ന ഒരുപാടു പെണ്‍കുട്ടികള്‍ നാമറിയാതെ നമുക്കു ചുറ്റും ഉണ്ട്. അവരുടെ വേദനയുടെ ഒരു ചെറിയ നേര്‍കാഴ്ചയാണ് ഈ സിനിമ."

"ശരിയാണ്. യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന സ്വാര്‍ത്ഥതയുടെ അങ്ങേയറ്റം ആണ് ഇത്തരം സംഭവങ്ങള്‍. തനിക്കു കിട്ടിയില്ലെങ്കില്‍ പിന്നെയവള്‍ ജീവിക്കേണ്ട എന്നു ചിന്തിക്കുന്ന മാനസികാവസ്ഥ ഒരുതരം രോഗമാണ്."

"പല്ലവി എന്ന പെണ്‍കുട്ടിയെ കേന്ദ്രമാക്കിയാണ് ഈ സിനിമ മുന്നേറുന്നത്. പൈലറ്റ്‌ ആകാന്‍ കൊതിക്കുന്ന പെണ്‍കുട്ടി. അവളുടെ ആഗ്രഹം സാധിക്കാന്‍ കൂടെ നില്‍ക്കുന്ന അച്ഛന്‍. എന്നാല്‍ കാമുകന്‍ അങ്ങനെ ആയിരുന്നില്ല. അയാള്‍ സ്വാര്‍ത്ഥനായിരുന്നു. തന്‍റെ വിഷമഘട്ടത്തില്‍ കൂടെ നിന്ന ആണ്‍കുട്ടിയോടു തോന്നിയ ഇഷ്ടമാണ് പല്ലവിക്ക് ഗോവിന്ദിനോട്. നല്ല ഒരു ജോലി സമ്പാദിച്ചു പല്ലവിയെ വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാനാണ് ഗോവിന്ദിന്റെ ആഗ്രഹം. അതിനിടയില്‍ അവളുടെ ആഗ്രഹങ്ങള്‍ അയാള്‍ക്കു പ്രശ്നമേ അല്ല.

എങ്കിലും ഒരുവിധത്തില്‍ ഗോവിന്ദിനെ സമ്മതിപ്പിച്ച് അവള്‍ പൈലറ്റ്‌ പരിശീലനത്തിനു ചേര്‍ന്നു. ചെറിയ പ്രശ്നങ്ങള്‍ക്കു പോലും ആത്മഹത്യയ്ക്കു ശ്രമിക്കുന്ന പ്രകൃതമായിരുന്നു ഗോവിന്ദിന്റെത്. അതുകൊണ്ടുതന്നെ പല്ലവി അയാളെ പേടിച്ചു തുടങ്ങി. പൈലറ്റ്‌ ലൈസന്‍സ് കിട്ടിയ ദിവസം സുഹൃത്തുക്കളുമായി പാര്‍ട്ടിക്കു പോയത് അവള്‍ ഗോവിന്ദിനോടു പറഞ്ഞില്ല. എന്നാല്‍ ആകസ്മികമായി അവളുടെ താമസസ്ഥലത്തെത്തിയ അവന്‍ അതറിയുന്നു. ഗോവിന്ദ് ശക്തമായി പ്രതികരിക്കുന്നു. അവര്‍ തമ്മിലുള്ള വഴക്കിനൊടുവില്‍ പല്ലവി അവനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു.

പിറ്റേന്ന് പല്ലവിയെ കാണാന്‍ എന്ന ഭാവത്തില്‍ വഴിയില്‍ നിന്ന ഗോവിന്ദ് അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. മുഖത്തെ ഒരു വശം മുഴുവനും ആഴത്തില്‍ പൊള്ളലേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയുന്ന പല്ലവിയെയാണ് പിന്നെ നമ്മള്‍ കാണുന്നത്. ജീവിതം വഴിമുട്ടി. ഒരു കണ്ണിനു കാഴ്ച് ഇല്ലാത്തതുകൊണ്ട് പൈലറ്റ്‌ ലൈസന്‍സ് റദ്ദാക്കി. വികൃതമായ മുഖം ആരെയും കാട്ടാന്‍ ഒക്കാതെ മാനസികമായി ഏറെ ബുദ്ധിമുട്ടുന്ന പല്ലവിയുടെ അവസ്ഥ കരളലിയിപ്പിക്കുന്നതാണ്.

ഗോവിന്ദിനെതിരെ പല്ലവി കേസുകൊടുക്കുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗോവിന്ദിന്റെ അച്ഛന്‍ ശ്രമിക്കുന്നു. അപ്പോള്‍ പല്ലവി പറയുന്ന വാക്കുകള്‍ അവളുടെ ഹൃദയവേദന മുഴുവന്‍ പ്രതിഫലിപ്പിക്കുന്നു. 'ശത്രുവായിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ പോട്ടെ എന്നു വച്ചേനെ.. ഇതിപ്പോള്‍ അതല്ലല്ലോ!'

ഇതിനിടയിലാണ് പല്ലവി ആകസ്മികമായി മുന്‍പ് പരിചയമുള്ള വിശാലിനെ കണ്ടുമുട്ടുന്നത്. ഒരു വിമാനക്കമ്പനി ഉടമയായ അയാള്‍ അവളെ സഹായിക്കാന്‍ തയ്യാറാക്കുന്നു. അയാളെ ഒഴിവാക്കാനായി തന്നെ എയര്‍ഹോസ്റ്റസ് ആക്കാമോ എന്നു പല്ലവി ചോദിക്കുന്നു. എന്നാല്‍ വിശാല്‍ ആ ആഗ്രഹം ഗൗരവമായിട്ടെടുക്കുന്നു. കമ്പനി ഉടമയായ തന്റെ അച്ഛന്റെയും മറ്റു സഹപ്രവര്‍ത്തകരുടെയും എതിര്‍പ്പ് വകവെക്കാതെ അയാള്‍ പല്ലവിയെ എയര്‍ഹോസ്റ്റസ് ആയി നിയമിക്കുന്നു.

ആ ജോലി അവള്‍ക്ക് ഒരു വലിയ ആശ്വാസമായി. എന്നാല്‍ അവിടെയും ഗോവിന്ദ് എത്തി. തന്റെ പേരിലുള്ള കേസ് ഒത്തുതീര്‍പ്പാക്കണമെന്നു പറഞ്ഞ ഗോവിന്ദിന്റെ മുഖത്ത് വിമാനത്തില്‍ വച്ച് പല്ലവി വെള്ളം ഒഴിക്കുന്നു. അതു വലിയ വിഷയമാകുന്നു. മാപ്പുപറഞ്ഞില്ലെങ്കില്‍ ജോലി പോകും എന്ന അവസ്ഥ. എന്നാല്‍ പല്ലവി മാപ്പു പറയാന്‍ തയ്യാറായില്ല. ഇതോടെ കമ്പനി ഒരു മാസത്തെ നോട്ടീസ് പീരീഡ്‌ കൊടുത്ത് അവളെ ഒഴിവാക്കാന്‍ തീരുമാനിച്ചു.

ഇതിനിടയിലാണ് പല്ലവിക്കു തന്റെ ജീവിതാഭിലാഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. അവള്‍ എയര്‍ഹോസ്റ്റസ് ആയിരുന്ന വിമാനത്തിന്റെ മുഖ്യപൈലറ്റ്‌ ബോധരഹിതനായി. വിമാനം തകരുമെന്ന അവസ്ഥ. കോപൈലറ്റിന് ഒറ്റയ്ക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പല്ലവി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതിസാഹസികമായി വിമാനത്തെ റണ്‍വേയില്‍ ഇറക്കി. അങ്ങനെ ഉയരങ്ങളില്‍ പറക്കണമെന്ന തന്റെ ചിരകാലസ്വപ്നം അവള്‍ സാധിച്ചു.

എയര്‍ഹോസ്റ്റസായുള്ള അവസാന ഫ്ലൈറ്റില്‍ ഹര്‍ഷാരവത്തോടെയാണ് യാത്രക്കാര്‍ പല്ലവിയെ സ്വീകരിച്ചത്. ആ കയ്യടി പല്ലവി രവീന്ദ്രനു മാത്രമുള്ളതായിരുന്നില്ല. പല്ലവി എന്ന കഥാപാത്രത്തെ അഭ്രപാളികളില്‍ അനശ്വരമാക്കിയ പാര്‍വ്വതി എന്ന നടിക്കുള്ള അംഗീകാരം കൂടിയായിരുന്നു."

"രാഘവാ, ഇതുപോലത്തെ സിനിമകളാണ് നമുക്കു വേണ്ടത്. ശക്തമായ കഥയുള്ള, സാമൂഹികപ്രതിബദ്ധതയുള്ള സിനിമകള്‍..."