Thursday, 22 August 2019

ഉയരെ


"രാഘവാ, എത്രനാളായി കണ്ടിട്ട്!! നീ ഇപ്പോള്‍ എവിടെയാ?"

"ഞാന്‍ മകളുടെ കൂടെയായിരുന്നെടോ.. പേരക്കുട്ടികളെയും കളിപ്പിച്ച് അവിടെയങ്ങു കൂടി."

"രാഘവാ, നീയില്ലാതെ ഒരു രസവുമുണ്ടായിരുന്നില്ല. കഥയുമില്ല, മിണ്ടാന്‍ ആളുമില്ല! എന്റെ കണ്ണിനാണെങ്കില്‍ കാഴ്ച്ച വീണ്ടും മങ്ങിത്തുടങ്ങി."

"സാരമില്ലെടോ, എല്ലാം ശരിയാകും."

"പുതിയ കഥ ഒന്നുമില്ലേ. കഥ കേട്ടിട്ടു കാലം കുറെ ആയി."

"ഞാന്‍ കഴിഞ്ഞ ദിവസം നല്ല ഒരു സിനിമ കണ്ടു. "ഉയരെ". കാണേണ്ട പടം."

"നീ കഥ പറ.."

"ഉയരെ ഒരു കദനകഥയാണ്‌. ഒരു പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ. താന്‍ ഏറെ സ്നേഹിച്ച വ്യക്തിതന്നെ തന്റെ സ്വപ്നങ്ങളെല്ലാം തല്ലിക്കെടുത്തിയിട്ടും ഉയരങ്ങളിലേയ്ക്ക് പറന്ന പല്ലവി രവീന്ദ്രന്റെ കഥ. പ്രേമം നിരസിച്ചതിനെ തുടര്‍ന്ന് ആസിഡ് ആക്രമണത്തിനും കൊലപാതകശ്രമത്തിനും ബലാത്സംഗത്തിനും ഇരയായി ജീവിക്കേണ്ടി വരുന്ന ഒരുപാടു പെണ്‍കുട്ടികള്‍ നാമറിയാതെ നമുക്കു ചുറ്റും ഉണ്ട്. അവരുടെ വേദനയുടെ ഒരു ചെറിയ നേര്‍കാഴ്ചയാണ് ഈ സിനിമ."

"ശരിയാണ്. യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന സ്വാര്‍ത്ഥതയുടെ അങ്ങേയറ്റം ആണ് ഇത്തരം സംഭവങ്ങള്‍. തനിക്കു കിട്ടിയില്ലെങ്കില്‍ പിന്നെയവള്‍ ജീവിക്കേണ്ട എന്നു ചിന്തിക്കുന്ന മാനസികാവസ്ഥ ഒരുതരം രോഗമാണ്."

"പല്ലവി എന്ന പെണ്‍കുട്ടിയെ കേന്ദ്രമാക്കിയാണ് ഈ സിനിമ മുന്നേറുന്നത്. പൈലറ്റ്‌ ആകാന്‍ കൊതിക്കുന്ന പെണ്‍കുട്ടി. അവളുടെ ആഗ്രഹം സാധിക്കാന്‍ കൂടെ നില്‍ക്കുന്ന അച്ഛന്‍. എന്നാല്‍ കാമുകന്‍ അങ്ങനെ ആയിരുന്നില്ല. അയാള്‍ സ്വാര്‍ത്ഥനായിരുന്നു. തന്‍റെ വിഷമഘട്ടത്തില്‍ കൂടെ നിന്ന ആണ്‍കുട്ടിയോടു തോന്നിയ ഇഷ്ടമാണ് പല്ലവിക്ക് ഗോവിന്ദിനോട്. നല്ല ഒരു ജോലി സമ്പാദിച്ചു പല്ലവിയെ വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാനാണ് ഗോവിന്ദിന്റെ ആഗ്രഹം. അതിനിടയില്‍ അവളുടെ ആഗ്രഹങ്ങള്‍ അയാള്‍ക്കു പ്രശ്നമേ അല്ല.

എങ്കിലും ഒരുവിധത്തില്‍ ഗോവിന്ദിനെ സമ്മതിപ്പിച്ച് അവള്‍ പൈലറ്റ്‌ പരിശീലനത്തിനു ചേര്‍ന്നു. ചെറിയ പ്രശ്നങ്ങള്‍ക്കു പോലും ആത്മഹത്യയ്ക്കു ശ്രമിക്കുന്ന പ്രകൃതമായിരുന്നു ഗോവിന്ദിന്റെത്. അതുകൊണ്ടുതന്നെ പല്ലവി അയാളെ പേടിച്ചു തുടങ്ങി. പൈലറ്റ്‌ ലൈസന്‍സ് കിട്ടിയ ദിവസം സുഹൃത്തുക്കളുമായി പാര്‍ട്ടിക്കു പോയത് അവള്‍ ഗോവിന്ദിനോടു പറഞ്ഞില്ല. എന്നാല്‍ ആകസ്മികമായി അവളുടെ താമസസ്ഥലത്തെത്തിയ അവന്‍ അതറിയുന്നു. ഗോവിന്ദ് ശക്തമായി പ്രതികരിക്കുന്നു. അവര്‍ തമ്മിലുള്ള വഴക്കിനൊടുവില്‍ പല്ലവി അവനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു.

പിറ്റേന്ന് പല്ലവിയെ കാണാന്‍ എന്ന ഭാവത്തില്‍ വഴിയില്‍ നിന്ന ഗോവിന്ദ് അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. മുഖത്തെ ഒരു വശം മുഴുവനും ആഴത്തില്‍ പൊള്ളലേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയുന്ന പല്ലവിയെയാണ് പിന്നെ നമ്മള്‍ കാണുന്നത്. ജീവിതം വഴിമുട്ടി. ഒരു കണ്ണിനു കാഴ്ച് ഇല്ലാത്തതുകൊണ്ട് പൈലറ്റ്‌ ലൈസന്‍സ് റദ്ദാക്കി. വികൃതമായ മുഖം ആരെയും കാട്ടാന്‍ ഒക്കാതെ മാനസികമായി ഏറെ ബുദ്ധിമുട്ടുന്ന പല്ലവിയുടെ അവസ്ഥ കരളലിയിപ്പിക്കുന്നതാണ്.

ഗോവിന്ദിനെതിരെ പല്ലവി കേസുകൊടുക്കുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗോവിന്ദിന്റെ അച്ഛന്‍ ശ്രമിക്കുന്നു. അപ്പോള്‍ പല്ലവി പറയുന്ന വാക്കുകള്‍ അവളുടെ ഹൃദയവേദന മുഴുവന്‍ പ്രതിഫലിപ്പിക്കുന്നു. 'ശത്രുവായിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ പോട്ടെ എന്നു വച്ചേനെ.. ഇതിപ്പോള്‍ അതല്ലല്ലോ!'

ഇതിനിടയിലാണ് പല്ലവി ആകസ്മികമായി മുന്‍പ് പരിചയമുള്ള വിശാലിനെ കണ്ടുമുട്ടുന്നത്. ഒരു വിമാനക്കമ്പനി ഉടമയായ അയാള്‍ അവളെ സഹായിക്കാന്‍ തയ്യാറാക്കുന്നു. അയാളെ ഒഴിവാക്കാനായി തന്നെ എയര്‍ഹോസ്റ്റസ് ആക്കാമോ എന്നു പല്ലവി ചോദിക്കുന്നു. എന്നാല്‍ വിശാല്‍ ആ ആഗ്രഹം ഗൗരവമായിട്ടെടുക്കുന്നു. കമ്പനി ഉടമയായ തന്റെ അച്ഛന്റെയും മറ്റു സഹപ്രവര്‍ത്തകരുടെയും എതിര്‍പ്പ് വകവെക്കാതെ അയാള്‍ പല്ലവിയെ എയര്‍ഹോസ്റ്റസ് ആയി നിയമിക്കുന്നു.

ആ ജോലി അവള്‍ക്ക് ഒരു വലിയ ആശ്വാസമായി. എന്നാല്‍ അവിടെയും ഗോവിന്ദ് എത്തി. തന്റെ പേരിലുള്ള കേസ് ഒത്തുതീര്‍പ്പാക്കണമെന്നു പറഞ്ഞ ഗോവിന്ദിന്റെ മുഖത്ത് വിമാനത്തില്‍ വച്ച് പല്ലവി വെള്ളം ഒഴിക്കുന്നു. അതു വലിയ വിഷയമാകുന്നു. മാപ്പുപറഞ്ഞില്ലെങ്കില്‍ ജോലി പോകും എന്ന അവസ്ഥ. എന്നാല്‍ പല്ലവി മാപ്പു പറയാന്‍ തയ്യാറായില്ല. ഇതോടെ കമ്പനി ഒരു മാസത്തെ നോട്ടീസ് പീരീഡ്‌ കൊടുത്ത് അവളെ ഒഴിവാക്കാന്‍ തീരുമാനിച്ചു.

ഇതിനിടയിലാണ് പല്ലവിക്കു തന്റെ ജീവിതാഭിലാഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. അവള്‍ എയര്‍ഹോസ്റ്റസ് ആയിരുന്ന വിമാനത്തിന്റെ മുഖ്യപൈലറ്റ്‌ ബോധരഹിതനായി. വിമാനം തകരുമെന്ന അവസ്ഥ. കോപൈലറ്റിന് ഒറ്റയ്ക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പല്ലവി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതിസാഹസികമായി വിമാനത്തെ റണ്‍വേയില്‍ ഇറക്കി. അങ്ങനെ ഉയരങ്ങളില്‍ പറക്കണമെന്ന തന്റെ ചിരകാലസ്വപ്നം അവള്‍ സാധിച്ചു.

എയര്‍ഹോസ്റ്റസായുള്ള അവസാന ഫ്ലൈറ്റില്‍ ഹര്‍ഷാരവത്തോടെയാണ് യാത്രക്കാര്‍ പല്ലവിയെ സ്വീകരിച്ചത്. ആ കയ്യടി പല്ലവി രവീന്ദ്രനു മാത്രമുള്ളതായിരുന്നില്ല. പല്ലവി എന്ന കഥാപാത്രത്തെ അഭ്രപാളികളില്‍ അനശ്വരമാക്കിയ പാര്‍വ്വതി എന്ന നടിക്കുള്ള അംഗീകാരം കൂടിയായിരുന്നു."

"രാഘവാ, ഇതുപോലത്തെ സിനിമകളാണ് നമുക്കു വേണ്ടത്. ശക്തമായ കഥയുള്ള, സാമൂഹികപ്രതിബദ്ധതയുള്ള സിനിമകള്‍..."




No comments:

Post a Comment