“സബ് ദേശ് വാസിയോം കോ, അച്ഛാ ദിൻ... സബ് ദേശ് വാസിയോം കോ, അച്ഛാ ദിൻ...“
“രാഘവോ, എന്താ ഒരു മൂളിപ്പാട്ടൊക്കെ? ദേശഭക്തിഗാനമാണല്ലോ..”
“അതേ, ഞാൻ ഇന്നലെ കണ്ട പടത്തിലുള്ളതാ, അച്ഛാ ദിൻ.”
“നിനക്ക് ഈ ഹിന്ദി സിനിമകൾ മാത്രമേ കിട്ടൂ?”
“എടോ, ഇത് ഹിന്ദി അല്ല മലയാളം.. നമ്മുടെ മമ്മൂട്ടിപ്പടം.. പുള്ളി ഛാർഖണ്ഡുകാരനായി അഭിനയിക്കുന്നത്”
“എങ്ങനുണ്ടായിരുന്നു?”
“ഓ...”
“അതെന്താ ഒരു ഓ..?”
“ചിരിയില്ല, കരച്ചിലില്ല, ഉദ്വേഗജനകമായ സീനുകളോ എരിവും പുളിയുമോ ഒന്നും ഇല്ലാത്ത ഒരു പടം..”
“എന്തായാലും ഛാർഖണ്ഡുകാരനായി അഭിനയിക്കുമ്പോൾ അവിടുത്തെ ഭാഷയിൽ നാലു ഡയലോഗ് എങ്കിലും കാണാതിരിക്കുമോ?”
“അതും ഇല്ലടേ.. പുള്ളി കേരളത്തിൽ വന്നിട്ട് 20 വർഷമായി. അതുകൊണ്ട് മലയാളികളേക്കാൾ നന്നായി മലയാളം പറയും.”
“വേറെ ആരൊക്കെയുണ്ട് പടത്തിൽ?”
“നായിക ഏതോ ഹിന്ദിക്കാരിയാണെന്നു തോന്നുന്നു.. ഇവിടെങ്ങും കണ്ടിട്ടില്ല. പിന്നെ കുഞ്ചൻ ഒരു കുടിയനായ ചിത്രകാരനായി, മണിയൻപിള്ള രാജു പോലീസായി, പിന്നെ നമ്മുടെ പഴയ നടൻ രതീഷിന്റെ മകൻ പ്രധാന വില്ലനായി..”
"കഥ പറ..”
“മമ്മൂട്ടി ഒരു മാളിലെ തൂപ്പുകാരൻ. ഗർഭിണിയായ ഭാര്യയും ഒരു കൊച്ചു വീടും സൈക്കിളുമാണ് ആകെ സമ്പാദ്യം. കുഞ്ചൻ ആ മാളിലെ സന്ദർശകരുടെ ചിത്രം വരച്ചു ജീവിക്കുന്നു. കുടിച്ചു കൈ വിറയ്ക്കുമ്പോൾ മമ്മൂട്ടിയാണു ചിത്രം വരച്ചു കുഞ്ചനെ സഹായിക്കുന്നത്. ഒരു ദിവസം കുടിച്ചു ബഹളമുണ്ടാക്കി കുഞ്ചൻ പോലീസ് സ്റ്റേഷനിൽ ആകുന്നു. മമ്മൂട്ടി ഇറക്കാൻ ചെല്ലുന്നു. അവിടെ വച്ച് എസ്.ഐ മണിയൻപിള്ള രാജു, മമ്മൂട്ടിയുടെ കരണം പുകച്ചൊരു അടി കൊടുക്കുന്നു.”
“ഹൊ, അതു കുറച്ചു കടന്നു പോയില്ലേ.. സൂപ്പർ സ്റ്റാറിനെ തല്ലാമോ? എന്തിനാ തല്ലിയത്?”
“അതാണ് അതിലും രസം. നീ മാവോയിസ്റ്റ് ആണോയെന്ന് ഏമാൻ. അല്ല എന്നു മമ്മൂട്ടി. എന്നിട്ടും കൊടുത്തൊരടി. എന്നിട്ടൊരു ഡയലോഗും..’ആവരുത്..’“
“ഹഹഹ.. അതു കലക്കി. സാമൂഹിക പ്രതിബദ്ധതയുള്ള പടമാണെന്നു തോന്നുന്നല്ലോ?”
“ങാ.. കുറച്ചു കാര്യങ്ങളൊക്കെ സൂചിപ്പിക്കുന്നു.. മെട്രോയുടെ പണി കാരണം എറണാകുളത്തുള്ള ട്രാഫിക്ക് ബ്ലോക്കും അതിനു പരിഹാരമായി സൈക്കിളും.. പിന്നെ ആതുരസേവനം നടത്തുന്ന ഡോക്ടർമാർ സേവനം നിർത്തി സമരത്തിനിറങ്ങുന്നതിനേക്കുറിച്ച്.. പോലീസിലെ പുഴുക്കുത്തുകളും കെടുകാര്യസ്ഥതയും.. എന്നുവേണ്ട മുഖ്യമന്ത്രിയുടെ ജനസമ്പർക്കവും അങ്ങേർക്കു കിട്ടിയ കല്ലേറും വരെ സൂചിപ്പിക്കുന്നു..”
“പിന്നെ എന്തോ വേണം.. നീ ബാക്കി കഥ പറ”
“അങ്ങനെ അടി കിട്ടിയതോടെ മമ്മൂട്ടിക്ക് പോലീസിലുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നു. ഭാര്യയ്ക്ക് പ്രസവം അടുത്തതോടെ സർക്കാർ ആശുപത്രിയിൽ എത്തുമ്പോൾ അവിടെ ഡോക്ടർമാരുടെ സമരം.. ഉടനെ അത്യാസന്ന നിലയിൽ അവരെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നു. അതോടെ പ്രശ്നമായി. രണ്ടു മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപ വേണം. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്ക് ചെന്നു സഹായം ചോദിക്കാമെന്നു വച്ചപ്പോൾ അവിടെ ഭയങ്കര തിരക്ക്. മുഖ്യമന്ത്രിയെക്കാണാൻ പോലീസിന്റെ സഹായം ചോദിച്ചു ചെന്ന മമ്മൂട്ടിയെ മണിയമ്പിള്ള രാജു വീണ്ടും കളിയാക്കി വിടുന്നു. പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോ കാണിച്ചിട്ട് അവരെ പിടിച്ചു തന്നാൽ എത്ര പണം വേണമെങ്കിലും തരാം എന്നു പറയുന്നു പോലീസേമാൻ..”
“കൊള്ളാം.. എന്നിട്ട്..”
“എന്നിട്ടെന്താ.. അവിടെ നിന്നും വെളിയിലിറങ്ങിയ ഉടനെ അതാ പോകുന്നു ഒരു പിടികിട്ടാപ്പുള്ളി.. അവനെ പിന്തുടർന്നു ചെന്ന് അവരുടെ രഹസ്യമെല്ലാം മനസ്സിലാക്കി അവരെ ഇടിച്ചു പരുവമാക്കിയപ്പോഴാണ് അറിയുന്നത് സർക്കാരിൽ നിന്നും പണം കിട്ടാൻ വർഷങ്ങളെടുക്കുമെന്ന്. എന്തായാലും തീവ്രവാദികൾ സഹായിക്കാമെന്നേറ്റു. അങ്ങനെ ഭാര്യയുടെ പ്രസവം നടത്തി. അതു കഴിഞ്ഞപ്പോൾ മനഃസാക്ഷിക്കുത്തു തുടങ്ങി. തങ്ങൾക്ക് അഭയം നൽകിയ കേരളത്തെ ബോംബിട്ടു നശിപ്പിക്കുന്ന തീവ്രവാദികളെ പിടിച്ചേ അടങ്ങൂ എന്നും പറഞ്ഞു മമ്മൂട്ടി ഗോദയിലേക്കിറങ്ങുന്നു.”
“ഇനി ബാക്കി പറയണ്ട.. ഞാൻ ഊഹിച്ചോളം.. എന്നാൽ ശരി.. പിന്നെ കാണാം..”
No comments:
Post a Comment