Sunday, 6 October 2019

അമ്പിളി


"'അമ്പിളി' ഒരു നിഷ്കളങ്കമായ സിനിമയാണ്.."

"അതെന്താണ് രാഘവാ ഈ നിഷ്കളങ്കമായ സിനിമ!"

"ഒരു സിനിമയിലെ കഥാപാത്രങ്ങളൊന്നും ദുഷ്ടവിചാരത്തോടെ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത സിനിമ.. ഈ കഥയില്‍ ഒരു വില്ലന്‍ ഇല്ല!! ഞാന്‍ കഥ പറയുമ്പോള്‍ തനിക്കതു മനസ്സിലാകും.."

"എന്നാല്‍ കഥ പറ.."

"കാശ്മീരില്‍ മിലിട്ടറി ഉദ്യോഗസ്ഥരായ രണ്ടു പേര്‍; ഗണപതിയും കുര്യനും; കുടുംബത്തോടൊപ്പം അടുത്തടുത്തു താമസിക്കുന്നു. ഗണപതിക്ക് ഒരു മകന്‍ - 'അമ്പിളി'. കുര്യന് രണ്ടു മക്കള്‍. മൂത്തത് ടീന. ഇളയവന്‍ ബോബി. ഇവര്‍ മൂന്നുപേരും കളിക്കൂട്ടുകാരായിരുന്നു. കുഞ്ഞുന്നാള്‍ മുതലേ അമ്പിളിക്ക് ടീനയോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. ടീനയ്ക്ക് തിരിച്ചും. ആ ഇഷ്ടം വളര്‍ന്നു വലുതായപ്പോഴും അവര്‍ കാത്തുസൂക്ഷിച്ചു. ടീന ഇപ്പോള്‍ ഡല്‍ഹിയില്‍ നഴ്സ് ആണ്. കുടുംബാംഗങ്ങളുടെ മരണത്തോടെ ഒറ്റയ്ക്കായ അമ്പിളി നാട്ടിലും. എങ്കിലും അവര്‍ വീഡിയോ കോളിലൂടെ നിത്യവും തങ്ങളുടെ ഇഷ്ടം പങ്കുവച്ചിരുന്നു.



പ്രായമായിട്ടും ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കനാണ് അമ്പിളി. കട്ടപ്പനയിലെ നാട്ടുകാര്‍ക്കൊക്കെ അവന്‍ പ്രിയങ്കരനാണ്. സൌബിന്‍ എന്ന നടന്റെ കരിയറിലെ അവിസ്മരണീയമായ ഒരു കഥാപാത്രമായിരിക്കും 'അമ്പിളി' എന്നതില്‍ സംശയമില്ല. കാരണം സൌബിന്‍ അമ്പിളിയെ അത്രമേല്‍ ഹൃദയസ്പര്‍ശിയാക്കിയിരിക്കുന്നു. കാപട്യവും പൊയ്മുഖങ്ങളും നിറഞ്ഞ ലോകത്ത് ഇവയൊന്നും ഇല്ലാതെ നിലനില്‍ക്കുന്ന അമ്പിളി വേറിട്ട ഒരു കാഴ്ചയാണ്.

തന്റെ കളിക്കൂട്ടുകാരനായ ബോബി ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു സൈക്കിളിസ്റ്റ് ആയി മാറിയിരിക്കുന്നു. ബോബിക്ക് നാട്ടിലൊരു സ്വീകരണം കൊടുക്കാന്‍ അമ്പിളി നേതൃത്വം വഹിക്കുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന ബോബിക്ക് അമ്പിളിയുടെ സ്നേഹമോ അവന്റെ പെരുമാറ്റമോ ഹൃദ്യമായി തോന്നിയില്ല. അവന്‍ അമ്പിളിയെ കഴിവതും ഒഴിവാക്കാനാണു ശ്രമിക്കുന്നത്.

ഇതിനിടയില്‍ അവധിയെടുത്ത് ടീനയും നാട്ടിലെത്തുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നേരില്‍ കാണുന്ന അമ്പിളിയും ടീനയും.. അവരുടെ സ്നേഹം മുഴുവനും മനോഹരമായ ഒരു പാട്ടിലോതുക്കി സംവിധായകന്‍.

"ആരാധികേ.. 
മഞ്ഞുതിരും വഴിയരികേ..
നാളേറെയായ്..
കാത്തുനിന്നു മിഴി നിറയേ..
നീയെങ്ങു പോകിലും അകലേയ്ക്ക് മായിലും
എന്നാശകള്‍ തന്‍ മണ്‍തോണിയുമായ്
തുഴഞ്ഞരികേ ഞാന്‍ വരാം
എന്റെ നെഞ്ചാകെ നീയല്ലേ..
എന്റെ ഉന്മാദം നീയല്ലേ..
നിന്നെയറിയാന്‍ ഉള്ളു നിറയാന്‍ 
ഒഴുകിയൊഴുകി ഞാന്‍
ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ.."

വീട്ടില്‍ വിവാഹാലോചന തുടങ്ങിയപ്പോള്‍ ടീന അമ്പിളിയെ ഇഷ്ടമാണെന്ന് അറിയിക്കുന്നു. പക്ഷേ ബോബിക്ക് ആ ബന്ധം ഒട്ടും ഇഷ്ടമായില്ല. അവന്‍ അമ്പിളിയുടെ വീട്ടിലെത്തി അവനെ തല്ലുന്നു. പിറ്റേന്ന് മുന്‍പു നിശ്ചയിച്ച പ്രകാരം ബോബി കാശ്മീരിലേയ്ക്ക് സൈക്കിളില്‍ ഒരു യാത്ര പുറപ്പെടുന്നു. ആരോടും പറയാതെ അമ്പിളിയും അവനോടൊപ്പം മറ്റൊരു സൈക്കിളില്‍ അവനെ പിന്തുടരുന്നു. ആദ്യമൊക്കെ ബോബി അവനെ ഒഴിവാക്കാന്‍ പല ശ്രമങ്ങളും നടത്തുന്നു. എന്നാല്‍ പിന്നീട് അമ്പിളിയുടെ സ്നേഹവും കരുതലും അവന്റെ മനസ്സ് മാറ്റുന്നു. അവര്‍ കാശ്മീരില്‍ എത്തുമ്പോഴേക്കും ബോബി അമ്പിളിയുടെ പഴയ കളിക്കൂട്ടുകാരനായി മാറിയിരുന്നു. തന്നെ സൈക്കിള്‍ പഠിപ്പിച്ച തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠനായിരുന്ന അമ്പിളിയെ ബോബി മനസ്സിലാക്കുന്നിടത്തു സിനിമ അവസാനിക്കുന്നു."



"നീ പറഞ്ഞതു ശരിയാണ് രാഘവാ.. നിഷ്ക്കളങ്കമായ സിനിമ.. പ്രേക്ഷകരുടെ മനസ്സില്‍ നന്മയുടെ സ്ഫുരണങ്ങള്‍ ഉണര്‍ത്തുന്ന ഇത്തരം സിനിമകളാണ് ഇന്നിന്റെ ആവശ്യം."

Wednesday, 25 September 2019

Monster


"രാഘവാ, നീ ഇന്നലെ ഒരു എലിപ്പെട്ടിയുമായി പോകുന്നതു കണ്ടല്ലോ?"

"ഓ, ഒന്നും പറയണ്ട ശേഖരാ.. വീട്ടില്‍ ഭയങ്കര എലി ശല്യം. ഒരൊറ്റ ചാക്ക് വെച്ചേക്കാന്‍ പറ്റില്ല. എല്ലാം അവന്മാര്‍ കരണ്ടുമുറിക്കും. ഞാന്‍ കുറച്ചുനാള്‍ മുന്നേ ഒരു സിനിമ കണ്ടു. "Monster".. അതിലെ അവസ്ഥയാണ്.."

"ആ കഥ നീ പറഞ്ഞില്ലല്ലോ! ഇംഗ്ലീഷ് സിനിമ ആണോ? അവന്മാരാണല്ലോ മൃഗങ്ങളെ വച്ചു പടംപിടിക്കാന്‍ മിടുക്കന്മാര്‍"

"ഇത് ഇംഗ്ലീഷ് അല്ല. തമിഴ് പടം.. എന്നാല്‍ ഒരു ഹോളിവുഡ് സിനിമയോടു കിടപിടിക്കത്തക്ക വിധത്തില്‍ ഒരു എലിയെ കേന്ദ്രകഥാപാത്രമാക്കി ഭംഗിയായി ചെയ്തിരിക്കുന്നു.."

"തമിഴിലും അത്തരം സിനിമകള്‍ ഇറങ്ങിത്തുടങ്ങിയോ? കൊള്ളാമല്ലോ!!"

"വളരെ രസകരമായാണ് ഈ സിനിമ എടുത്തിരിക്കുന്നത്. ഇതിലെ നായക കഥാപാത്രമായ  'അഞ്ചാനം അഴകിയ പിള്ള' ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ്. വാടക വീട്ടിലാണു താമസം. 36 വയസ്സായെങ്കിലും വിവാഹം കഴിച്ചിട്ടില്ല. പെണ്ണുകാണല്‍ തകൃതിയായി നടക്കുന്നു. പക്ഷേ ഒന്നും അങ്ങോട്ടു ശരിയാകുന്നില്ല. സ്വന്തമായി വീടില്ലാത്തതുകൊണ്ട് അവസാനം വന്ന ആലോചനയും മുടങ്ങുമെന്നായപ്പോള്‍ പിള്ള ഒരു വീടു വാങ്ങാന്‍ തീരുമാനിച്ചു.

പല വീടുകളും നോക്കി അവസാനം അദ്ദേഹം ഒരു ഫ്ലാറ്റ് വാങ്ങി. നല്ല കെട്ടിടം.. ശാന്തമായ പരിസരം.. സ്വന്തമാക്കിയ ഫ്ലാറ്റിനെകുറിച്ചുള്ള  അഭിമാനത്തോടെ അഴകിയ പിള്ള കുറച്ചു ദിവസം സുഖമായി ഉറങ്ങി. പിന്നെപ്പിന്നെ ചെറിയ പ്രശ്നങ്ങള്‍ ആരംഭിച്ചു. ആദ്യമൊക്കെ ആഹാരപദാര്‍ത്ഥങ്ങള്‍ കാണാതാവുന്നതായിരുന്നു പ്രശ്നം. എലിയാണ് ശല്യക്കാരന്‍ എന്നു മനസ്സിലാക്കിയതോടെ എല്ലാം അടച്ചുവയ്ക്കാന്‍ തുടങ്ങി. എന്നാല്‍ എലി പാത്രങ്ങളൊക്കെ തള്ളിത്തുറന്നു തിന്നാന്‍ തുടങ്ങി. രാത്രിയില്‍ മുഴുവന്‍ എലി കരണ്ടുന്ന ശബ്ദം കാരണം പിള്ളയ്ക്ക് ഉറക്കമില്ലാതായി.



സഹജീവികളെ ദ്രോഹിക്കുക എന്നത് അഴകിയ പിള്ളയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും ഗത്യന്തരമില്ലാതെ അദ്ദേഹം ഒരു എലിപ്പെട്ടി വാങ്ങി. എന്നാല്‍ പെട്ടിക്കുള്ളില്‍ പെടാതെ എലി തന്ത്രപൂര്‍വ്വം സാധനങ്ങള്‍ കൊണ്ടുപോകാന്‍ തുടങ്ങി. പിള്ളയും വിട്ടുകൊടുത്തില്ല. എല്ലാ മുറിയിലും എലിപ്പെട്ടി വാങ്ങിവച്ചു. അതിലും എലി പെട്ടില്ല. അവസാനം ഉറക്കം നഷ്ടപ്പെട്ട പിള്ള ലീവെടുത്ത് എലിയെ പിടിക്കാന്‍ ഒളിച്ചിരുന്നു. വീടുമുഴുവന്‍ അലങ്കോലമായെങ്കിലും ഒടുവില്‍ പിള്ള വിജയിച്ചു. എലി കുടുങ്ങി.

അയാള്‍ അതിനെ പുറത്തുള്ള ചവറ്റുകുട്ടയില്‍ തള്ളി. അന്ന് അഴകിയ പിള്ള സ്വസ്ഥമായി ഉറങ്ങി. ഇതിനിടയില്‍ അവസാനം വന്ന വിവാഹാലോചന ഏകദേശം ഉറച്ച മട്ടായി. ആ പെണ്‍കുട്ടിക്ക് ഒരു സര്‍പ്രൈസ് കൊടുക്കാനായി പിള്ള വിലകൂടിയ ഒരു സോഫാ വാങ്ങി. ഇതിനിടയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു ഫയല്‍ വീണ്ടും എലി കരണ്ടിരിക്കുന്നതായി പിള്ള കാണുന്നത്. എലി തിരിച്ചെത്തിയിരിക്കുന്നു. പൊടിപിടിക്കാതിരിക്കാന്‍  മൂടിയിട്ടിരുന്ന സോഫായിലെ തുണിമാറ്റിനോക്കിയ പിള്ള ഞെട്ടിപ്പോയി. സോഫാ മുഴുവന്‍ എലി കരണ്ടിരിക്കുന്നു. ജന്തുസ്നേഹമൊക്കെ മറന്ന് എലിയുടെ പിറകെയുള്ള പിള്ളയുടെ ഓട്ടം രസകരമാണ്. ഈ ബഹളത്തിനിടയില്‍ തീ പടര്‍ന്നു സോഫാ മുഴുവന്‍ കത്തിപ്പോകുന്നു.



ഇങ്ങനെ സിനിമ രസകരമായി മുന്നേറുമ്പോഴാണ് മറ്റൊരു കഥ കയറിവരുന്നത്.  ആ ഫ്ലാറ്റിന്റെ നിര്‍മ്മാണഘട്ടങ്ങളില്‍ ഒരു കള്ളക്കടത്തുസംഘം  അവിടം താവളമാക്കിയിരുന്നു. പോലീസിന്റെ വലയില്‍ പെടുന്നതിനു മുന്‍പ് കുറച്ചു രത്നങ്ങള്‍ അവര്‍ ഒരു റസ്കിന്റെ ഉള്ളിലാക്കി അവിടെ സൂക്ഷിച്ചിരുന്നു. തിരികെ എത്തിയ അവര്‍ അഴകിയ പിള്ളയുടെ കണ്ണുവെട്ടിച്ച് ആ പൊതി കൈക്കലാക്കി. എന്നാല്‍ അതിലൊരു രത്നം കാണാനില്ല. റസ്ക് തിന്ന കൂട്ടത്തില്‍ എലി ആ രത്നവും തിന്നിട്ടുണ്ടെന്നു മനസ്സിലാക്കിയ സംഘം അതിനെ കുടുക്കാന്‍ തീരുമാനിക്കുന്നു. 'Pest Controller' ആണെന്നു പറഞ്ഞ് അവര്‍ പിള്ളയെ സമീപിക്കുന്നു.



അവരുടെ ഉപദേശപ്രകാരം എലി സഞ്ചരിക്കാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി കമ്പി ഇട്ട് ഷോക്ക് കൊടുത്ത് അതിനെ കൊല്ലാനുള്ള ക്രമീകരണങ്ങള്‍ നടത്തിയെങ്കിലും അവസാനനിമിഷം പിള്ള സ്വിച്ച് ഓഫ് ചെയ്യുന്നു. പിറ്റേന്ന് കള്ളക്കടത്തുസംഘത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പിള്ള എലിവിഷം വയ്ക്കുന്നു. അതുതിന്ന് അടുത്ത വീട്ടിലെ പൂച്ച ചാകുന്നതും  ദുര്‍ഗന്ധം കാരണം ഫ്ലാറ്റില്‍ കയറാന്‍ കഴിയാത്ത അവസ്ഥയുമൊക്കെ ശരിക്കും ചിരി പടര്‍ത്തും.

അവസാനം എലി ഒരു എലിപ്പെട്ടിക്കുള്ളില്‍ പെടുന്നു. അതിനെ മുക്കികൊല്ലാനുള്ള കള്ളക്കടത്തുകാരുടെ ശ്രമങ്ങളെ ചെറുത്ത് പിള്ള അതിനെ രക്ഷിക്കുന്നു. അയാള്‍ അതിനെ ദൂരെ വിജനമായ ഒരു സ്ഥലത്തു കൊണ്ടുക്കളയുന്നു. തിരികെ ഫ്ലാറ്റിലെത്തിയ പിള്ള പിന്നീടാണ് അതു ശ്രദ്ധിക്കുന്നത്. ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ കുറെ എലിക്കുഞ്ഞുങ്ങള്‍. അയാള്‍ അവയെ അതിന്റെ അമ്മയുടെ അടുത്തെത്തിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു."

"തമാശയാണെങ്കിലും ഇതിലും മനസ്സിലാക്കേണ്ട കുറെ കാര്യങ്ങളുണ്ട് രാഘവാ. നീയും എലിയെപ്പിടിച്ചു മുക്കികൊല്ലാനൊന്നും നിക്കണ്ട. ദൂരെ എവിടെയെങ്കിലും കൊണ്ടുക്കള. അതും ഭൂമിയുടെ അവകാശികള്‍."

Sunday, 15 September 2019

A Dog's Way Home


"രാഘവാ, നീ ഒരു നായയെ വാങ്ങിയെന്നു കേട്ടു. ഏതാ ഇനം.."

"ലാബ്രഡോർ. ജനിച്ചിട്ടു മൂന്നു മാസമേ ആയിട്ടുള്ളൂ. കുറഞ്ഞ വിലയ്ക്കു കിട്ടി. അതുപറഞ്ഞപ്പൊഴാ ശേഖരാ, ഞാന്‍ ഇന്നലെ ഒരു സിനിമ കണ്ടു.. 'A Dog's Way Home'."

"നായയെ കുറിച്ചുള്ള പടമാണെന്നു തോന്നുന്നല്ലോ?"

"അതെ. ഉടമസ്ഥനില്‍ നിന്നും വേര്‍പെട്ട ഒരു നായ വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ യജമാനന്റെ അടുത്ത് തിരികെയെത്തുന്നതാണ് കഥ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും ഈ സിനിമ."

"ഹോളിവുഡ് സിനിമകളില്‍ മൃഗങ്ങളെക്കൊണ്ട് ഡയലോഗ് പറയിപ്പിക്കുന്ന രീതി കണ്ടിട്ടുണ്ട്. അതുപോലെ വല്ലതും ആണോ?"

"ഇതില്‍ മൃഗങ്ങളൊന്നും മനുഷ്യഭാഷ സംസാരിക്കുന്നില്ല. ബെല്ല എന്ന നായയുടെ ചിന്തകള്‍ മാത്രം ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കുറേക്കൂടി യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്നു ഈ സിനിമ.

'ബെല്ല' എന്ന പട്ടിയുടെ കഥയാണിത്. പൊട്ടിപ്പൊളിഞ്ഞ ഒരു കേട്ടിടത്തിനടിയിലാണ് അവള്‍ ജനിച്ചത്. അവളോടൊപ്പം അവിടെ കുറെ പൂച്ചകുട്ടികളും ഉണ്ടായിരുന്നു. ഒരു ദിവസം മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വന്ന് അവളുടെ അമ്മയെയും മറ്റു പട്ടിക്കുട്ടികളെയും പൂച്ചകളെയും ഒക്കെ പിടിച്ചുകൊണ്ടുപോയി. ഒരു തള്ളപ്പൂച്ച തന്റെ മക്കളെ രക്ഷിക്കുന്നതോടൊപ്പം ബെല്ലയെയും അവിടെനിന്നും മാറ്റി. അതോടെ ആ പൂച്ച അവള്‍ക്ക് അമ്മയായി. ആ പൂച്ചയുടെ പാലു കുടിച്ച് അവള്‍ വളര്‍ന്നു.

ഈ കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള വീട്ടിലാണ് 'ലൂക്കാസ്' എന്ന പയ്യന്‍ തന്റെ അമ്മയോടൊപ്പം താമസിക്കുന്നത്. ഉടമസ്ഥന്റെ അനുവാദമില്ലെങ്കിലും ലൂക്കാസും അവന്റെ കൂട്ടുകാരി ഒലീവിയയും ആ പൊളിഞ്ഞ കെട്ടിടത്തിന്റെ അടിയിലുള്ള പൂച്ചകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോകും.ഒരിക്കല്‍ ഭക്ഷണം കൊടുക്കാനെത്തിയ ആ പയ്യന്റെ അടുത്തേക്ക് ബെല്ല ഓടിച്ചെന്നു. അവന് ആ പട്ടിയെ ഇഷ്ടമായി. അവന്‍ അതിനെ എടുത്തുകൊണ്ടുപോയി വളര്‍ത്തി. 'ബെല്ല' എന്നു പേരിട്ടു. ആ വീട്ടിലെ ഒരു അംഗത്തെപ്പോലെ അവള്‍ സന്തോഷത്തോടെ വളര്‍ന്നു.


പിന്നെപ്പിന്നെ ബെല്ലയും ലൂക്കാസും ഒരുമിച്ചായി പൂച്ചകള്‍ക്കു ഭക്ഷണം കൊടുക്കാന്‍ പോകാറ്. അനുവാദമില്ലാതെയുള്ള ഇവരുടെ ഈ കടന്നുകയറ്റം ആ കെട്ടിടത്തിന്റെ ഉടമസ്ഥന് ഇഷ്ടമായില്ല. അയാള്‍ മൃഗസംരക്ഷണ വകുപ്പിനു പരാതി കൊടുത്തു. ബെല്ല 'pitbull' ഇനത്തില്‍പ്പെട്ട നായയാണെന്നും അതിനെ വളര്‍ത്തുന്നത് അപകടകരമാണെന്നും ആയിരുന്നു പരാതി. അതോടെ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ബെല്ലയെ പിടിച്ചുകൊണ്ടുപോയി.

ഇനി നായയെ വെളിയില്‍ വിടില്ല എന്ന ഉപാധിയോടെ പിഴ അടച്ചു ലൂക്കാസ് ബെല്ലയെ പുറത്തെത്തിച്ചു. ഡെന്‍വറില്‍ ബെല്ലയെ വളര്‍ത്താന്‍ കഴിയില്ല എന്നായതോടെ ലൂക്കാസും അമ്മയും ആ പ്രദേശത്തിനു പുറത്ത് ഒരു വീടുനോക്കാന്‍ തീരുമാനിച്ചു. അതുവരേയ്ക്കും ബെല്ലയെ അവിടെനിന്നും 400 മൈല്‍ അകലെ താമസിക്കുന്ന ഒലീവിയയുടെ അമ്മാവന്റെ കൂടെയാക്കി തീരുമാനിച്ചു. എന്നാല്‍ ബെല്ല അവിടെനിന്നും ചാടിപ്പോയി.


അവള്‍ തന്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി. കൂട്ടിന് അമ്മ നഷ്ടപ്പെട്ട ഒരു പുലികുഞ്ഞിനേയും കിട്ടി. കാട്ടിലൂടെ നടക്കുമ്പോള്‍ ചെന്നായ്കളില്‍ നിന്നും ആ പുലിക്കുഞ്ഞിനെ അവള്‍ രക്ഷിച്ചു. അവര്‍ ഒരുമിച്ചു കളിച്ചും ഭക്ഷണം കണ്ടെത്തിയും ഉറങ്ങിയും കാലം കടന്നുപോയി. അപ്പോഴും സ്വന്തം വീട്ടിലേക്കു മടങ്ങാനുള്ള അതിയായ ആഗ്രഹമായിരുന്നു അവള്‍ക്ക്.


ഇതിനിടയില്‍ മഞ്ഞിനടിയില്‍പെട്ട ഒരാളെ അവള്‍ രക്ഷിക്കുന്നുണ്ട്. പിന്നെ കുറേക്കാലം ബെല്ല ഒരു ഭിക്ഷക്കാരന്റെ കൂടെയായി. അയാള്‍ അവളെ കെട്ടിയിട്ടു. വിജനമായ സ്ഥലത്തുവച്ച് അയാള്‍ മരിച്ചപ്പോള്‍ കെട്ടില്‍ നിന്നും രക്ഷപെടാനാകാതെ ബെല്ല കിടന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം കഴിഞ്ഞ അവളെ ചില അപരിചിതര്‍ രക്ഷിച്ചു. അവിടെ നിന്നും ഓടി കാട്ടിലെത്തുന്ന അവളെ ചെന്നായ്ക്കള്‍ ആക്രമിച്ചു. എന്നാല്‍ അപ്പോഴേക്കും വളര്‍ന്നു വലുതായ ആ പുലിക്കുഞ്ഞ് ബെല്ലയെ രക്ഷിച്ചു. അതിനോടു യാത്രപറഞ്ഞു ബെല്ല വീണ്ടും തന്റെ വീടുതേടി പുറപ്പെട്ടു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ ലൂക്കാസിനെ കണ്ടെത്തുന്നിടത്ത് സിനിമ അവസാനിക്കുന്നു."


"രാഘവാ, എനിക്കും ഇങ്ങനെ ഒരു അനുഭവമുണ്ട്. ഞാന്‍ ഒരു പൂച്ചകുഞ്ഞിനെ നാലഞ്ചു കിലോമീറ്റര്‍ ദൂരെ കൊണ്ടുക്കളഞ്ഞു. എന്നാല്‍ നാലു ദിവസം കഴിഞ്ഞപ്പോള്‍ അതു വീട്ടില്‍ നില്‍ക്കുന്നു. മൃഗങ്ങള്‍ക്കുള്ള പല വിശേഷപ്പെട്ട കഴിവുകളും മനുഷ്യനില്ല."

"ശരിയാണ് ശേഖരാ.. നമ്മുടെ നാട്ടില്‍ അടുത്തിടെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിനു മുന്‍പ് അവിടങ്ങളിലുള്ള മൃഗങ്ങള്‍ ചില പ്രത്യേക രീതിയില്‍ കരയുകയും അസ്വസ്ഥതകള്‍ കാട്ടുകയും ചെയ്തിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു."

"ഇനി ഇതുപോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ നേരത്തെ അറിയാന്‍ മൃഗങ്ങളെ വളര്‍ത്തേണ്ടി വരുമല്ലോ!"

Monday, 2 September 2019

Virus


"രാഘവാ, ഞാന്‍ ഇന്നലെ കണ്ട സിനിമ - 'വൈറസ്'"

"അല്ല ശേഖരാ, ഈ വൈറസ് എന്നു പറയുമ്പോള്‍ രോഗാണുവാണോ അതോ കമ്പ്യൂട്ടര്‍ വൈറസോ?"

"ഇതില്ലെ 2018 -ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉണ്ടായ നിപ്പ വൈറസ് ആക്രമണത്തിന്റെ ഒരു നേര്‍ചിത്രമാണ്. വേണ്ടതിനും വേണ്ടാത്തത്തിനും ആശുപത്രികളിലേക്കോടുന്ന എല്ലാവരും കണ്ടിരിക്കേണ്ട സിനിമ."

"അല്ല ശേഖരാ, ഈ വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനമല്ലേ കാഴ്ചവെച്ചത്?"

"ശരിയാണ്. രോഗം പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എല്ലാം സര്‍ക്കാരും ആരോഗ്യവകുപ്പും എടുത്തു. അതില്‍ അവര്‍ പൂര്‍ണ്ണമായി വിജയിക്കുകയും ചെയ്തു. പക്ഷേ മറ്റു ചില വിഷയങ്ങള്‍ പറയാതെ വയ്യ. സാധാരണ മറ്റു രാജ്യങ്ങളില്‍ നിപ്പ ബാധ ഉണ്ടായപ്പോള്‍ രോഗം ബാധിച്ച 75% പേരും മരിച്ചു എന്നതായിരുന്നു അവസ്ഥ. എന്നാല്‍ കേരളത്തില്‍ അത് 100% ആയിരുന്നു. ആദ്യം രോഗം ബാധിച്ച 18 പേരില്‍ ആരും രക്ഷപെട്ടില്ല. ആരോഗ്യരംഗത്തു കേരളം No. 1 ആണെന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്"

"എന്തുകൊണ്ടാണ് നമ്മുടെ ആശുപത്രികള്‍ക്കു രോഗം വന്ന ഒരാളെ പോലും രക്ഷപെടുത്താന്‍ കഴിയാതിരുന്നത്?"

"അതിനു പല കാരണങ്ങളുണ്ട്. രോഗം സ്ഥിരീകരിക്കാന്‍ എടുത്ത കാലതാമാസമാണ് പ്രധാന കാരണം. അന്നു കേരളത്തില്‍ ഒരു വൈറോളജി ലാബ് ഉണ്ടായിരുന്നില്ല. സാമ്പിളുമായി മണിപ്പാലില്‍ പോകണമായിരുന്നു. എന്നാല്‍ നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും തിരുവനന്തപുരത്ത് ഒരു 'Virology Institute' തുടങ്ങുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കാരണം നിപ്പയ്ക്കുള്ള മരുന്നെത്തിക്കുവാനുള്ള പ്രശ്നങ്ങളാണ്. ആസ്ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്യണം. ആ മരുന്നാകട്ടെ പൂര്‍ണ്ണമായി സജ്ജവും അല്ല. പരീക്ഷണങ്ങള്‍ നടക്കുന്നതേയുള്ളൂ."

"ഈ സംഭവത്തില്‍ ഒരു സിനിമയ്ക്കുള്ള കഥയുണ്ടോ?"

"അതാണ് ഈ സിനിമയുടെ പ്രത്യേകതയും. ഒരു ഡോക്യുമെന്ററിയ്ക്ക്‌ പറ്റിയ വിഷയം സിനിമയായി വലിയ ക്യാന്‍വാസില്‍ മനോഹരമായി എടുത്തിരിക്കുന്നു. ഇതില്‍ ചെറിയ വേഷങ്ങള്‍ പോലും കൈകാര്യം ചെയ്തിരിക്കുന്നതു പ്രമുഖരായ നടീനടന്മാരാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരും മത്സരിച്ചഭിനയിക്കുന്നത് ഈ സിനിമയെ വേറിട്ട ഒരു കാഴ്ച്ചയാക്കുന്നു. ഇതില്‍ ആരോഗ്യമന്ത്രി ശൈലജടീച്ചറായി രേവതി അഭിനയിക്കുന്നു. കോഴിക്കോട് കലക്ടറായി ടോവിനോ തോമസ്‌, വൈറോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടറായി കുഞ്ചാക്കോ ബോബന്‍, മറ്റു ഡോക്ടര്‍മാരായി പാര്‍വതി, ഇന്ദ്രജിത്ത്, റഹ്മാന്‍, ശ്രീനാഥ് ഭാസി എന്നിവരും അഭിനയിക്കുന്നു. രോഗികളായി എത്തുന്നവരില്‍ പ്രമുഖര്‍ ഇന്ദ്രന്‍സ്, ആസിഫ് അലി, മഡോണ സെബാസ്റ്റ്യന്‍, സൌബിന്‍ ഷാഹിര്‍, ദിലേഷ് പോത്തന്‍ എന്നിവരാണ്. രോഗം ബാധിച്ചു മരിച്ച നഴ്സ് ലിനി പുതുശ്ശേരിയായി റിമാ കല്ലിങ്കല്‍ അഭിനയിക്കുന്നു. കൂടാതെ മറ്റു കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജും രമ്യാ നമ്പീശനും വരുന്നുണ്ട്."


"ഇത്രയും വലിയൊരു താരനിരയ്ക്കു പറ്റിയ ഒരു കഥയുണ്ടോ ഇതിനകത്ത്?"


"പലര്‍ക്കും ചെറിയ വേഷങ്ങളാണ്‌. എന്നാലും അവരതു ഭംഗിയാക്കിയിരിക്കുന്നു. 2018 മെയ് 2 നു മുഹമ്മദ്‌ സാബിത്ത് എന്നയാള്‍ കോഴിക്കോട് സബ്-ഡിവിഷണല്‍ ഹോസ്പിറ്റലില്‍ എത്തുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. അടിയന്തിര ചികിത്സയ്ക്കായി അയാളെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്കു കൊണ്ടുപോകുന്നു. അവിടെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അയാളില്‍ നിന്നും ആ വാര്‍ഡില്‍ ഉണ്ടായിരുന്ന മറ്റു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രോഗം പകരുന്നു. അവിടെ നഴ്സ് ആയിരുന്ന ലിനിയ്ക്കും അണുബാധയേല്‍ക്കുന്നു."


"ശരിയാണു രാഘവാ.. ഇന്ന് ആശുപത്രികളില്‍ ചെറിയ രോഗങ്ങളുമായി പോയാല്‍ മാരക രോഗങ്ങളുമായി തിരിച്ചുവരാം എന്ന അവസ്ഥയാണ്. ഞാന്‍ കഴിഞ്ഞ ദിവസം കൊച്ചുമോനെയും കൊണ്ട് vaccination എടുക്കാന്‍ പോയി. മരുന്നില്ലാത്തതിനാല്‍ തിരിച്ചു പോന്നു. ആശുപത്രിയിലാണെങ്കില്‍ പനിക്കാരാണ് കൂടുതല്‍. തിരിച്ചെത്തിയതോടെ കുഞ്ഞിനു പനിയായി."

"ശേഖരാ, ഇപ്പോഴും നമ്മുടെ പല സര്‍ക്കാര്‍ ആശുപത്രികളുടെയും അവസ്ഥ ശോചനീയമാണ്. മെഡിക്കല്‍ വേസ്റ്റ്‌ ശരിയായി സംസ്കരിക്കാതെ കൂട്ടിയിടുന്നതു മൂലം പടരുന്ന രോഗങ്ങള്‍ ഒട്ടനവധിയുണ്ട്. ഇതൊക്കെയാണെങ്കിലും ഏതാശുപത്രിയില്‍ ചെന്നാലും രോഗികളുടെ കാര്യത്തില്‍ ഒരു കുറവുമില്ല. എല്ലാവരും രോഗികള്‍.."

"രാഘവാ, എല്ലാ വര്‍ഷവും നമ്മുടെ നാട്ടില്‍ അലോപ്പതിയിലും ഹോമിയോപ്പതിയിലും ആയുര്‍വ്വേദത്തിലും ഒരുപാടു കുട്ടികള്‍ പഠിച്ചിറങ്ങുന്നു. ഇതുപോലെയുള്ള പകര്‍ച്ചവ്യാധികള്‍ വരുമ്പോഴെങ്കിലും ഈ മൂന്നു വിഭാഗത്തെയും ഒരുമിച്ചു ചേര്‍ത്ത് ഒരു ചികിത്സാ പദ്ധതിയെക്കുറിച്ച് ആലോചിക്കേണ്ടതല്ലേ?"

"ചില സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ അങ്ങനെ ഒരു രീതി കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്. പക്ഷേ ഇപ്പോഴും കുറെയേറെ അലോപ്പതി ഡോക്ടര്‍മാര്‍ക്കു മറ്റുള്ളവരെ പരമ പുച്ഛമാണ്. അതു മാറിയാലേ എന്തെങ്കിലും പ്രയോജനം ഉണ്ടാകൂ. എന്തായാലും നമ്മുടെ ആരോഗ്യരംഗം അനാരോഗ്യകരമായ ഒട്ടനവധി പ്രവണതകളോടെ കുത്തഴിഞ്ഞ അവസ്ഥയിലാണെന്നു പറയാതെ വയ്യ."

Thursday, 29 August 2019

Aladdin


"ഇന്ന് 'Aladdin' എന്ന ഇംഗ്ലീഷ് സിനിമയുടെ കഥ പറയാം."

"അല്ല ശേഖരാ, ഇതു നമ്മുടെ അലാവുദ്ദീനും അത്ഭുതവിളക്കുമല്ലേ? ഒരുപാടു കേട്ടു പഴകിയ കഥ!"

"കേട്ടുപഴകിയതൊക്കെതന്നെ. പക്ഷേ, ഇത് ഒരു പുതിയ അനുഭവമാണ്. നയനാനന്ദകരമായ സീനുകള്‍.. പഴയ ഇംഗ്ലീഷ് സിനിമകളില്‍ കണ്ടുവന്നിരുന്ന, കഥാപാത്രങ്ങള്‍ പാടി അഭിനയിക്കുന്ന രീതി.. ഇതിനൊക്കെ പുറമെ കഥാപാത്രങ്ങള്‍ക്കനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുത്തത് എല്ലാം ഈ സിനിമയെ വ്യത്യസ്തമാക്കുന്നു."

"കഥയോ?"

"നമുക്ക് പരിചിതരായ കഥാപാത്രങ്ങള്‍ ഒക്കെ തന്നെ. പക്ഷേ, അവതരണരീതിയില്‍ പുതുമയുണ്ട്. ജീനിയായിട്ട് അഭിനയിച്ചിരിക്കുന്ന 'Will Smith' തന്റെ റോള്‍ ഭംഗിയാക്കിയിരിക്കുന്നു. ഇതുവരെ നമ്മള്‍ കണ്ടിട്ടുള്ള ഭൂതങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സരസനായി, കുസൃതികള്‍ ഒപ്പിക്കുന്ന ഒരു ഭൂതം. അതുപോലെതന്നെയാണ് അലാവുദ്ദിന്‍ ആയി അഭിനയിച്ച 'Mena Massoud'.. ചെറിയ തരികിടകള്‍ ഒക്കെ കയ്യിലുള്ള ഒരു കള്ളന്റെ വേഷം അയാള്‍ നന്നായി ചെയ്തിരിക്കുന്നു. ജാസ്മിന്‍ എന്ന രാജകുമാരിയായി എത്തുന്നത് 'Naomi Scott' ആണ്. സുന്ദരിയായ അറേബ്യന്‍ രാജകുമാരിയായി ഉജ്ജ്വല പ്രകടനം നടത്താന്‍ പാതി ഇന്ത്യക്കാരിയായ നവോമിക്കും കഴിയുന്നു. വില്ലന്‍ ജാഫറായെത്തുന്ന 'Marwan Kenzari' യുടെ അഭിനയവും എടുത്തു പറയേണ്ടതാണ്. ജീനിയെ കൂടാതെ കുട്ടികളെ പിടിച്ചിരുത്താന്‍ പറ്റിയ 4 കഥാപാത്രങ്ങള്‍ കൂടി ഈ സിനിമയില്‍ ഉണ്ട്. അലാവുദ്ദീന്റെ സന്തതസഹചാരിയായ 'അബു' എന്ന കുട്ടിക്കുരങ്ങന്‍, ജാസ്മിന്റെ വളര്‍ത്തുമൃഗമായ 'രാജ' എന്ന കടുവ, ജാഫറിന്റെ കൂടെയുള്ള പക്ഷി 'ലാഗോ' കൂടാതെ ഒരു പറക്കുംപരവതാനിയും."

"സംഭവം കൊള്ളാമല്ലോ.. പുതിയ ടെക്നോളജി വച്ച് എടുക്കുമ്പോള്‍ സിനിമ ഗംഭീരമാകാനാണു സാദ്ധ്യത."

"ശരിയാണു രാഘവാ, ഈ സിനിമ കാണേണ്ടതു തന്നെ. ഇനി കഥ പറയാം. അഗ്രബാഹ് എന്ന അറേബ്യന്‍ രാജ്യത്താണ് കഥ നടക്കുന്നത്. അവിടെ തെരുവുകളില്‍ ചെറിയ കള്ളത്തരങ്ങള്‍ ഒക്കെ കാണിച്ചു ജീവിച്ചു പോകുന്നവരാണ് അലാവുദ്ദിനും അബുവും. ഒരിക്കല്‍ നാടുകാണാന്‍ വേഷപ്രച്ഛന്നയായി ഇറങ്ങിയ ജാസ്മിന്‍ രാജകുമാരിയെ അലാവുദ്ദിനും അബുവും ചേര്‍ന്ന് ഒരു അപകടത്തില്‍ നിന്നും രക്ഷിക്കുന്നു. അവര്‍ രണ്ടുപേരും സുഹൃത്തുക്കള്‍ ആയെങ്കിലും താന്‍ രാജകുമാരിയാണെന്ന് ജാസ്മിന്‍ അലാവുദ്ദിനോടു പറഞ്ഞില്ല.


ആ രാജ്യത്തെ സുല്‍ത്താന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് വസീര്‍ ആയ ജാഫറിനുള്ളത്. എന്നാല്‍ 'Cave of Wonders' എന്ന ഗുഹയില്‍ ഇരിക്കുന്ന മാന്ത്രികവിളക്കു സ്വന്തമാക്കി രാജ്യം പിടിച്ചെടുക്കുക എന്നതാണ് ജാഫറിന്റെയും അയാളുടെ സഹായിയായ ലാഗോ എന്ന തത്തയുടെയും ലക്‌ഷ്യം. ഗുഹയില്‍ കയറി വിളക്കെടുക്കാന്‍ പറ്റിയ ഒരാളെ തിരഞ്ഞു നടക്കുമ്പോഴാണ് ജാസ്മിനെ കാണാന്‍ കാവല്ക്കാരുടെ കണ്ണുവെട്ടിച്ച് കൊട്ടാരത്തില്‍ കയറിയ അലാവുദ്ദീനെ ജാഫര്‍ കാണുന്നത്. അലാവുദ്ദീനെ അയാള്‍ ബന്ധനസ്ഥനാക്കുന്നു. ഗുഹയില്‍ കയറി വിളക്കെടുക്കാന്‍ തന്നെ സഹായിച്ചാല്‍ വെറുതെ വിടാം എന്ന ജാഫറിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ അലാവുദ്ദീന്‍ തയ്യാറാക്കുന്നു.



ഗുഹയില്‍ കയറുന്ന അലാവുദ്ദീനും അബുവും നിധി കൂമ്പാരങ്ങളാണ് അവിടെ കാണുന്നത്. ആരെയും ആകര്‍ഷിക്കുന്ന സ്വര്‍ണ്ണവും രത്നങ്ങളും കൂട്ടിയിട്ടിരിക്കുന്നു. ഈ നിധിയിലൊന്നും തൊടാതെ വേണം മാന്ത്രികവിളക്കു കൈക്കലാക്കാന്‍. അവിടെ കല്ലിനിടയില്‍ ഉടക്കി കിടന്ന പറക്കുംപരവതാനിയെ അലാവുദ്ദീന്‍ രക്ഷിക്കുന്നു. അതോടെ ആ പരവതാനി അയാളുടെ സുഹൃത്താകുന്നു. അലാവുദ്ദീന്‍ മാന്ത്രികവിളക്കെടുക്കുന്ന സമത്ത് അബു ഒരു രത്നം കൈക്കലാക്കുന്നു. അതോടെ പാറകള്‍ വീണു ഗുഹാകവാടം അടഞ്ഞുപോകുന്നു.


എന്തുചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് അലാവുദ്ദീന്‍ ആ മാന്ത്രികവിളക്കു വൃത്തിയാക്കുന്നത്. അതോടെ വിളക്കില്‍ നിന്നും പുക ഉയരുന്നു. ഒരു ജീനി പ്രത്യക്ഷനാകുന്നു. താന്‍ അലാവുദ്ദീന്റെ അടിമയാണെന്നും തനിക്കു 3 വരങ്ങള്‍ നല്‍കാന്‍ ശക്തിയുണ്ടെന്നും ജീനി പറയുന്നു. തനിക്കു ജീനിയുടെ ശക്തിയില്‍ വിശ്വാസമില്ലെന്നും എല്ലാവരെയും ഗുഹയില്‍ നിന്നും പുറത്തെത്തിച്ചാല്‍ വിശ്വസിക്കാം എന്നായി അലാവുദ്ദീന്‍. ജീനി അവരെ പുറത്തെത്തിക്കുന്നു.


അലാവുദ്ദീന്‍ തന്റെ ആദ്യ വരം ആവശ്യപ്പെടുന്നു. ജാസ്മിനെ ആകര്‍ഷിക്കാന്‍ തക്കവണ്ണം തന്നെ ഒരു രാജകുമാരനാക്കി മാറ്റണമെന്നതായിരുന്നു അത്. അങ്ങനെ അവന്‍ അബാബ്വ രാജ്യത്തെ അലി എന്ന രാജകുമാരനാകുന്നു. കൊടിതോരണങ്ങളും ആനയും അമ്പാരിയും ഒട്ടേറെ സമ്മാനങ്ങളുമായി ഘോഷയാത്രയായെത്തുന്ന അലിയെ പക്ഷേ രാജകുമാരിക്ക് ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ പിന്നീട് അലി ജാസ്മിനെ തന്റെ പറക്കുംപരവതാനിയില്‍ നാടുകാണാന്‍ ക്ഷണിക്കുന്നു. സുന്ദരമായ ആ യാത്ര അവരെ ഇഷ്ടത്തിലാക്കുന്നു. തന്റെ സുഹൃത്ത് അലാവുദ്ദീന്‍ തന്നെയാണോ അലി രാജകുമാരന്‍ എന്നു ജാസ്മിന്‍ സംശയിക്കുന്നെങ്കിലും താന്‍ അലാവുദ്ദീന്‍ ആയി വേഷംമാറി നടന്നതായിരുന്നെന്നു പറഞ്ഞു അയാള്‍ തടിതപ്പുന്നു.


അലാവുദ്ദീന്‍ മന്ത്രികവിളക്കിന്റെ സഹായത്തോടെ അലി രാജകുമാരനായി വന്നിരിക്കുകയാണെന്ന് ജാഫര്‍ മനസ്സിലാക്കുന്നു. അയാള്‍ അലിയെ കടലിലേക്കെറിയുന്നു. ബോധം നഷ്ടപ്പെട്ട അലാവുദ്ദീനെ രണ്ടാമത്തെ വരമായി കണക്കാക്കി ജീനി രക്ഷിക്കുന്നു. സുല്‍ത്താന്റെ മുന്നില്‍ ജാഫറിന്റെ ദുഷ്ടത്തരങ്ങള്‍ വെളിപ്പെടുന്നതോടെ അയാള്‍ ജയിലിലാകുന്നു. സുല്‍ത്താന്‍ തന്റെ അനന്തരാവകാശിയായി അലി രാജകുമാരനെ നിശ്ചയിക്കുന്നു.



എന്നാല്‍ ലാഗോയുടെ സഹായത്തോടെ ജാഫര്‍ രക്ഷപെടുന്നു. അയാള്‍ അലാവുദ്ദീന്റെ കയ്യില്‍ നിന്നും മാന്ത്രികവിളക്ക് മോഷ്ടിക്കുന്നു. ജീനിയുടെ പുതിയ യജമാനനായി മാറിയ ജാഫര്‍ തന്റെ ആദ്യ വരമായി രാജാധികാരം ആവശ്യപ്പെടുന്നു. ലോകത്തെ ഏറ്റവും ശക്തനായ മാന്ത്രികനാകുക എന്നതായിരുന്നു അയാളുടെ അടുത്ത വരം. സുല്‍ത്താനെയും തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാകാത്ത ജാസ്മിനെയും അലാവുദ്ദീനെയും മറ്റുള്ളവരെയും തന്റെ മാന്ത്രികശക്തി ഉപയോഗിച്ചു കൊല്ലാന്‍ ജാഫര്‍ തീരുമാനിക്കുന്നു.


അലാവുദ്ദീന്‍ തന്റെ ബുദ്ധിശക്തി ഉപയോഗിച്ചു ജാഫറിനെ കുഴക്കുന്നു. ഇപ്പോഴും അയാളല്ല ഏറ്റവും ശക്തനായ മാന്ത്രികനെന്നും അയാളെ ഇങ്ങനെ ആക്കിയ ജീനിയാണ് ശക്തനെന്നും പറഞ്ഞു ജാഫറിനെ അലാവുദ്ദീന്‍ പ്രകോപിപ്പിക്കുന്നു. താന്‍ ഇപ്പോഴും രണ്ടാമാനാണ് എന്നുകരുതി അയാള്‍ ജീനിയോടു തന്റെ അവസാനത്തെ വരവും ചോദിക്കുന്നു. തന്നെ ജീനിയെക്കാള്‍ ശക്തനാക്കണം എന്നതായിരുന്നു അത്. ഇതോടെ ജീനി അയാളെ മറ്റൊരു ജീനി ആക്കി മാറ്റുന്നു. എന്നിട്ട് ഒരു വിളക്കിലാക്കി അടച്ച് അത്ഭുതഗുഹയിലേക്ക് എറിയുന്നു.



എല്ലാം ശാന്തമായതോടെ അലാവുദ്ദീന്‍ തന്റെ അവസാനത്തെ വരം ആവശ്യപ്പെടുന്നു. ജീനിയെ സ്വതന്ത്രനായ ഒരു മനുഷ്യനാക്കുക എന്നതായിരുന്നു അത്.  സിനിമയുടെ അവസാനം അലാവുദ്ദീന്‍ ജാസ്മിനെ വിവാഹം കഴിക്കുന്നു. ജീനി ജാസ്മിന്റെ തോഴി ഡാലിയയെയും."



"രാഘവാ, ഞാന്‍ എന്തായാലും ഈ സിനിമ കാണാന്‍ തീരുമാനിച്ചു."

Tuesday, 27 August 2019

Raatchasi


"ഇന്നേതു കഥയാ പറയാന്‍ പോകുന്നത്, രാഘവാ?"

"ഇന്നൊരു തമിഴ് കഥ പറയാം.. രാച്ചസി.. വീണ്ടും ഒരു സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സിനിമ"

"ആരാണ് നായിക?"

"ജ്യോതിക. അവര്‍ ഇതില്‍ ഗീതാറാണി എന്ന ഹെഡ്മിസ്ട്രസിനെ അവതരിപ്പിക്കുന്നു."

"അപ്പോള്‍ ഒരു സ്കൂളിനെ ചുറ്റിപ്പറ്റിയുള്ള കഥയാണല്ലേ?"

"അതെ. ചുരുക്കിപ്പറഞ്ഞാല്‍ കഥ ഇതാണ്. കതിര്‍ എന്ന ചെറുപ്പക്കാരനും ഗീതാറാണി എന്ന പെണ്‍കുട്ടിയും ഇഷ്ടത്തിലാണ്. അയാള്‍ക്ക് ഒരു ജോലി കിട്ടിയിട്ടു വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് അവര്‍ തീരുമാനിക്കുന്നു. ഗീതാറാണി പട്ടാളത്തില്‍ ചേരുന്നു. കതിരിന് ഒരു ഗ്രാമത്തിലെ പള്ളിക്കൂടത്തില്‍ അദ്ധ്യാപകനായി ജോലി കിട്ടുന്നു. എന്നാല്‍ ആകസ്മികമായി ഒരു വാഹനാപകടത്തില്‍ അയാള്‍ മരിക്കുന്നു. ഗീതാറാണി മറ്റാരെയും വിവാഹം കഴിക്കുന്നില്ല. പട്ടാളത്തില്‍ നിന്നും രാജിവച്ചു കതിര്‍ പഠിപ്പിച്ച സ്കൂളില്‍ പ്രധാന അദ്ധ്യാപികയായി അവര്‍ എത്തുന്നു. അവിടെ കതിരിന്റെ അമ്മ ടീച്ചര്‍ ആയി ജോലി നോക്കുന്നതായി ഗീതാറാണി മനസ്സിലാക്കുന്നു. തന്നെയും കുടുംബത്തിലെ അംഗമായി ചേര്‍ക്കുമോ എന്നു അവര്‍ അമ്മയോടു ചോദിക്കുന്നു."

"രാച്ചസി എന്ന പേരു കേട്ടപ്പോള്‍ ഞാന്‍ ഈ കഥയല്ല പ്രതീക്ഷിച്ചതു രാഘവാ.."

"പ്രതീക്ഷ ഒന്നും തെറ്റിക്കണ്ട ശേഖരാ.. കഥ അതുതന്നെ. ഗീതാറാണി എന്ന ഹെഡ്മിസ്ട്രസ് പൊട്ടിപ്പൊളിഞ്ഞ ഒരു സ്കൂളിനെ ശരിയാക്കിയെടുക്കുന്നതാണ് സിനിമ."

"അപ്പോള്‍ മുന്‍പ് പറഞ്ഞത്?"

"അതു കഥയിലെ കഥ. ഗീതാറാണി, തകര്‍ന്നു കിടക്കുന്ന ആ സ്കൂളില്‍ വരാനുള്ള സാഹചര്യമാണ് ആ കഥ. അവര്‍ അവിടെ വരുമ്പോള്‍ ആ സ്കൂളിന്റെ അവസ്ഥ പരിതാപകരമായിരുന്നു. പൊളിഞ്ഞു കിടക്കുന്ന ഗേറ്റും മതിലും സ്കൂള്‍ കെട്ടിടവും.. കുപ്പ കൊണ്ടുനിറഞ്ഞ സ്കൂള്‍ മൈതാനം.. സ്കൂളിനു മുന്നില്‍തന്നെ ബീഡിയും സിഗരറ്റും വില്‍ക്കുന്ന കട.. അവിടെ നിന്നും അതെല്ലാം വാങ്ങി ഉപയോഗിക്കുന്ന കുട്ടികള്‍.. സമയത്തു ക്ലാസില്‍ പോകാത്ത അദ്ധ്യാപകര്‍.. സ്കൂള്‍ സമയത്ത് ചിട്ടിയും വസ്തുക്കച്ചവടവുമായി നടക്കുന്ന അദ്ധ്യാപകര്‍.. ഇങ്ങനെ ഒരു സ്കൂള്‍ എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ആ പള്ളിക്കൂടം. അതിനെ നല്ലരീതിയില്‍ കൊണ്ടുവരുന്നതാണ് കഥ."

"അല്ല രാഘവാ, ഇങ്ങനെയും സ്കൂളുകള്‍ ഉണ്ടാകുമോ? ഇതൊക്കെ അതിശയോക്തിയല്ലേ?"

"അല്ല. ഇങ്ങനെയും സ്കൂളുകള്‍ ഉണ്ട്. എന്റെ സുഹൃത്തിന്റെ അനുഭവം പറയാം. അദ്ദേഹം അദ്ധ്യാപകനായി കേരളത്തിലങ്ങോളമുള്ള പല ജില്ലകളിലും ജോലി നോക്കി അവസാനം ഹെഡ്മാസ്റ്ററായി ഇതുപോലെയുള്ള ഒരു സ്കൂളില്‍ എത്തി. അദ്ദേഹം PTA-യുടെയും ഗവണ്മെന്റിന്റെയും സഹായത്തോടെ സ്കൂള്‍ കെട്ടിടം പുതുക്കി പണിതു. പെയിന്റ് അടിച്ചു.. ചുമരിലെല്ലാം വര്‍ണ്ണചിത്രങ്ങള്‍ ആലേഖനം ചെയ്തു.. ഉച്ചകഞ്ഞിക്കു പകരം കുട്ടികള്‍ക്ക് ചോറും കറികളും കൊടുത്തു..എന്നിട്ട് സ്കൂളിനു ചുറ്റുമതില്‍ കെട്ടാന്‍ തീരുമാനിച്ചു.. അപ്പോഴാണ് അറിയുന്നത് സ്കൂള്‍ മൈതാനം അടുത്തുള്ള വീട്ടുകാര്‍ പലരും കയ്യേറി റമ്പര്‍ വച്ചിരിക്കുന്നു എന്ന്. അദ്ദേഹം കേസിനു പോയി. അവസാനം സ്കൂളിനു അനുകൂലമായി വിധി വന്നു. മതിലുകെട്ടിയപ്പോള്‍ 20 റമ്പര്‍ മരങ്ങള്‍ സ്കൂളിനു സ്വന്തം. ഒടുവില്‍ പിരിഞ്ഞു പോകുമ്പോള്‍ sent-off കൊടുക്കാന്‍ പോലും ആരും ഉണ്ടായില്ല. അദ്ധ്യാപകര്‍ക്കും അദ്ദേഹം ഒരു തലവേദന ആയിരുന്നു."

"അല്ലേലും അത് അങ്ങനാ. പൊതുമുതല്‍ നശിച്ചാല്‍ ആര്‍ക്കാണ് ചേതം. നന്നാക്കാന്‍ ശ്രമിച്ചാലോ, അയാള്‍ കുറ്റക്കാരനാകും. റോഡിലെ കുഴി അടച്ചതിനു നടന്‍ ജയസൂര്യയ്ക്കെതിരെ കേസെടുത്ത നാടാണിത്."

"സര്‍ക്കാര്‍ സ്കൂളുകളെ തകര്‍ക്കുന്ന എല്ലാ ശക്തികളെയും ഈ സിനിമ തുറന്നുകാട്ടുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും കുട്ടികളെ റാഞ്ചാന്‍ ശ്രമിക്കുന്ന പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്റ്, അവര്‍ക്കു കുടപിടിക്കുന്ന ചില സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ കുട്ടികളെ ഉപയോഗിക്കുന്ന നേതാക്കന്മാര്‍ ഒക്കെ ഈ സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്നു. ചുരുക്കം പറഞ്ഞാല്‍ ഈ ശുദ്രശക്തികളെ എല്ലാം ധീരമായി നേരിടുന്ന ഗീതാറാണി എന്ന 'രാക്ഷസി' ആയി ജ്യോതിക തിളങ്ങുന്നു."

Thursday, 22 August 2019

ഉയരെ


"രാഘവാ, എത്രനാളായി കണ്ടിട്ട്!! നീ ഇപ്പോള്‍ എവിടെയാ?"

"ഞാന്‍ മകളുടെ കൂടെയായിരുന്നെടോ.. പേരക്കുട്ടികളെയും കളിപ്പിച്ച് അവിടെയങ്ങു കൂടി."

"രാഘവാ, നീയില്ലാതെ ഒരു രസവുമുണ്ടായിരുന്നില്ല. കഥയുമില്ല, മിണ്ടാന്‍ ആളുമില്ല! എന്റെ കണ്ണിനാണെങ്കില്‍ കാഴ്ച്ച വീണ്ടും മങ്ങിത്തുടങ്ങി."

"സാരമില്ലെടോ, എല്ലാം ശരിയാകും."

"പുതിയ കഥ ഒന്നുമില്ലേ. കഥ കേട്ടിട്ടു കാലം കുറെ ആയി."

"ഞാന്‍ കഴിഞ്ഞ ദിവസം നല്ല ഒരു സിനിമ കണ്ടു. "ഉയരെ". കാണേണ്ട പടം."

"നീ കഥ പറ.."

"ഉയരെ ഒരു കദനകഥയാണ്‌. ഒരു പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ. താന്‍ ഏറെ സ്നേഹിച്ച വ്യക്തിതന്നെ തന്റെ സ്വപ്നങ്ങളെല്ലാം തല്ലിക്കെടുത്തിയിട്ടും ഉയരങ്ങളിലേയ്ക്ക് പറന്ന പല്ലവി രവീന്ദ്രന്റെ കഥ. പ്രേമം നിരസിച്ചതിനെ തുടര്‍ന്ന് ആസിഡ് ആക്രമണത്തിനും കൊലപാതകശ്രമത്തിനും ബലാത്സംഗത്തിനും ഇരയായി ജീവിക്കേണ്ടി വരുന്ന ഒരുപാടു പെണ്‍കുട്ടികള്‍ നാമറിയാതെ നമുക്കു ചുറ്റും ഉണ്ട്. അവരുടെ വേദനയുടെ ഒരു ചെറിയ നേര്‍കാഴ്ചയാണ് ഈ സിനിമ."

"ശരിയാണ്. യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന സ്വാര്‍ത്ഥതയുടെ അങ്ങേയറ്റം ആണ് ഇത്തരം സംഭവങ്ങള്‍. തനിക്കു കിട്ടിയില്ലെങ്കില്‍ പിന്നെയവള്‍ ജീവിക്കേണ്ട എന്നു ചിന്തിക്കുന്ന മാനസികാവസ്ഥ ഒരുതരം രോഗമാണ്."

"പല്ലവി എന്ന പെണ്‍കുട്ടിയെ കേന്ദ്രമാക്കിയാണ് ഈ സിനിമ മുന്നേറുന്നത്. പൈലറ്റ്‌ ആകാന്‍ കൊതിക്കുന്ന പെണ്‍കുട്ടി. അവളുടെ ആഗ്രഹം സാധിക്കാന്‍ കൂടെ നില്‍ക്കുന്ന അച്ഛന്‍. എന്നാല്‍ കാമുകന്‍ അങ്ങനെ ആയിരുന്നില്ല. അയാള്‍ സ്വാര്‍ത്ഥനായിരുന്നു. തന്‍റെ വിഷമഘട്ടത്തില്‍ കൂടെ നിന്ന ആണ്‍കുട്ടിയോടു തോന്നിയ ഇഷ്ടമാണ് പല്ലവിക്ക് ഗോവിന്ദിനോട്. നല്ല ഒരു ജോലി സമ്പാദിച്ചു പല്ലവിയെ വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാനാണ് ഗോവിന്ദിന്റെ ആഗ്രഹം. അതിനിടയില്‍ അവളുടെ ആഗ്രഹങ്ങള്‍ അയാള്‍ക്കു പ്രശ്നമേ അല്ല.

എങ്കിലും ഒരുവിധത്തില്‍ ഗോവിന്ദിനെ സമ്മതിപ്പിച്ച് അവള്‍ പൈലറ്റ്‌ പരിശീലനത്തിനു ചേര്‍ന്നു. ചെറിയ പ്രശ്നങ്ങള്‍ക്കു പോലും ആത്മഹത്യയ്ക്കു ശ്രമിക്കുന്ന പ്രകൃതമായിരുന്നു ഗോവിന്ദിന്റെത്. അതുകൊണ്ടുതന്നെ പല്ലവി അയാളെ പേടിച്ചു തുടങ്ങി. പൈലറ്റ്‌ ലൈസന്‍സ് കിട്ടിയ ദിവസം സുഹൃത്തുക്കളുമായി പാര്‍ട്ടിക്കു പോയത് അവള്‍ ഗോവിന്ദിനോടു പറഞ്ഞില്ല. എന്നാല്‍ ആകസ്മികമായി അവളുടെ താമസസ്ഥലത്തെത്തിയ അവന്‍ അതറിയുന്നു. ഗോവിന്ദ് ശക്തമായി പ്രതികരിക്കുന്നു. അവര്‍ തമ്മിലുള്ള വഴക്കിനൊടുവില്‍ പല്ലവി അവനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു.

പിറ്റേന്ന് പല്ലവിയെ കാണാന്‍ എന്ന ഭാവത്തില്‍ വഴിയില്‍ നിന്ന ഗോവിന്ദ് അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. മുഖത്തെ ഒരു വശം മുഴുവനും ആഴത്തില്‍ പൊള്ളലേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയുന്ന പല്ലവിയെയാണ് പിന്നെ നമ്മള്‍ കാണുന്നത്. ജീവിതം വഴിമുട്ടി. ഒരു കണ്ണിനു കാഴ്ച് ഇല്ലാത്തതുകൊണ്ട് പൈലറ്റ്‌ ലൈസന്‍സ് റദ്ദാക്കി. വികൃതമായ മുഖം ആരെയും കാട്ടാന്‍ ഒക്കാതെ മാനസികമായി ഏറെ ബുദ്ധിമുട്ടുന്ന പല്ലവിയുടെ അവസ്ഥ കരളലിയിപ്പിക്കുന്നതാണ്.

ഗോവിന്ദിനെതിരെ പല്ലവി കേസുകൊടുക്കുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗോവിന്ദിന്റെ അച്ഛന്‍ ശ്രമിക്കുന്നു. അപ്പോള്‍ പല്ലവി പറയുന്ന വാക്കുകള്‍ അവളുടെ ഹൃദയവേദന മുഴുവന്‍ പ്രതിഫലിപ്പിക്കുന്നു. 'ശത്രുവായിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ പോട്ടെ എന്നു വച്ചേനെ.. ഇതിപ്പോള്‍ അതല്ലല്ലോ!'

ഇതിനിടയിലാണ് പല്ലവി ആകസ്മികമായി മുന്‍പ് പരിചയമുള്ള വിശാലിനെ കണ്ടുമുട്ടുന്നത്. ഒരു വിമാനക്കമ്പനി ഉടമയായ അയാള്‍ അവളെ സഹായിക്കാന്‍ തയ്യാറാക്കുന്നു. അയാളെ ഒഴിവാക്കാനായി തന്നെ എയര്‍ഹോസ്റ്റസ് ആക്കാമോ എന്നു പല്ലവി ചോദിക്കുന്നു. എന്നാല്‍ വിശാല്‍ ആ ആഗ്രഹം ഗൗരവമായിട്ടെടുക്കുന്നു. കമ്പനി ഉടമയായ തന്റെ അച്ഛന്റെയും മറ്റു സഹപ്രവര്‍ത്തകരുടെയും എതിര്‍പ്പ് വകവെക്കാതെ അയാള്‍ പല്ലവിയെ എയര്‍ഹോസ്റ്റസ് ആയി നിയമിക്കുന്നു.

ആ ജോലി അവള്‍ക്ക് ഒരു വലിയ ആശ്വാസമായി. എന്നാല്‍ അവിടെയും ഗോവിന്ദ് എത്തി. തന്റെ പേരിലുള്ള കേസ് ഒത്തുതീര്‍പ്പാക്കണമെന്നു പറഞ്ഞ ഗോവിന്ദിന്റെ മുഖത്ത് വിമാനത്തില്‍ വച്ച് പല്ലവി വെള്ളം ഒഴിക്കുന്നു. അതു വലിയ വിഷയമാകുന്നു. മാപ്പുപറഞ്ഞില്ലെങ്കില്‍ ജോലി പോകും എന്ന അവസ്ഥ. എന്നാല്‍ പല്ലവി മാപ്പു പറയാന്‍ തയ്യാറായില്ല. ഇതോടെ കമ്പനി ഒരു മാസത്തെ നോട്ടീസ് പീരീഡ്‌ കൊടുത്ത് അവളെ ഒഴിവാക്കാന്‍ തീരുമാനിച്ചു.

ഇതിനിടയിലാണ് പല്ലവിക്കു തന്റെ ജീവിതാഭിലാഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. അവള്‍ എയര്‍ഹോസ്റ്റസ് ആയിരുന്ന വിമാനത്തിന്റെ മുഖ്യപൈലറ്റ്‌ ബോധരഹിതനായി. വിമാനം തകരുമെന്ന അവസ്ഥ. കോപൈലറ്റിന് ഒറ്റയ്ക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പല്ലവി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതിസാഹസികമായി വിമാനത്തെ റണ്‍വേയില്‍ ഇറക്കി. അങ്ങനെ ഉയരങ്ങളില്‍ പറക്കണമെന്ന തന്റെ ചിരകാലസ്വപ്നം അവള്‍ സാധിച്ചു.

എയര്‍ഹോസ്റ്റസായുള്ള അവസാന ഫ്ലൈറ്റില്‍ ഹര്‍ഷാരവത്തോടെയാണ് യാത്രക്കാര്‍ പല്ലവിയെ സ്വീകരിച്ചത്. ആ കയ്യടി പല്ലവി രവീന്ദ്രനു മാത്രമുള്ളതായിരുന്നില്ല. പല്ലവി എന്ന കഥാപാത്രത്തെ അഭ്രപാളികളില്‍ അനശ്വരമാക്കിയ പാര്‍വ്വതി എന്ന നടിക്കുള്ള അംഗീകാരം കൂടിയായിരുന്നു."

"രാഘവാ, ഇതുപോലത്തെ സിനിമകളാണ് നമുക്കു വേണ്ടത്. ശക്തമായ കഥയുള്ള, സാമൂഹികപ്രതിബദ്ധതയുള്ള സിനിമകള്‍..."