Sunday, 6 December 2015

Pannaiyarum Padminiyum


“ശേഖരാ, നിനക്കു പണ്ടൊരു പ്രീമിയർ പദ്മിനി വണ്ടിയുണ്ടായിരുന്നല്ലോ.. അതിപ്പൊ ഇല്ലയോ?”

“അതൊക്കെ എന്നേ കൊടുത്തു രാഘവാ.. ഇപ്പൊഴുള്ളത് ഒരു ഹോണ്ടാ സിവിക്..”

“നീ പണ്ട് അതിന്റെ ഡിക്കിയിൽ വൈക്കോലും കയറ്റി വരുന്നത് എനിക്കിപ്പൊഴും ഓർമ്മയുണ്ട്..”

“ഹഹഹ.. അതൊരു കാലം.. എന്തേ ഇപ്പൊ ഇങ്ങനൊരു ചോദ്യം?”

“അതേ, ഇന്നലെ ഞാൻ ഒരു സിനിമ കണ്ടു - ‘പന്നയ്യാറും പദ്മിനിയും‘. ”

“തമിഴാണോ‍? എന്താ കഥ?“

“ഒരു പ്രീമിയർ പദ്മിനി വണ്ടിയുടെ കഥ. നല്ല സിനിമ.. കണ്ടു കഴിയുമ്പോൾ ഒരു നെഗറ്റീവ് ചിന്തയും മനസ്സിൽ അവശേഷിപ്പിക്കാത്ത സിനിമ..”

“നീ സിനിമയെ പുകഴ്ത്താതെ കഥ പറ!“

“ഒരു ഗ്രാമം. ഗ്രാമം എന്നല്ല, കുഗ്രാമം എന്നു വേണം പറയാൻ. വണ്ടിയും വള്ളവുമൊന്നും ചെല്ലാത്ത സ്ഥലം. അവിടെയുള്ള ജനങ്ങളിൽ പ്രമാണിയാണ് ‘പന്നയ്യാർ‘. നല്ല മനുഷ്യൻ.. വലിയ വീട്.. ഭാര്യയോടൊപ്പം താമസം.. ഒരു മകളുണ്ട്.. കല്ല്യാണം കഴിച്ചയച്ചു.. ഇടയ്ക്കിടയ്ക്കു വരും.. അച്ഛനേയും അമ്മയേയും കാണാൻ അല്ല; വല്ലതും ഒക്കെ എടുത്തു കൊണ്ടു പോകാൻ.. മകൾ എന്തു ചോദിച്ചാലും പന്നയ്യാർ ഒന്നും പറയാതെ കൊടുത്തു വിടുകയും ചെയ്യും..”

“ചില മക്കളങ്ങനാ.. എത്രകിട്ടിയാലും മതിയാകില്ല! എന്നിട്ട്?”

“ആ ഗ്രാമത്തിൽ ആദ്യമായി റേഡിയോ കൊണ്ടുവന്നതും, ടെലിഫോൺ കൊണ്ടുവന്നതും, ടിവി വാങ്ങിയതും എല്ലാം പന്നയ്യാറാണ്. പക്ഷേ ഇപ്പൊ ഇതൊന്നും വീട്ടിലില്ല. എല്ലാം മകൾ പലപ്പൊഴായി കൊണ്ടുപോയി. ഇങ്ങനിരിക്കെ, ഒരു സുഹൃത്തു തന്റെ പ്രീമിയർ പദ്മിനി വണ്ടി പന്നയ്യാറിനെ ഏല്പിച്ചിട്ട് ദൂരെ അയാളുടെ മകളുടെ വീട്ടിലേക്കു പോയി. തിരികെ വരുന്നതുവരെ വണ്ടി ഇഷ്ടം പോലെ ഉപയോഗിച്ചുകൊള്ളാൻ അനുവദിച്ചിട്ടാണ് അയാൾ പോയത്. പന്നയ്യാറിനു ഡ്രംവിംഗ് വശമില്ല. അതിനാൽ അയാൾ ഗ്രാമത്തിൽ ട്രാക്ടർ ഓടിക്കുന്ന ഒരു ചെറുപ്പക്കാരനെ തന്റെ ഡ്രൈവറായി നിയമിച്ചു. ഗ്രാമത്തിലെ ആമ്പുലൻസായും ഗുഡ്സ് വണ്ടിയായും യാത്രാവണ്ടിയായും ഒക്കെ ആ കാർ അവർ ഉപയോഗിച്ചു. പന്നയ്യാറിനും ഭാര്യയ്ക്കും ഡ്രൈവറിനുമെല്ലാം ആ കാറിനോടൊരു പ്രത്യേക അടുപ്പം ഉണ്ടായി. എന്നും വൃത്തിയായി കഴുകിത്തുടച്ച് അവർ അതിനെ പൊന്നുപോലെ സൂക്ഷിച്ചു.

ഇങ്ങനൊക്കെയാണെങ്കിലും കാറിൽ സഞ്ചരിക്കാൻ പന്നയ്യാറിന്റെ ഭാര്യ തയ്യാറായില്ല. ഭർത്താവ് ഓടിച്ചാൽ മാത്രമേ കാറിൽ കയറൂ എന്ന് അവർ ശാഠ്യം പിടിച്ചു. അതോ‍ടെ പന്നയ്യാർ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു. ഒരു ദിവസം സുഹൃത്തിന്റെ മകൾ വീട്ടിലെത്തി തന്റെ അച്ഛന്റെ മരണ വാർത്ത അവരെ അറിയിച്ചു. പന്നയ്യാർ ആ കാർ തിരിച്ചുകൊടുത്തെങ്കിലും അവർ അതു സ്വീകരിച്ചില്ല. തന്റെ അച്ഛൻ മരിക്കുന്നതിനു മുൻപു മനസ്സറിഞ്ഞു നൽകിയതു തിരിച്ചു വാങ്ങാൻ ആ മകൾ തയ്യാറായില്ല. അതോടെ കാറ് പന്നയ്യാറിനു സ്വന്തമായി.

ഗ്രാമത്തിലെ ഉത്സവത്തിനു കാറുമായി ഭാര്യയോടൊപ്പം ഓടിച്ചു പോകണമെന്നു പന്നയ്യാർ തീരുമാനിക്കുന്നു. അങ്ങനെ ഡ്രൈവിംഗ് പഠിത്തം തകൃതിയായി നടക്കുന്നതിനിടയിൽ കാറിന് ഒരു ആക്സിഡന്റു പറ്റി. അതോടെ ചിലപ്പൊഴൊക്കെ കാർ സ്റ്റാർട്ടാകാതെയായി. ഒരു ദിവസം പന്നയ്യാറിന്റെ മകൾ വീട്ടിലെത്തി. കാർ കണ്ടതോടെ അതു തനിക്കു വേണമെന്നായി. എല്ലാവർക്കും പ്രയാസമുണ്ടാക്കിക്കൊണ്ട് അവൾ അതും കൊണ്ടുപോയി. എന്നാൽ ഗ്രാമത്തിലെ ഉത്സവത്തിന്റെ അന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു മകൾ ആ സ്റ്റാർട്ടാകാത്ത കാർ തിരിച്ചു കൊണ്ടിടുന്നു. പിന്നീട് അതു സ്റ്റാർട്ടായി അതിൽ അവരെല്ലാം ഉത്സവത്തിനു പോകുന്നു. കാലം കഴിഞ്ഞു. ഗ്രാമത്തിൽ വികസനം എത്തി. റോഡായി. എല്ലായിടത്തും വണ്ടികളായി. പന്നയ്യാർ പുതിയ കാറും വാങ്ങി. എന്നിട്ടും ആ പഴയ കാർ ഇപ്പൊഴും അവർ കാത്തുസൂക്ഷിക്കുന്നു എന്നു കാണിക്കുന്നിടത്തു സിനിമ അവസാനിക്കുന്നു.“

“ശരിയാണു രാഘവാ, കുറച്ചു നാൾ ഓടിച്ചു കഴിഞ്ഞപ്പോൾ എന്റെ ആ പഴയ പ്രീമിയർ പദ്മിനി വീട്ടിലെ ഒരു അംഗത്തെപ്പോലെയായിരുന്നു. കൊടുത്തപ്പോൾ വിഷമമായി. പിന്നെ പിള്ളാരുടെ നിർബന്ധം. നമുക്കുള്ള ആത്മബന്ധം അവർക്കുണ്ടാകണമെന്നില്ലല്ലോ!“

Sunday, 22 November 2015

നിർണായകം (2015)


“ശേഖരോ, ഇന്നലെ രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടോ പോകുന്നതു കണ്ടല്ലോ!“

“അതറിഞ്ഞില്ലേ, ഞങ്ങളുടെ പാർട്ടിയുടെ സമ്മേളനമായിരുന്നു. രാഘവാ, തന്നെ വിളിക്കാൻ ഞാൻ വിട്ടുപോയി..”

“വിട്ടതു നന്നായി.. വിളിച്ചിരുന്നെങ്കിലും ഞാൻ വരില്ലായിരുന്നു. എന്നിട്ടു നീ എപ്പൊഴാ തിരിച്ചെത്തിയേ?”

“ഒന്നും പറയണ്ട.. സമ്മേളനം കഴിഞ്ഞു വൻ പ്രകടനമുണ്ടായിരുന്നു. ഒരു മണിക്കൂർ ഞങ്ങൾ നഗരം സ്തംഭിപ്പിച്ചു. ഒരൊറ്റ വണ്ടി കടത്തിവിട്ടില്ല. ജനസമുദ്രമായിരുന്നു. എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ 8 മണിയായി.”

“വയസാം കാലത്തു വീട്ടിലെങ്ങാനും ഇരിക്കാനുള്ളതിനു പ്രകടനത്തിനു പോയിരിക്കുന്നു. എന്താടോ നന്നാവാത്തത്? പലയിടങ്ങളിലേക്കു പല പല കാര്യങ്ങൾക്കായി പോകുന്നവരെ ഒരു മണിക്കൂർ വഴിയിൽ തടഞ്ഞു ബുദ്ധിമുട്ടുണ്ടാക്കിയിട്ടു വീരവാദം പറയാൻ നാണമില്ലല്ലോ! ശേഖരാ, നിങ്ങളുടെ പ്രകടനം പോകുന്നതുവരെ അവിടെ കാത്തുനിന്ന ജനങ്ങളിൽ എത്രപേർ ആശുപത്രികളിലേക്കു പോകുന്നവരുണ്ടാകും, എത്രപേർ പല ജോലികൾക്കായി പോകുന്നവരുണ്ടാകും.. ഇത്രയും പേരെ അവിടെ തടഞ്ഞു വച്ചിട്ട് എന്താണു നിങ്ങൾ നേടിയത്? അല്ലാ, എന്തിനായിരുന്നു പ്രകടനം?”

“അത്, ശക്തിപ്രകടനം..”

“എടോ, ഇതുപോലെയുള്ള നേതാക്കൾക്കു സ്ഥാനമാനങ്ങൾ ഉറപ്പിക്കാനും രാഷ്ട്രീയലാഭങ്ങൾക്കുമായി ഇത്തരം പ്രകടനങ്ങൾ നടത്തുമ്പോൾ നിങ്ങളേപ്പോലെയുള്ള അണികൾ ചിന്തിക്കണം. ഇത്തരം പ്രകടനങ്ങൾ കൊണ്ടു ബുദ്ധിമുട്ടുന്നതു നമ്മളേപ്പോലെയുള്ള സാധാരണക്കാരാണെന്നു മനസ്സിലാക്കണം. നിങ്ങളുടെ നേതാക്കൾക്കോ കുടുംബത്തിനോ എവിടേയ്ക്കു പോകുന്നതിനും ഒരു  തടസ്സവും നേരിടേണ്ടി വരില്ല. സാധാരണക്കാരെ തടഞ്ഞുവച്ചു പോലീസുകാർ അവർക്കു വഴിയൊരുക്കും. നമ്മൾക്ക് ആരു വഴിയൊരുക്കും?”

“അതെല്ലാം ശരി, പക്ഷേ പാർട്ടി വളർത്തണ്ടേ?”

“പാവപ്പെട്ടവന്റെ പെട്ടിക്കടയും സ്ഥാപനങ്ങളും തല്ലിത്തകർത്തും, പൊതുമുതൽ നശിപ്പിച്ചും, ജനജീവിതം സ്തംഭിപ്പിച്ചും, പടിക്കാൻ പോകുന്ന വിദ്യാർത്ഥികളെ തെരുവിലിറക്കി അടിവാങ്ങിക്കൊടുത്തും, യുവാക്കളെ തമ്മിലടിപ്പിച്ചു രക്തസാക്ഷികളെ ഉണ്ടാക്കിയും ആണോടോ പാർട്ടി വളർത്തണ്ടത്? നല്ലതിനു വേണ്ടി നിലകൊള്ളുകയും നല്ലപോലെ പ്രവർത്തിക്കുകയും ചെയ്യുന്നവരോടൊപ്പം ജനങ്ങൾ ഉണ്ടാകും. അങ്ങനെ പാർട്ടി വളരും. അല്ലാതെ തെരുവിലിറങ്ങി ഈ കസർത്തൊക്കെ കാണിച്ചാൽ എങ്ങനെ വളരാനാണു നിങ്ങളുടെ പാർട്ടി?”

“അതു പിന്നെ..”

“ശേഖരാ.. നിങ്ങളേപ്പോലെയുള്ളവർ കണ്ടിരിക്കേണ്ട പടമാണു ‘നിർണായകം’. സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രം. കഥ ഞാൻ ചുരുക്കി പറയാം.. അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കൂടെ ജീവിക്കുന്ന ഒരു പെൺകുട്ടി. അവൾ പടിയിൽ നിന്നു വീണു തലയ്ക്കു മാരകമായ പരിക്കേൽക്കുന്നു. അവളെ സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാൻ പാടുപെടുന്ന അപ്പൂപ്പനായി നെടുമുടി വേണു തകർത്തഭിനയിക്കുന്നു. വഴിയിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രകടനം കാരണം സമയത്തു ഹോസ്പിറ്റല്ലിൽ എത്തിക്കാൻ കഴിയാതെ ആ കുട്ടി മരിക്കുന്നു. അപ്പൂപ്പൻ കേസിനു പോകുന്നു. പല വക്കീലന്മാരുടെ അടുത്തു ചെന്നെങ്കിലും ഫലമുണ്ടായില്ല. അവസാനം ഒരാൾ കേസെടുക്കാൻ തയ്യാറാകുന്നു. കേസൊതുക്കാൻ പല മേഖലകളിൽ നിന്നും സമ്മർദ്ദങ്ങൾ. ഒടുവിൽ നന്മയുടെ ഭാഗം വിജയിക്കുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു പ്രകടനവും പൊതു നിരത്തിൽ പാടില്ല എന്നു വിധിയുണ്ടാകുന്നു.”

“ഉം...”

“ഇതുപോലൊരു വിധി മുൻപ് ഉണ്ടായതു നീ ഓർക്കുന്നോ? അന്ന് എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ.. ജഡ്ജിയെ ശുംഭനെന്നു വിളിക്കുന്നു, എന്നിട്ടു ശുംഭനെ പ്രകാശമുള്ളവനാക്കുന്നു.. അതു സമർത്ഥിക്കാൻ സംസ്കൃത പണ്ഡിതരെ ഹാജരാക്കുന്നു.. സുപ്രീം കോടതി വരെ കേസിനു പോകുന്നു. അവസാനം കേസു തോറ്റു 6 മാസം ജയിലിൽ. ശേഷം ജയിലിൽ നിന്നിറങ്ങിയ ആ നേതാവിനെ തോളിലേറ്റി പ്രകടനമായി അണികൾ. ഈ സിനിമയുടെ അവസാനം നെടുമുടി പറയുന്ന ഒരു ഡയലോഗുണ്ട്. ‘പ്രതിഷേധിക്കാൻ കഴിയാത്തവന്റെ പ്രതിഷേധമാണു മൌനം’. ആ മൌനം പിന്നീടു വാചാലമാകാറുണ്ട്. അപ്പോഴാണു പല പാർട്ടിക്കാരും തെരഞ്ഞെടുപ്പുകളിൽ മൂ‍ക്കുകുത്തുന്നത്.“

“പോട്ടെ രാഘവാ.. നാളെ ഒരു പന്തം കൊളുത്തി പ്രകടനമുണ്ട്. ചെന്നില്ലെങ്കിൽ പ്രശ്നമാണ്. പിന്നെ കാണാം..”

Sunday, 8 November 2015

Bhopal: A Prayer for Rain (2014)


“ഭോപ്പാൽ ദുരന്തത്തെക്കുറിച്ചു നീ കേട്ടിട്ടുണ്ടോ ശേഖരാ?”

“പിന്നില്ലാതെ.. ആ സമയം ഞാൻ ഗുജറാത്തിൽ ഒരു പ്ലാന്റിൽ ജോലി ചെയ്യുകയായിരുന്നു. ഞങ്ങളൊക്കെ അന്ന് ഒരു ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം. 1984-ൽ ഭോപ്പാലിലെ കീടനാശിനി ഉണ്ടാക്കുന്ന ഫാക്ടറിയിൽ നിന്നും മീഥൈൽ ഐസോ സയനേറ്റ് (MIC) എന്ന വിഷവാതകം അന്തരീക്ഷത്തിലേക്കു പടർന്നു. ഏകദേശം 4000 പേരാണ് ഒറ്റ രാത്രിയിൽ മരിച്ചുവീണത്. 5 ലക്ഷത്തോളം പേരെ ബാധിച്ച ആ ദുരന്തം ഇന്നും ജീവിച്ചിരിക്കുന്നവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.“

“അതെ.. ആ ദുരന്തത്തിന്റെ ഒരു നേർച്ചിത്രമാണ് ഇന്നലെ ഞാൻ കണ്ട സിനിമ. ഒട്ടും അതിശയോക്തിയില്ലാതെ അപകടത്തിന്റെ ചിത്രം വ്യക്തമായി കാണിക്കുന്നു..”

“ഇന്നും മിക്ക ഫാക്ടറികളിലും ഇതുപോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാ‍ധ്യതകൾ കൂടുതലാണു രാഘവാ..  പല ഫാക്ടറികളിലും അപകടങ്ങളിലൂടെ പാഠം ഉൾക്കൊള്ളുക എന്ന സമീപനമാണ് ഇന്നും സ്വീകരിക്കുന്നത്. അപകടങ്ങളെ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചിലവും ലാഭത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സാമൂഹിക മനസ്സും പലയിടങ്ങളിലും അപകടങ്ങൾ തുടർക്കഥയാക്കുന്നു.”

“ഞാൻ അടുത്തിടയ്ക്ക് ഒരു സംഭവം കേട്ടു. ഒരു ഫാക്ടറിയിൽ ഒരു തൊഴിലാളി യന്ത്രങ്ങൾക്കിടയിൽ പെട്ടു മരിച്ചു. പക്ഷേ ശവം പുറത്തെടുക്കണമെങ്കിൽ മണിക്കൂറുകൾ ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണം. ഭീമമായ നഷ്ടം ഉണ്ടാകും. മരിച്ച ആളുടെ പാവപ്പെട്ട കുടുംബത്തെ മാനേജ്മെന്റ് സമീപിച്ചു. സാധാരണ നൽകാറുള്ള കോമ്പൻസേഷൻ തുകയുടെ ഇരട്ടി നൽകാമെന്നു പറഞ്ഞു സമ്മതിപ്പിച്ചു. ഫാക്ടറി സുഗമമായി ഓടി.. ഇവിടെ ലാഭം മാത്രം ലക്ഷ്യമായ ഒരു സമൂഹമാണുള്ളത്. മുതലാളിമാരെ മാത്രം കുറ്റം പറയാൻ കഴിയില്ല. അധികാര കേന്ദ്രത്തിൽ നിന്നും ഇങ്ങു താഴെത്തട്ടിലുള്ള തൊഴിലാളി പോലും ഇതിൽ ഭാഗമാണ്.”

“ശരിയാ‍ണു രാഘവാ.. മുതലാളിമാർ സ്വാഭാവികമായി ലാഭത്തിൽ കണ്ണുള്ളവർ തന്നെ. അവർക്കു തൊട്ടുതാഴെയുള്ള ഉയർന്ന സ്ഥാനത്തിരിക്കുന്ന തൊഴിലാളികൾ ശമ്പള വർദ്ധനവ്, പ്രമോഷൻ തുടങ്ങിയവയ്ക്കു വേണ്ടി മുതലാളിമാരുടെ ലാഭം വർദ്ധിപ്പിച്ചു പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നു. ഇങ്ങു താഴെ തട്ടിലുള്ള തൊഴിലാളിയോ, അവന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഏതു ജോലി ചെയ്യുന്നതിനും സന്നദ്ധനാകുന്നു.”

“ഈ സിനിമയിലും അങ്ങനെയൊരു വ്യവസ്ഥിതിയെയാണു തുറന്നുകാട്ടുന്നത്. മുതലാളിക്കു ഫാക്ടറിയുടെ ഉത്പാദനം വർദ്ധിപ്പിച്ചു ലാഭം ഉണ്ടാക്കാൻ ആഗ്രഹം. അതിനായി സമയത്തു വേണ്ട അറ്റകുറ്റ പണികൾ നടത്താത്ത ടാങ്കുകളിൽ പരിധിയിൽ കൂടുതൽ വിഷവാതകം ശേഖരിക്കാൻ മേലുദ്യോഗസ്ഥർ നിശ്ചയിക്കുന്നിടത്തു തുടങ്ങി പ്രശ്നങ്ങൾ. കൂടാതെ അപകടം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനുള്ള ശീതീകരണ യൂണിറ്റിന്റെ പ്രവർത്തനവും അല്പലാഭത്തിനായി നിർത്തിവയ്ക്കൂന്നു. ഒരു പരിജ്ഞാനവുമില്ലാത്ത തൊഴിലാളികളെ ചെറിയ ശമ്പളം നൽകി ജോലിക്കായി എടുത്തതും പ്രശ്നമായി. ഇങ്ങനെ പലതരത്തിലുള്ള ഘടകങ്ങൾ ഒന്നിച്ചു ചേർന്നു ദുരന്തത്തിൽ കലാശിച്ചു. വിഷവാതകം ശ്വസിച്ചവരെ രക്ഷിക്കാനുള്ള ഔഷധങ്ങൾ ലഭ്യമല്ലാത്തതും വേണ്ടത്ര പരിചയമില്ലാത്ത ഡോക്ടർമാരും കൂടി ചേർന്നപ്പോൾ ചിത്രം പൂർണ്ണമായി.”

 "ഫാക്ടറികളിൽ മാത്രമല്ല രാഘവാ, ഇന്നത്തെ സമൂഹിക വ്യവസ്ഥ ലാഭത്തിൽ അടിസ്ഥാനപ്പെടുത്തിയാണ്. ഞാൻ ഇന്നലെ എന്റെ വീട്ടിന്റെ തെക്കേലെ ചന്ദ്രനോടു ചോദിച്ചു അവന്റെ നിലം വെറുതെ തരിശാക്കിയിടാതെ വല്ല പച്ചക്കറിയും നട്ടുകിളിപ്പിച്ചൂടെയെന്ന്. അവൻ എടുത്തവായിലെ പറഞ്ഞതു ലാഭമില്ലെന്നായിരുന്നു. വിഷപച്ചക്കറി തിന്നാതെ ശുദ്ധമായതു തിന്നൂടേയെന്നു ചോദിച്ചപ്പോൾ വിഷം തിന്നാലും കുഴപ്പമില്ല ലാഭമില്ലാത്ത പരിപാടിക്ക് അവനില്ലെന്നു മറുപടി. എന്തിനാണു ജീവിക്കുന്നതെന്നുപോലും ഇന്നു പലർക്കും അറിയില്ല. ഈ ലാഭവും പണവുമൊക്കെ സ്വന്തം ശരീരത്തെ സുഖമായി നിലനിർത്താനാണെന്നു പോലും മനസ്സിലാക്കാ‍തെ സ്വയം ബലിയാടായി ലാഭമുണ്ടാക്കുന്നു. എന്നിട്ട് ഉണ്ടാക്കിയ ലാ‍ഭം ആശുപത്രികളിൽ ചിലവാക്കുന്നു.“

“ലാഭവും ലാഭത്തിലെ നഷ്ടവും സമൂഹത്തെ നിയന്ത്രിക്കുന്നു..”

Wednesday, 4 November 2015

Enakkul Oruvan (2015)


"രാഘവോ, എന്താ പകലിരുന്നു സ്വപ്നം കാണുവാണോ?”

“സ്വപ്നത്തിന്റെ കാര്യം പറഞ്ഞപ്പൊഴാ ഓർത്തതു ശേഖരാ, ഞാൻ ഇന്നലെ സ്വപ്നത്തെക്കുറിച്ചുള്ള ഒരു സിനിമ കണ്ടു. അതിലൊരു വലിയ സന്ദേശമുണ്ട്.. ‘Your small life is someone's big dream!‘"

“കൊള്ളാമല്ലോ.. എന്താ സംഭവം?”

“നീ സ്വപ്നം കാണാറുണ്ടോ?”

“ഉവ്വ്.. ദിവാസ്വപ്നവും രാത്രിസ്വപ്നവും കാണാറുണ്ട്. ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ പലപ്പോഴും ഉണരുമ്പോഴേക്കും മറന്നുപോകും.. ദിവാ‍സ്വപ്നമാണ് എനിക്കിഷ്ടം.. നമ്മുടെ ഇഷ്ടാനുസരണം ആക്കാം..”

“ പണ്ടൊക്കെ ഞാൻ കണ്ടിരുന്ന സ്വപ്നം വളർന്നു വലുതായി വലിയ ഉദ്യോഗമൊക്കെ കിട്ടി സുഖമായി ജീവിക്കുന്നതിനെക്കുറിച്ചായിരുന്നു.. എന്നാൽ ഇന്ന് നേരെ തിരിച്ചായി! ഒരു ചെറിയ കുട്ടിയായി ഓലപ്പന്തും കുട്ടിയും കൂന്നും ഒക്കെ കളിച്ചു നടക്കുന്നതാണെന്റെ ഇന്നത്തെ സ്വപ്നം..”

“അതുപറഞ്ഞപ്പൊഴാ.. ഇന്നലെ എനിക്കു സ്വപ്നം കണ്ട ഒരുത്തന്റെ വക നെഞ്ചത്തൊരു ചവിട്ടു കിട്ടി.. എന്റെ കൊച്ചുമോന്റെ! രാവിലെ ചോദിച്ചപ്പോൾ അവൻ പറയുവാ, ‘അപ്പൂപ്പൻ എന്തിനാ ഈ ഹൾക്കും സ്പൈഡർമാനും തമ്മിൽ ഇടികൂടുന്നതിനിടയ്ക്കു കയറിയതെന്ന്’.. എന്തോ പറയും! ഇന്നത്തെ പിള്ളാരുടെ സ്വപ്നങ്ങൾ പോലും വ്യത്യസ്തമാണ്..”

“ഈ സിനിമയിലെ നായകൻ ഒരു സെലിബ്രിറ്റിയാണ്. ഒരു നടൻ. മാതാപിതാക്കൾ കുഞ്ഞുന്നാളിലേ മരിച്ചു. ധാരാളം സ്വത്ത്. പക്ഷേ അയാൾക്ക് തന്റെ ജീവിതത്തോട് ഒരു മടുപ്പാണ്. എവിടെ ചെന്നാലും ആളുകൾ.. ഫോട്ടോ എടുപ്പും ബഹളങ്ങളും.. രാത്രിയിൽ കിടന്നാലോ, ഉറക്കവുമില്ല! അങ്ങനെയിരിക്കെ ഒരാൾ ഒരു മരുന്നു നിർദ്ദേശിക്കുന്നു. ലൂസിയ!! അതുകഴിച്ചാൽ നന്നായി ഉറങ്ങും.. പക്ഷേ ഒരു കുഴപ്പമുണ്ട്. സ്വപ്നം കാണും. നമുക്ക് ആരായിത്തീരാനാണ് ആഗ്രഹം, അയാളായി സ്വപ്നത്തിൽ ജീവിക്കാം..”

“കൊള്ളാമല്ലോ മരുന്ന്..”

“അങ്ങനെ നമ്മുടെ നായകൻ ആ മരുന്നു കഴിക്കുന്നു. ഒരു തീയേറ്ററിൽ സീറ്റ് നമ്പർ കാണിച്ചുകൊടുക്കുന്ന ഒരു സാധാരണക്കാരനായി സ്വപ്നത്തിൽ ജീവിക്കുന്നു. തനിക്കു യഥാർത്ഥ ജീവിതത്തിൽ സാധിക്കാത്തതെല്ലാം അയാൾ സ്വപ്നത്തിൽ സാധിക്കുന്നു. സ്വപ്നത്തിലെ അയാളെ ആരും തിരിച്ചറിയില്ല.. സാധാരണക്കാരിൽ സാധാരണക്കാ‍രൻ. തട്ടുകടയിൽ ഇരുന്നു ദോശതിന്നാം.. സൈക്കിളിൽ കറങ്ങാം.. ഒരു സാധാരണക്കാരിയെ പ്രേമിക്കാം.. ജീവിതം ആസ്വദിക്കാം..”

“കഥ കൊള്ളാം.. ഇതിൽ എന്താണു സസ്പെൻസ്?”

“ഇതിൽ ഏതാണു ജീവിതം ഏതാണു സ്വപ്നം എന്ന് അവസാനം വരെ നമുക്കു മനസ്സിലാവില്ല എന്നതാണിതിലെ രസം. സ്വപ്നവും യാഥാർത്ഥ്യവും ഇടകലർത്തി കഥ മുന്നോട്ടു കൊണ്ടുപോകുന്നു.”

“ശരിയാണ്.. ചിന്തിച്ചാൽ ഈ ജീവിതം വളരെ വിചിത്രമാണ്. ഒരു സെലിബ്രിറ്റി, തട്ടുകടയിൽ നിന്നും ചൂടോടെ ഒരു ദോശ തിന്നാൻ കൊതിക്കുമ്പോൾ എന്നും തട്ടുകടയിൽ നിന്നു വെട്ടുന്നവനു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ലോഞ്ചിലിരുന്നു ജ്യൂസു കുടിക്കാൻ മോഹം.. വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം..”

Monday, 26 October 2015

കുമ്പസാരം(2015)


“പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മുടെ ഉള്ളിലേക്കു കടക്കുന്നവയെല്ലാം അന്നമായാണു ഭാരതീയർ കണ്ടിരുന്നത്. അതായത്, നാം കാണുന്നതും കേൾക്കുന്നതും രസിക്കുന്നതും സ്പർശിക്കുന്നതും മണക്കുന്നതുമെല്ലാം നമ്മിൽ മാറ്റങ്ങളുണ്ടാക്കുന്നു. ചൂടുള്ള എണ്ണ തണുത്ത പാത്രത്തിൽ ഒഴിച്ചു വച്ചാൽ എണ്ണയിൽ നിന്നും ചൂട് പാത്രത്തിലേക്കു പ്രവഹിക്കുന്നതുപോലെ മനസ്സിലുണ്ടാകുന്ന സംഘർഷങ്ങൾ ശരീരത്തിനെ ബാധിക്കുന്നു.”

“എന്തുപറ്റി ആകപ്പാടെ ഒരു ആത്മീയ ലൈൻ? ഇന്നലെ ഏതു പടമാണു കണ്ടത്?“

“കുമ്പസാരം..”

“എങ്ങനുണ്ട്?”

“സാഹിത്യസൃഷ്ടികൾ ശുഭപര്യവസായികളാകണമെന്നു പണ്ടുള്ളവർക്കു നിർബന്ധമുണ്ടായിരുന്നു. എന്നാൽ ഷേക്സ്പിയറിനു ശേഷം സാഹിത്യത്തിൽ വളരെയധികം മാറ്റങ്ങളുണ്ടായി. കൊലപാതകങ്ങളും ആത്മഹത്യകളും ധാരാളം പ്രത്യക്ഷപ്പെട്ടതു മാത്രമല്ല ട്രാജഡികളിൽ അവസാനിക്കുന്ന ഒട്ടനവധി സൃഷ്ടികൾ ഉണ്ടായി എന്നതും ആലോചിക്കേണ്ടതാണ്. ക്യാൻസർ രോഗത്തിന്റെ ഭീകരതയും പ്രതീക്ഷയില്ലായ്മയും ചിത്രീകരിച്ചു അതു തന്മയത്തത്തോടെ അഭ്രപാളിയിൽ പകർത്തുമ്പോൾ രോഗത്തിന്റെ വിത്തുകൾ പ്രേക്ഷകരിലേക്കും സന്നിവേശിക്കുന്നില്ല എന്ന് ആരറിയുന്നു..”

“എന്താ രാഘവാ.. നിനക്കെന്തുപറ്റി? പെൺപിറന്നോത്തി ചിരവയ്ക്കടിച്ചോ? നീ അതുമിതും പറയാതെ കഥ പറ..”

“ഒരാൾ മറ്റൊരാളെ കൊല്ലുന്നു.. ചത്തവന്റെ ഭാര്യയോടു കൊന്നവൻ കുറ്റം ഏറ്റു പറയുന്നു...കൊലയ്ക്കുള്ള സാധൂകരണവും ചത്തവന് അതിനുള്ള അർഹതയുമാകുമ്പോൾ സിനിമ ആയി..”

“എന്തോന്നിത്? രാമായണം പെണ്ണാലെ ചത്തു, ഭാരതം മണ്ണാലെയും എന്നു പണ്ടാരാണ്ടു പറഞ്ഞതുപോലെ പറയാതെ നീ മനുഷ്യർക്കു മനസ്സിലാകുന്ന ഭാ‍ഷയിൽ കഥ പറ..”

“എന്നാ പറയാം, കേട്ടോ.. ക്യാൻസർ രോഗിയായ ഒരു കുട്ടി ദൈവത്തിനു കത്തെഴുതുന്നതാണു തുടക്കം.. ‘ഓ ഗോഡ്, അങ്ങ് സർവ്വവ്യാപിയല്ലേ? തൂണിലും തുരുമ്പിലും എല്ലാത്തിലും അങ്ങുണ്ടെന്നല്ലേ പറയാറ്? എന്നിട്ട് അങ്ങയിൽ നിന്നന്യനായി സാത്താൻ എങ്ങനെ നിലനിൽക്കുന്നു?‘ ഈ ചോദ്യം പ്രേക്ഷകർക്ക് ഇട്ടുകൊടുത്തിട്ടാണു കഥ തുടങ്ങുന്നത്. ഒന്നുകിൽ ദൈവം സർവ്വശക്തനല്ല, സർവ്വവ്യാപിയല്ല എന്നു സമ്മതിക്കേണ്ടി വരും.. അല്ലെങ്കിൽ സാത്താനു നിലനിൽ‌പ്പില്ല എന്ന്...“

“തുടക്കം കൊള്ളാമല്ലോ?”

“പറയാറായിട്ടില്ല രാഘവാ.. ഈ ചോദ്യം ഒരു ചിഹ്നമാണ്.. സിനിമയുടെ മതേതര മുഖത്തിന്റെ.. മതേതരത്വം പറയാതെ ഇന്ന് ഒരു സ്വതന്ത്ര സാഹിത്യ സൃഷ്ടിപോലും സാധ്യമല്ലെന്നു പറയേണ്ടി വരൂം. അതാണു സമൂഹത്തിന്റെ അവസ്ഥ. എല്ലാ വിഭാഗത്തെയും തൃപ്തിപ്പെടുത്താൻ സംവിധായകൻ പാടുപെടുന്നു. ഹിന്ദു പെൺകുട്ടി ക്രിസ്ത്യൻ യുവാവിനെ കെട്ടുന്നു. അവൻ ഒരു മുസ്ലിം യുവാവിനെ കൊല്ലുന്നു.”

“ഹഹഹ... അതാണു മതേതരത്വം..“

“ജയസൂര്യ ഇതിൽ ഒരു സാധാരണ ഓട്ടോക്കാരനായി അഭിനയിക്കുന്നു. മുമ്പു പല സിനിമകളിലും കണ്ട അതേ ശരീരഭാഷയാണെങ്കിലും ക്യാൻസർ രോഗിയായ മകന്റെ അച്ഛനായി ജയസൂര്യ യോജിക്കുന്നു. എന്നാൽ ബ്യൂട്ടിപാർളറിൽ പോയി ഒരുങ്ങി തലമുടി വെട്ടി ഒതുക്കി നല്ല സാരിയുമുടുത്ത് ചിരിച്ച മുഖവുമായി അമ്പലത്തിൽ നിന്നും ഇറങ്ങിവരുന്ന ഹണിറോസിനെ (നായിക) കണ്ടാൽ മകനല്ല പരിചയക്കാർക്കു പൊലും ഒരു ദുഃഖവുമുള്ളതായി തോന്നില്ല. എന്തായാലും അതുപോട്ടെ. ജയസൂര്യയുടെ മകനായി അഭിനയിക്കുന്ന ആകാശ് തന്റെ റോൾ ഭംഗിയാക്കി. കൂടെ മറ്റു ബാലതാരങ്ങളും.“

“ഉം..”

“മൂന്നു പെൺകുട്ടികളുള്ള ഒരു മുസ്ലിം കുടുംബം. അതിൽ മൂത്ത കുട്ടിയെ ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയർക്കു വിവാഹം ചെയ്തു കൊടുക്കുന്നു. സന്തുഷ്ടമായ കുടുംബ ജീവിതം.. അവർക്ക് ഒരു കുട്ടി ജനിക്കുന്നു.. നടൻ വിനീത് ആണു മുസ്ലിം യുവാവായി അഭിനയിക്കുന്നത്.. ഇതിനിടയിൽ വിനീതിനു ഭാര്യയുടെ അനുജത്തിയിൽ താ‍ല്പര്യം ജനിക്കുന്നു.. ഭാര്യയെ കൊല്ലാൻ അയാൾ തീരുമാനിക്കുന്നു. ഭാര്യ അജ്ഞാത രോഗം ബാധിച്ചു മരിക്കുന്നു.. ഭാര്യയുടെ അനുജത്തി വിനീതിന്റെ ഭാര്യയാകുന്നു.. കുറച്ചു കാലം കഴിയുന്നു. ഏറ്റവും ഇളയ പെൺകുട്ടി കല്ല്യാണപ്രായമാകുന്നു. അതോടെ വിനീത് രണ്ടാമത്തേതിനെയും കൊല്ലാൻ തീരുമാനിക്കുന്നു. പക്ഷേ ഈ ഉദ്ദേശ്യം അമ്മായി അച്ഛൻ അറിയുന്നു. അയാൾ വിനീതിനെ കൊല്ലാൻ ഒരു വാടകക്കൊലയാളിയെ തിരയുന്നു. അതിനിടയിലാണു ക്യാൻസർ രോഗിയായ മകന്റെ ചികിത്സയ്ക്കുള്ള പണത്തിനായി ജയസൂര്യ നൽകിയ പരസ്യം അയാളുടെ ശ്രദ്ധയിൽ പെടുന്നത്. അതോടെ ജയസൂര്യയുടെ അവസ്ഥ മുതലെടുത്തു മരുമകനെ അമ്മായി അച്ഛൻ കൊല്ലിക്കുന്നു. ഇതാണു സിനിമ..”

“ആകെ മൊത്തം ട്രാജഡിയാണല്ലോ..”

“കഴിഞ്ഞില്ല.. മകൻ മരിക്കുന്നു.. ജയസൂര്യ ജയിലിലുമാകുന്നു..”

Saturday, 24 October 2015

Naalu Policeum Nalla Irundha Oorum (2015)

"ഞാൻ ഇന്നലെ ഒരു സിനിമ കണ്ടു ശേഖരാ.. ഒരു തമിഴ് പടം. നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു സിനിമ തമാശ കലർത്തി എടുത്തിരിക്കുന്നു. ഒരു സാങ്കല്പിക ഗ്രാമത്തിലാണു കഥ നടക്കുന്നത്. ഗ്രാമത്തിലെ ജനങ്ങളെല്ലാം നല്ല ആൾക്കാർ. കള്ളവും ചതിയും ഒന്നുമില്ല. റോഡിൽ കിടക്കുന്ന സ്വർണ്ണമാല ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്നു. ചോദിച്ചപ്പോൾ ഉടമസ്ഥൻ തന്നെ വന്ന് എടുത്തുകൊണ്ടു പൊയ്ക്കോളും എന്ന് ഉത്തരം. പഞ്ചായത്തു പ്രസിഡന്റുൾപ്പെടെ ഉള്ളവർ റോഡ് വൃത്തിയാക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൂട്ടത്തോടെ പരിഹരിക്കുന്നു. എങ്ങും ശാന്തിയും സമാധാനവും.“

“ഇതു തികച്ചും സാങ്കല്പികം തന്നെ. ഇങ്ങനൊരു നാട് ഈ ലോകത്തിലെവിടെയെങ്കിലും കാണുമോ?”

“അവിടെയാണു നമ്മൾ ചിന്തിക്കേണ്ടത്. നമ്മൾ തന്നെയാണു നമ്മുടെ നാടിനെ നല്ലതും ചീത്തയുമാക്കുന്നത്. എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാൽ അതിനെ ഊതി പെരുപ്പിച്ചു വഷളാക്കി പരസ്പരം പോരടിക്കാനും പോരടിപ്പിക്കാനും ഒക്കെയാണ് ഇന്നു കൂടുതൽ പേരും ശ്രമിക്കുന്നത്. അതിനു പകരം ഓരോരുത്തരും തന്റെ ചുറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിച്ചു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചാൽ എല്ലാ നാടും ഇതുപോലെയാകും. നമ്മളെ ഒരുതരത്തിലും ബാധിക്കാത്ത വിഷയങ്ങളിൽ തലയിട്ട് അതിനെ നമ്മുടെ നാട്ടിലേക്കു കൊണ്ടുവന്നിട്ടു വ്യസനിച്ചിട്ടെന്താണു ഫലം. അമേരിക്കയിൽ ഒരു കലാപമുണ്ടായതിനു നമ്മുടെ ഗ്രാമത്തിലെ പെട്ടിക്കടക്കാരന്റെ കട കത്തിക്കുന്നവർക്ക് എന്തു വകതിരിവാണുള്ളത്..”

“നീ പറഞ്ഞു പറഞ്ഞു കാടു കയറാതെ ബാക്കി പറ.. ആരാ നായിക?”

“നമ്മുടെ ര‌മ്യാ നമ്പീശൻ. വലിയ റോളൊന്നുമില്ല. ഒരു സ്കൂ‍ൂൾ അദ്ധ്യാപികയായി..”

“എന്നിട്ട്?”

“ആ ഗ്രാമത്തിൽ ഒരു പോലീസ് സ്റ്റേഷനുണ്ട്.. അവിടെ നാലു പോലീസുകാരും. ഗ്രാമീണരെല്ലാം നല്ലവരായതിനാൽ സ്റ്റേഷനിൽ ഒരു കേസു പോലും വരുന്നില്ല. അതുകൊണ്ട് ആ സ്റ്റേഷൻ അടച്ചുപൂട്ടാനും അവിടുത്തെ പോലീസുകാർക്കു കലാപം നടക്കുന്ന മറ്റൊരിടത്തേക്കു സ്ഥലം മാറ്റം കൊടുക്കാനും അധികാരികൾ തീരുമാനിക്കുന്നു. ഇതറിഞ്ഞതോടെ പോലീസുകാർക്കു പേടിയായി. അവർ ആ ഗ്രാമത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി കള്ളകേസുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണു കഥ..”

“സംഭവം കൊള്ളാമല്ലോ!“

“വളിപ്പുകൾ കുറേ ഉണ്ടെങ്കിലും ഒരു രസത്തിനു കണ്ടിരിക്കാവുന്ന സിനിമയാണ്.. പിന്നെ ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നതു നമ്മുടെ പുരാതന ഋഷിമാർ പ്രാർത്ഥിച്ചിരുന്ന ഒരു മന്ത്രമാണ്..

“ഓം സഹ നാവവതു
സഹ നൌ ഭുനക്തു
സഹ വീര്യം കരവാവഹൈ
തേജസ്വി നാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ”

ഞങ്ങൾ ഒരുമിച്ചു രക്ഷിക്കപ്പെടട്ടെ.. ഞങ്ങൾ ഒരുമിച്ചു വിദ്യ അനുഭവിക്കാൻ ഇടയാവട്ടെ.. ഞങ്ങൾ അന്യോന്യം സഹായിച്ചും സഹകരിച്ചും പ്രവർത്തിക്കാൻ ഇടവരുത്തേണമേ.. ഞങ്ങളുടെ വിദ്യ ഫലവത്താകേണമേ.. ഞങ്ങളുടെ ഇടയിൽ കലഹം ഇല്ലാതാവട്ടെ.. ഞങ്ങൾക്കു ശാരീരികവും മാനസികവും ദൈവീ‍കവുമായ ശാന്തി ഉണ്ടാകട്ടെ..

Wednesday, 21 October 2015

Tangled (2010)


“ങാ..ഹാ.. ഇന്നു കൊച്ചുമോനുമായിട്ടാണല്ലോ അപ്പൂപ്പന്റെ വരവ്!! എന്താ മോന്റെ പേര്?”

“ശ്രീജിത്ത്..”

“ഭയങ്കര ബഹളക്കാരനാ.. ഇന്ന് എന്റെ കൂടെ വന്നേ തീരൂ എന്നു വാശിപിടിച്ചു പോന്നിരിക്കുവാ..”

“അതിനെന്താ.. നല്ലതല്ലേ.. മോന് ഞാൻ എന്താ വാങ്ങി തരിക? ഈ കടയിൽ ഏതെങ്കിലും കാർട്ടൂൺ സിനിമയുടെ സി.ഡി ഉണ്ടോന്നു നോക്കാം..”

“വേണ്ട രാഘവാ... ഒന്നും വേണ്ട..”

“ദാ.. ഇതു നല്ല സിനിമയാ.. Tangled.. ഞാൻ കണ്ടതാ..”

“നീ ഈ കാർട്ടൂൺ പടമൊക്കെ കാണുമോ?”

“കാർട്ടൂണിനെന്താ കുഴപ്പം.. ഇപ്പൊഴത്തെ ഹോളിവുഡ് കാർട്ടൂൺ സിനിമകളൊക്കെ സാധാരണ സിനിമകളെ വെല്ലുന്നവയല്ലേ.. നിനക്കൊന്നറിയാമോ.. അമേരിക്കയിലൊക്കെ Family Entertainment എന്നു പറഞ്ഞ് ഇറങ്ങുന്നവ മിക്കതും കാർട്ടൂൺ സിനിമകളാണ്..”

“എന്താ ഇതിന്റെ കഥ?”

“കുഞ്ഞിലെ നമ്മളൊക്കെ കേട്ടിട്ടുള്ള കഥ തന്നെ. പക്ഷേ സാങ്കേതിക തികവോടെ എടുത്തപ്പോൾ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഒരു സൃഷ്ടിയായി. ഒരു ദുർമന്ത്രവാദിനി വനത്തിനുള്ളിലെ കോ‍ട്ടയിൽ തടവിലാക്കിയ നീളൻ മുടിയുള്ള രാജകുമാരിയുടേയും അവരെ രക്ഷിക്കുന്ന യുവാവിന്റെയും കഥ..”

“ങാ.. ആ കഥ ഇവന്റെ കഥാ പുസ്തകത്തിൽ ഉണ്ടെന്നു തോന്നുന്നു..”

“തന്നെയുമല്ല.. നമ്മുടെ ഇന്ത്യൻ സിനിമകളുടെ പോലെ പാട്ടും ഡാൻസും ഒക്കെ ഇടകലർത്തിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു കുരുത്തംകെട്ട കുതിരയും ഈ സിനിമയിലുണ്ട്..”

“മോൻ ആ സി.ഡി വാങ്ങിച്ചോ.. നമുക്ക് വീട്ടിൽ ചെന്നു കാണാം.. എന്നാ ശരി രാഘവാ..”


Tuesday, 20 October 2015

Acha Din (2015)


“സബ് ദേശ് വാസിയോം കോ, അച്ഛാ ദിൻ... സബ് ദേശ് വാസിയോം കോ, അച്ഛാ ദിൻ...“

“രാഘവോ‍, എന്താ ഒരു മൂളിപ്പാട്ടൊക്കെ? ദേശഭക്തിഗാനമാണല്ലോ..”

“അതേ, ഞാൻ ഇന്നലെ കണ്ട പടത്തിലുള്ളതാ, അച്ഛാ ദിൻ.”

“നിനക്ക് ഈ ഹിന്ദി സിനിമകൾ മാത്രമേ കിട്ടൂ?”

“എടോ, ഇത് ഹിന്ദി അല്ല മലയാളം.. നമ്മുടെ മമ്മൂട്ടിപ്പടം.. പുള്ളി ഛാർഖണ്ഡുകാരനായി അഭിനയിക്കുന്നത്”

“എങ്ങനുണ്ടായിരുന്നു?”

“ഓ...”

“അതെന്താ ഒരു ഓ..?”

“ചിരിയില്ല, കരച്ചിലില്ല, ഉദ്വേഗജനകമായ സീനുകളോ എരിവും പുളിയുമോ ഒന്നും ഇല്ലാത്ത ഒരു പടം..”

“എന്തായാലും ഛാർഖണ്ഡുകാരനായി അഭിനയിക്കുമ്പോൾ അവിടുത്തെ ഭാഷയിൽ നാലു ഡയലോഗ് എങ്കിലും കാണാതിരിക്കുമോ?”

“അതും ഇല്ലടേ.. പുള്ളി കേരളത്തിൽ വന്നിട്ട് 20 വർഷമായി. അതുകൊണ്ട് മലയാളികളേക്കാൾ നന്നായി മലയാളം പറയും.”

“വേറെ ആരൊക്കെയുണ്ട് പടത്തിൽ?”

“നായിക ഏതോ ഹിന്ദിക്കാരിയാണെന്നു തോന്നുന്നു.. ഇവിടെങ്ങും കണ്ടിട്ടില്ല. പിന്നെ കുഞ്ചൻ ഒരു കുടിയനായ ചിത്രകാരനായി, മണിയൻപിള്ള രാജു പോലീസായി, പിന്നെ നമ്മുടെ പഴയ നടൻ രതീഷിന്റെ മകൻ പ്രധാന വില്ലനായി..”

"കഥ പറ..”

“മമ്മൂട്ടി ഒരു മാളിലെ തൂപ്പുകാരൻ. ഗർഭിണിയായ ഭാര്യയും ഒരു കൊച്ചു വീടും സൈക്കിളുമാണ് ആകെ സമ്പാദ്യം. കുഞ്ചൻ ആ മാളിലെ സന്ദർശകരുടെ ചിത്രം വരച്ചു ജീവിക്കുന്നു. കുടിച്ചു കൈ വിറയ്ക്കുമ്പോൾ മമ്മൂട്ടിയാണു ചിത്രം വരച്ചു കുഞ്ചനെ സഹായിക്കുന്നത്. ഒരു ദിവസം കുടിച്ചു ബഹളമുണ്ടാക്കി കുഞ്ചൻ പോ‍ലീസ് സ്റ്റേഷനിൽ ആകുന്നു. മമ്മൂട്ടി ഇറക്കാൻ ചെല്ലുന്നു. അവിടെ വച്ച് എസ്.ഐ മണിയൻപിള്ള രാജു, മമ്മൂട്ടിയുടെ കരണം പുകച്ചൊരു അടി കൊടുക്കുന്നു.”

“ഹൊ, അതു കുറച്ചു കടന്നു പോയില്ലേ.. സൂപ്പർ സ്റ്റാറിനെ തല്ലാമോ? എന്തിനാ തല്ലിയത്?”

“അതാണ് അതിലും രസം. നീ മാവോയിസ്റ്റ് ആണോയെന്ന് ഏമാൻ. അല്ല എന്നു മമ്മൂട്ടി. എന്നിട്ടും കൊടുത്തൊരടി. എന്നിട്ടൊരു ഡയലോഗും..’ആവരുത്..’“

“ഹഹഹ.. അതു കലക്കി. സാമൂഹിക പ്രതിബദ്ധതയുള്ള പടമാണെന്നു തോന്നുന്നല്ലോ?”

“ങാ.. കുറച്ചു കാര്യങ്ങളൊക്കെ സൂചിപ്പിക്കുന്നു.. മെട്രോയുടെ പണി കാരണം എറണാകുളത്തുള്ള ട്രാഫിക്ക് ബ്ലോക്കും അതിനു പരിഹാരമായി സൈക്കിളും.. പിന്നെ ആതുരസേവനം നടത്തുന്ന ഡോക്ടർമാർ സേവനം നിർത്തി സമരത്തിനിറങ്ങുന്നതിനേക്കുറിച്ച്.. പോലീസിലെ പുഴുക്കുത്തുകളും കെടുകാര്യസ്ഥതയും.. എന്നുവേണ്ട മുഖ്യമന്ത്രിയുടെ ജനസമ്പർക്കവും അങ്ങേർക്കു കിട്ടിയ കല്ലേറും വരെ സൂചിപ്പിക്കുന്നു..”

“പിന്നെ എന്തോ വേണം.. നീ ബാക്കി കഥ പറ”

“അങ്ങനെ അടി കിട്ടിയതോടെ മമ്മൂട്ടിക്ക് പോലീസിലുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നു. ഭാര്യയ്ക്ക് പ്രസവം അടുത്തതോടെ സർക്കാർ ആശുപത്രിയിൽ എത്തുമ്പോൾ അവിടെ ഡോക്ടർമാരുടെ സമരം.. ഉടനെ അത്യാസന്ന നിലയിൽ അവരെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നു. അതോടെ പ്രശ്നമായി. രണ്ടു മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപ വേണം. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്ക് ചെന്നു സഹായം ചോദിക്കാമെന്നു വച്ചപ്പോൾ അവിടെ ഭയങ്കര തിരക്ക്. മുഖ്യമന്ത്രിയെക്കാണാൻ പോലീസിന്റെ സഹായം ചോദിച്ചു ചെന്ന മമ്മൂട്ടിയെ മണിയമ്പിള്ള രാജു വീണ്ടും കളിയാക്കി വിടുന്നു. പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോ കാണിച്ചിട്ട് അവരെ പിടിച്ചു തന്നാൽ എത്ര പണം വേണമെങ്കിലും തരാം എന്നു പറയുന്നു പോലീസേമാൻ..”

“കൊള്ളാം.. എന്നിട്ട്..”

“എന്നിട്ടെന്താ.. അവിടെ നിന്നും വെളിയിലിറങ്ങിയ ഉടനെ അതാ പോകുന്നു ഒരു പിടികിട്ടാപ്പുള്ളി.. അവനെ പിന്തുടർന്നു ചെന്ന് അവരുടെ രഹസ്യമെല്ലാം മനസ്സിലാക്കി അവരെ ഇടിച്ചു പരുവമാക്കിയപ്പോഴാണ് അറിയുന്നത് സർക്കാരിൽ നിന്നും പണം കിട്ടാൻ വർഷങ്ങളെടുക്കുമെന്ന്. എന്തായാലും തീവ്രവാദികൾ സഹായിക്കാമെന്നേറ്റു. അങ്ങനെ ഭാര്യയുടെ പ്രസവം നടത്തി. അതു കഴിഞ്ഞപ്പോൾ മനഃസാക്ഷിക്കുത്തു തുടങ്ങി. തങ്ങൾക്ക് അഭയം നൽകിയ കേരളത്തെ ബോംബിട്ടു നശിപ്പിക്കുന്ന തീവ്രവാദികളെ പിടിച്ചേ അടങ്ങൂ എന്നും പറഞ്ഞു മമ്മൂട്ടി ഗോദയിലേക്കിറങ്ങുന്നു.”

“ഇനി ബാക്കി പറയണ്ട.. ഞാൻ ഊഹിച്ചോളം.. എന്നാൽ ശരി.. പിന്നെ കാണാം..”

Bang Bang (2014)

“എന്താ ശേഖരാ.. അറിയുമോ?”

“ഓ.. രാഘവനോ, എനിക്കിപ്പോൾ പഴയ പോലെ കണ്ണു പിടിക്കുന്നില്ലടോ! എല്ലാം ഒരു മങ്ങലാ..“

“മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു... കണ്ണടകൾ വേണം.. കണ്ണടകൾ വേണം..ഡോക്ടറെ കണ്ടില്ലേ?”

“ഓ.. ഇനി അതിലൊന്നും വലിയ കാര്യമില്ല്ല.. പ്രായം 72 ആയില്ലേടോ! അതിന്റെ ഫ്യൂസൊക്കെ പോയ മട്ടാ.. പണ്ടൊക്കെ സീ‍രിയലെങ്കിലും മര്യാദയ്ക്ക് കാണാമായിരുന്നു. ഇപ്പൊ അതും നടക്കുന്നില്ല.. നിന്റെ കാര്യം എങ്ങനൊക്കെയാ..”

“എനിക്ക് ദൈവം സഹായിച്ച് കണ്ണിനിപ്പൊഴും നല്ല കാഴ്ചയാ.. എന്റെ കൊച്ചുമോൻ എന്നും ഏതെങ്കിലും സി.ഡിയുമായി എത്തും. ഞാൻ അതിട്ടു കാണും. എന്തെങ്കിലും ഒരു എന്റെർടൈന്മെന്റ് വേണ്ടേടോ!“

“ഉം.. ഒരു സിനിമയൊക്കെ കണ്ടിട്ട് എത്ര കാലമായി!!“

“ഓ.. ഇപ്പൊഴത്തെ പടങ്ങളൊന്നും കാണാതിരിക്കുന്നതാ ഭേദം..“

“എന്നിട്ട് നീ ഇന്നലെ ഏതു സിനിമയാ കണ്ടത്?”

“ബാങ്ങ്-ബാങ്ങ്”

“അതെന്തോന്നാ.. ഇംഗ്ലീഷ് പടമാണോ?”

“അല്ല ഹിന്ദി.. നമ്മുടെ റോഷനും കത്രീനക്കൊച്ചും അഭിനയിച്ചത്!“

“കൊള്ളാമോ?”

“വെറും അടിയും ഇടിയും വെടിവയ്പും.. 25 ഗുണ്ടകൾ തുരുതുരാ വെടിവച്ചാലും നായകനു കൊള്ളില്ല.. തിരിച്ച് അങ്ങേർക്ക് ഓരോ ഉണ്ട മതി ഇവരെയൊക്കെ നിലമ്പരിശാക്കാൻ..”

“ഹഹഹ.. എന്നാലും രസമല്ലേ കണ്ടിരിക്കാൻ.. നീ അതിന്റെ കഥയൊന്നു പറ..”

“കഥയൊന്നും ഇല്ലടോ.. കുറേ കാറോട്ടവും വെടിവയ്പും.. എന്തൊക്കെയോ കാണിക്കുന്നു..”

“എന്നാലും പറ..”

“ലണ്ടനിലാണ് കഥ ആരംഭിക്കുന്നത്.. ഒരു ഇന്ത്യൻ പട്ടാളക്കാരൻ ജയിലിൽ കിടക്കുന്ന ഒരു പാകിസ്ഥാനി തീവ്രവാദിയെ കാണാൻ വരുന്നു. അങ്ങേർ തറയിലിരുന്ന് പിസാ തിന്നുകൊണ്ടിരിക്കുകയായിരുന്നു..”

“പിസാന്നു പറഞ്ഞാ‍ൽ, ഇല്ലെ വട്ടത്തിലിരിക്കുന്ന സാധനമല്ലേ.. എന്റെ കൊച്ചുമോൻ ഇടക്കിടയ്ക്ക് വീട്ടിൽ ബഹളമാ അതു വേണമെന്നു പറഞ്ഞ്. ജയിലിലൊക്കെ അതാ കൊടുക്കുന്നത്?”

“ആയിരിക്കുമെടോ.. ഇവിടെയും നമ്മൾ കുറ്റവാളികൾക്ക് ബിരിയാണി വച്ച് കൊടുക്കാറില്ലേ!!“

“ഉം.. എന്നിട്ട്..”

“ആ ഇന്ത്യൻ പട്ടാളക്കാരൻ കുറ്റവാളിയോട് തകർപ്പൻ ഡയലോഗുകളും പറഞ്ഞ് നിൽക്കുമ്പോൾ തീവ്രവാദിയുടെ ആൾക്കാർ അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ എല്ലാം കൊന്ന് അയാളെ രക്ഷിക്കാൻ എത്തുന്നു. തീവ്രവാദി പട്ടാളക്കാരനെ വെടി വച്ചു കൊല്ലുന്നു. അവിടെ പടം ആരംഭിക്കുന്നു.”

“കൊള്ളാമല്ലോ കഥ.. ദേശഭക്തി ഉണർത്തൂന്ന  സംഭവമാണല്ലോ..”

“ദേശഭക്തിയൊക്കെ ഇതോടെ തീർന്നു.. അതിനു ശേഷം കഥ വേറെ രീതിയിലാ.. ഈ തീവ്രവാദിക്ക് നമ്മുടെ നാട്ടിൽ നിന്നും ബ്രിട്ടീഷുകാർ അടിച്ചുമാറ്റിയ കോഹിന്നൂർ രത്നം തട്ടിയെടുക്കാൻ ആഗ്രഹം.. അതും ഒരു ഇന്ത്യക്കാരൻ തന്നെ ചെയ്യണം.. അങ്ങനെ നമ്മുടെ നായകൻ എത്തുന്നു. രത്നം അടിച്ചുമാറ്റുന്നു. അടിച്ചുമാറ്റിയ രത്നം നായകൻ തീവ്രവാദിയുടെ ആൾക്കാർക്ക് കൈമാറുന്നില്ല.. അതോടെ അവർ നായകനെ കൊല്ലാൻ ശ്രമിക്കുന്നു.”

“നായിക ഇതുവരെ വന്നില്ലേ?”

“നായികയുടെ കാര്യം പറയാതിരിക്കുകയാ ഭേദം. അതിനെ കാണിച്ചപ്പോൾ എന്റെ ശരീരം പോലും തണുത്തു വിറച്ചു പോയി. നമ്മൾ പണ്ടൊക്കെ മുട്ടുവരെ പാവാടയുമിട്ട് ഇറങ്ങിയിരിക്കുന്നു എന്നു പറഞ്ഞു പെൺകുട്ടികളെ വഴക്കു പറയാറില്ലേ.. ഇന്ന് അതു മാറി. തുടയുടെ പകുതിയായി പാവാടയുടെ ഇറക്കം. അതും കൊടും തണുപ്പുള്ള സിം‌ലയിലോ മറ്റോ ആണ് ജീവിക്കുന്നത്.“

“തൊലിക്കട്ടി കൂടുതലായിരിക്കും.”

“എന്തായാലും നമ്മുടെ നായിക ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ്. അമ്മൂമ്മയുടെ കൂടെയാണ് ജീവിതം. അവൾക്ക് കാമുകന്മാർ ഒന്നും ഇല്ല എന്ന വിഷമം മാത്രമേയുള്ളൂ അമ്മൂമ്മയ്ക്ക്.“

“നല്ല അമ്മൂമ്മ..”

“അമ്മൂമ്മയുടെ നിർബന്ധം കൂടിയപ്പോൾ നായിക ഓൺലൈനിൽ അപേക്ഷ കൊടുത്തു.”

“അതുകൊള്ളാമല്ലോ. അതിനും അപേക്ഷ കൊടുക്കാമോ?”

“എന്തായാലും, അപേക്ഷിച്ച പ്രകാരം കാമുകനെ കാണാൻ പോകുന്ന നമ്മുടെ നായിക നായകനെ കണ്ടുമുട്ടുന്നു. അയാൾ തന്റെ കാമുകനാണെന്നു തെറ്റിദ്ധരിക്കുന്നു. ഇതിനിടയിൽ തീവ്രവാദിയുടെ ആൾക്കാർ നായകനുമായി സംഘട്ടനം നടത്തുന്നു.. വെടി വയ്പ്, അടി.. കാറോട്ടം.. നായികയോടൊപ്പം നായകൻ ഒളിസങ്കേതത്തിലെത്തുന്നു.. നായകൻ ഒരു കള്ളനാണെന്നു തിരിച്ചറിഞ്ഞിട്ടും നായിക അയാളോടൊപ്പം നിൽക്കുന്നു. പിന്നെ വില്ലനെ തിരഞ്ഞുള്ള പരക്കം പാച്ചിലാണ്. അവസാനം നായകൻ വില്ലൻ തീവ്രവാദിയെ കണ്ടു മുട്ടുന്നു. ആദ്യം മരിച്ച പട്ടാളക്കാരന്റെ സഹോദരനാണു നായകൻ എന്നു മനസ്സിലാകുന്നു.. പ്രതികാരത്തിനായി ഇന്ത്യൻ പട്ടാളം അയച്ചതാണ്. രത്നം വെറും ഡ്യൂപ്ലിക്കേറ്റായിരുന്നു. നായകൻ വില്ലനെ കൊല്ലുന്നു. എല്ലാം ശുഭം..”

“ഇത്രയേ ഉള്ളോ? ഒരു പൊട്ട പടമാണല്ലോ!”

“എന്താ ഇതു പോരേ. എടോ, ഇതുപോലുള്ള പടങ്ങളിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. നായകന്റെയും വില്ലന്മാരുടെയും അഭ്യാസരംഗങ്ങളും നായികയുടെ ഗ്ലാമറും പിന്നെ സിനിമയിൽ കാണിക്കുന്ന പ്രദേശത്തിന്റെ സൌന്ദര്യവുമൊക്കെ കണ്ടു തന്നെ അറിയണം. എന്നാൽ പോട്ടേ.. പിന്നെ കാണാം..”

“ശരി..”